മാധ്യമ പ്രവര്‍ത്തകന്റെ വധം: ലാലുവിന്റെ മകന് സുപ്രീം കോടതി നോട്ടീസ്

Posted on: September 24, 2016 9:22 am | Last updated: September 24, 2016 at 9:22 am
SHARE

ന്യൂഡല്‍ഹി: ബീഹാറിലെ മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതക കേസില്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ സി ബി ഐക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ രാജ്‌ദേവ് രഞ്ജന്റെ കുടുംബത്തിന് സുരക്ഷയൊരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
കേസുമായി ബന്ധപ്പെട്ട് ബീഹാര്‍ ആരോഗ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവിനും ആര്‍ ജെ ഡി നേതാവ് മുഹമ്മദ് ശഹാബുദീനും നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
കേസ് അന്വേഷണവും വിചാരണാ നടപടികളും ബീഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് രഞ്ജന്റെ ഭാര്യ സമര്‍പ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഈ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. കേസില്‍ ഒക്‌ടോബര്‍ 17നകം തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സി ബി ഐയോട് ആവശ്യപ്പെടുകയും ചെയ്തു. രഞ്ജന്റെ ഭാര്യ ആശക്കും കുടുംബത്തിനും സംരക്ഷണം നല്‍കാന്‍ സിവാന്‍ പോലീസിനാണ് നിര്‍ദേശം നല്‍കിയത്.
മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന ഷാര്‍പ്പ് ഷൂട്ടര്‍ മുഹമ്മദ് കൈഫുമൊത്തുള്ള തേജ് പ്രതാപിന്റെയും ശഹാബുദീന്റെയും ഫോട്ടോ നേരത്തെ പുറത്തുവന്നിരുന്നു. ഇതില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കോടതി ഇരുവര്‍ക്കും നോട്ടീസ് അയച്ചത്. വിവാദ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെയാണ് കൊല്ലപ്പെട്ട രഞ്ജന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ ശഹാബുദീന് പങ്കുണ്ടെന്ന് നേരത്തെ ആശ ആരോപിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here