Connect with us

Kerala

ഉറി ഭീകരാക്രമണം രാജ്യം മറക്കില്ല; തക്കതായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി

Published

|

Last Updated

കോഴിക്കോട്: പാക്കിസ്ഥാനെ ശക്തമായ ഭാഷയില്‍ കടന്നാക്രമിച്ചും താക്കീത് നല്‍കിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി ജെ പി ദേശീയ കൗണ്‍സിലിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിലാണ് പാക്കിസ്ഥാനെ മോദി വിമര്‍ശനങ്ങള്‍ കൊണ്ട് മൂടിയത്. ഉറി ഭീകരാക്രമണത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടിയായിരുന്നു കോഴിക്കോട്ടേത്.
ആദ്യം പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെയും പിന്നീട് പേരെടുത്ത് പറഞ്ഞും 45 മിനുട്ടോളം നീണ്ട പ്രസംഗത്തില്‍ മോദി വൈകാരികമായ മറുപടിയാണ് നല്‍കിയത്. ഉറി ഭീകരാക്രമണം ഇന്ത്യന്‍ ജനത മറക്കില്ല. രാജ്യത്തിന്റെതായ രീതിയില്‍ തക്ക സമയത്ത് ഇതിന് മറുപടി നല്‍കും. ആഗോള ഭീകരവാദത്തിന്റെ ഉറവിടമായും ഭീകരവാദികളുടെ അഭയ കേന്ദ്രമായും പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍ ഭീകരത പടര്‍ത്തുകയും ഭീകരവാദികളെ ലോകത്തെല്ലായിടത്തേക്കും കയറ്റുമതി ചെയ്യുകയുമാണ്. അതേസമയം, ഇന്ത്യ വിവര സാങ്കേതിക വിദ്യയാണ് കയറ്റുമതി ചെയ്യുന്നത്. രാജ്യം എന്നും തീവ്രവാദത്തിന്റെ ഇരയാണ്. എന്നാല്‍, ഒരിക്കലും ഭീകരര്‍ക്ക് മുമ്പില്‍ ഇന്ത്യ മുട്ടുമടക്കില്ല- പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
21ാം നൂറ്റാണ്ട് ഏഷ്യയുടേതാണ്. ഏഷ്യയിലെ മുഴുവന്‍ രാജ്യങ്ങളും പുരോഗതിക്കായി ശ്രമിക്കുന്നു. എന്നാല്‍, ഒരു രാജ്യം മാത്രം മാറിനിന്ന് ഹിംസയും ഭീകരവാദവും പരത്തുന്നു. അവര്‍ രക്തപ്പുഴ ഒഴുക്കുന്നു. കൂട്ടക്കൊല നടത്തുന്നു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി ഏഷ്യയില്‍ എവിടെ ഭീകരാക്രമണമുണ്ടായാലും കുറ്റവാളികള്‍ ഈ രാജ്യത്തുള്ളവരാകുന്നു. ചിലപ്പോള്‍ നേരിട്ട് ഭീകരവാദം നടത്തുന്നു. അല്ലെങ്കില്‍ ബിന്‍ലാദനെ പോലുള്ള തീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കുന്നു. കേരളത്തിലുള്ളവര്‍ക്ക് അതറിയാം. അവര്‍ ഭീകരതയുടെ ദുരിതം അനുഭവിച്ചവരാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഭീകരരുടെ പിടിയിലകപ്പെട്ട മലയാളി നഴ്‌സുമാരെ കേന്ദ്ര സര്‍ക്കാര്‍ ശക്തായ ഇടപെടലിലൂടെ മോചിപ്പിച്ച് അവരുടെ മാതാപിതാക്കളുടെ കൈകളില്‍ എത്തിക്കുകയായിരുന്നു- മോദി പറഞ്ഞു.
പാക് ഭരണകൂടത്തിന്റെ തണലിലെത്തിയാണ് ഭീകരര്‍ ഉറിയില്‍ 18 ഇന്ത്യന്‍ സൈനികരെ വധിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ 17 തവണ ഭീകരര്‍ നമ്മുടെ അതിര്‍ത്തികളിലൂടെ കടന്നുവരാന്‍ ശ്രമിച്ചു. സൈന്യം അത് വിജകരമായി തടഞ്ഞു. സൈനികരുടെ ഈ ചെറുത്തുനില്‍പ്പ് 125 കോടി വരുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് അഭിമാനം നല്‍കുന്നതാണെന്നും മോദി പറഞ്ഞു.
“പാക്കിസ്ഥാനിലെ നേതാക്കളോട് ഒന്നും പറയുന്നില്ല. എന്നാല്‍, അവിടത്തെ ജനങ്ങളോട് ഞാന്‍ പറയുന്നു. 1947ലെ വിഭജനത്തിന് മുമ്പ് ജീവിച്ചിരുന്നവരുടെ പിന്‍ഗാമികളോട് ഞാന്‍ പറയുന്നു. പാക് അധീന കശ്മീരും ബംഗ്ലാദേശും നിങ്ങുടെ കൈയിലായിരുന്നു. എന്തുകൊണ്ട് ഇവ ശരിയായ കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല. സിന്ധും ബലൂചിസ്ഥാനും നേരായ രൂപത്തില്‍ കൊണ്ടുപോകാന്‍ കഴിയാത്ത ഭരണകൂടം കശ്മീരിലെ കാര്യങ്ങള്‍ പറഞ്ഞ്, പാട്ടുപാടി പാക്കിസ്ഥാനിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആയിരം കൊല്ലം യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന് അവര്‍ പറയുന്നു. എന്നാല്‍, ഇന്ത്യ ആ വെല്ലുവിളി ഏറ്റെടുക്കുന്നു. രണ്ട് രാജ്യങ്ങളിലെയും ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവ ആദ്യം ആര് ഇല്ലാതാക്കുമെന്ന കാര്യത്തില്‍ യുദ്ധം ചെയ്യാം. വിദ്യാഭ്യാസ പുരോഗതിയുടെ കാര്യത്തില്‍ നമുക്ക് യുദ്ധം ചെയ്യാം. ശിശുമരണ നിരക്ക് കുറക്കാനായി യുദ്ധം ചെയ്യാം. പാക് ജനത അവിടത്തെ സര്‍ക്കാറിനെതിരെ യുദ്ധം ചെയ്യുന്ന കാലം വരും”- മോദി പറഞ്ഞു.
കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനിടെ നിരവധി ജനസംഘിന്റെയും ബി ജെ പിയുടെയും പ്രവര്‍ത്തകര്‍ ബലിദാനികളായി. അവരുടെ ആത്മസമര്‍പ്പണം രാജ്യത്തെ ബി ജെ പി പ്രവര്‍ത്തകര്‍ക്കെല്ലാം പ്രേരണ നല്‍കുന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Latest