Connect with us

National

മെഡിക്കല്‍ പ്രവേശനം: ഏകീകൃത കൗണ്‍സലിംഗ് വേണമെന്ന് ആവശ്യം

Published

|

Last Updated

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശത്തിന് കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ നടത്തിയ കൗണ്‍സലിംഗ് റദ്ദാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശത്തിന് ഏകീകൃത കൗണ്‍സലിംഗ് വേണമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കേന്ദ്രം സമര്‍പ്പിച്ച അപ്പീലിന് പുറമെ ഇതേ ആവശ്യം ഉന്നയിച്ച് മഹാരാഷ്ട്ര സര്‍ക്കാറും സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
അമ്പത് ശതമാനം സീറ്റില്‍ കൗണ്‍സിലിംഗ് നടത്താന്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് ബോംബെ ഹൈക്കോടതി നല്‍കിയ അനുമതിക്കെതിരെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. മുഴുവന്‍ മെഡിക്കല്‍ സീറ്റിലേക്കും ഏകീകൃത കൗണ്‍സലിംഗ് വേണമെന്നും ഈ വിഷയത്തില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി തെറ്റും പിഴവ് നിറഞ്ഞതുമാണെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വാദിച്ചു. കേന്ദ്ര സര്‍ക്കാറിന്റെയും മഹാരാഷ്ട്ര സര്‍ക്കാറിന്റെയും ഹരജികള്‍ അടുത്ത തിങ്കളാഴ്ച സുപ്രീം കോടതി ഒരുമിച്ച് പരിഗണിക്കും
അതേസമയം, മെഡിക്കല്‍ പ്രവേശത്തിന് ഏകീകൃത കൗണ്‍സലിംഗ് നടത്തണമെന്ന നിലപാടിനോട് കേരളം യോജിക്കുന്നുണ്ടെന്നും ഏകീകൃത ഫീസ് നിലവില്‍ വരികയാണെങ്കില്‍ മെറിറ്റിന്റെ ഘടനയില്‍ മാറ്റം വരുമോയെന്ന ഉത്കണ്ഠ നിലനില്‍ക്കുന്നുണ്ടെന്നും സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. കേന്ദ്ര നിലപാടിനെതിരെ സംസ്ഥാനത്തെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ രംഗത്തുവന്നിട്ടുണ്ട്. ഈ മാസം മുപ്പതിന് പ്രവേശന നടപടികളെല്ലാം പൂര്‍ത്തിയാകാനിരിക്കുന്ന സമയത്താണ് കേന്ദ്രം അപ്പീല്‍ നല്‍കിയതെന്നും ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാറിന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പ്രതികരിച്ചു.