ആദ്യ ഹജ്ജ് സംഘം 29ന് എത്തും; താത്കാലിക ഹജ്ജ് ക്യാമ്പില്‍ പ്രത്യേക ടെര്‍മിനല്‍

Posted on: September 24, 2016 8:39 am | Last updated: September 24, 2016 at 12:04 pm
SHARE

hajj 2016നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തുന്ന ഹാജിമാരെ സഹായിക്കുന്നതിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്ന് താത്കാലികമായി പ്രവര്‍ത്തിച്ചിരുന്ന ഹജ്ജ് ക്യാമ്പില്‍ പ്രത്യേക ടെര്‍മിനല്‍ പ്രവര്‍ത്തിക്കും. വിമാനത്താവളത്തിലെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറാണ് പ്രത്യേക ടെര്‍മിനലായി പ്രവര്‍ത്തിക്കുന്നത്..
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക സര്‍വീസുകളില്‍ എത്തുന്ന ഹാജിമാരെ വിമാനത്താവളത്തില്‍ നിന്നും പ്രത്യേകമായി തയ്യറാക്കിയ വാഹനത്തില്‍ ടെര്‍മിനലില്‍ എത്തിക്കും. ഇവിടെ വെച്ച് പരിശോധനകള്‍ പൂര്‍ത്തീകരിച്ച് ഹാജിമാര്‍ വീട്ടിലേക്ക് തിരിക്കും.
ഈ മാസം 29നാണ് ഹാജിമാരുടെ ആദ്യ സംഘം കൊച്ചിയില്‍ മടങ്ങിയെത്തുന്നത്. യാത്രക്കാര്‍ക്കും ഹാജിമാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലാണ് നിലവിലെ അന്താരാഷ്ട്ര ടെര്‍മിനലുകളെ കൂടാതെ മറ്റൊരു ടെര്‍മിനല്‍ ഹാജിമാര്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഹാജിമാരെ സഹായിക്കുന്നതിനായി കസ്റ്റംസ്, എമിഗ്രേഷന്‍ തുടങ്ങിയ പരിശോധനകള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍ ക്രമീകരിക്കും. ഹാജിമാരുമായി എത്തുന്ന വിമാനം ഹാങ്കറിന് സമീപമുള്ള ടാക്‌സി ബേയില്‍ എത്തിക്കും. അവിടെ നിന്നും പ്രത്യേക ബസുകളില്‍ മെയിന്റനന്‍സ് ഹാങ്കറിലേക്ക് വിമാനം പ്രവേശിക്കുന്ന ഗെയിറ്റിലൂടെ ഹാജിമാരെ ഹാങ്കറില്‍ എത്തിക്കും.
ഹജ്ജ് ക്യാമ്പിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം വളണ്ടിയര്‍മാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ഹാജിമാരെ ബാഗേജുകള്‍ സഹിതം ഹാങ്കറിന് പുറത്ത് ബന്ധുക്കളുടെ സമീപത്തേക്ക് വളണ്ടിയര്‍മാര്‍ എത്തിച്ചുനല്‍കും. ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി എത്തിച്ചിട്ടുള്ള സംസം വെള്ളവും ടെര്‍മിനലില്‍ വെച്ച് വിതരണം ചെയ്യും.
മദീന വിമാനത്താവളത്തില്‍ നിന്നാണ് സംസ്ഥാനത്ത് നിന്നുള്ള ഹാജിമാര്‍ നാട്ടിലേക്ക് മടങ്ങുന്നത്.
കേരളത്തില്‍ നിന്നുള്ള 10,268 പേരും ലക്ഷദ്വീപില്‍ നിന്ന് 289 പേരും മാഹിയില്‍ നിന്ന് 28 പേരും അടക്കം 10,585 പേരാണ് ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നിന്നും യാത്രയായിരുന്നത്.
ഇതില്‍ എട്ട് പേര്‍ മക്കയില്‍ വച്ച് മരണപ്പെട്ടിട്ടുണ്ട്. 29 മുതല്‍ 15 ദിവസങ്ങളിലായി സഊദി എയര്‍ലൈന്‍സിന്റെ 24 വിമാനങ്ങളിലായാണ് ഹാജിമാര്‍ മടങ്ങിയെത്തുന്നത്. ഒക്ടോബര്‍ 14 വരെയാണ് മടക്കയാത്ര്. ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്കയാത്രയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കഴിഞ്ഞ ദിവസം സിയാലില്‍ പ്രത്യേക യോഗം നടന്നിരുന്നു.
യോഗത്തില്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍, എമിഗ്രേഷന്‍, കസ്റ്റംസ്, പോലീസ്, ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.