യുദ്ധം ക്രിക്കറ്റ് മാച്ചല്ല

Posted on: September 24, 2016 6:00 am | Last updated: September 23, 2016 at 11:36 pm
SHARE

SIRAJഉറി ആക്രമണത്തിന് എതുതരത്തില്‍ മറുപടി നല്‍കണം? ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തിന് ലാഘവത്തോടെ സമീപിക്കാവുന്ന ഒന്നായിരുന്നില്ല ഈ ചോദ്യം. പതഞ്ഞുപൊങ്ങുന്ന സമ്മര്‍ദങ്ങള്‍ക്കും അവധാനതയോടെ നോക്കേണ്ട സൈനിക നീക്കങ്ങള്‍ക്കും ഇടയില്‍ സ്തംഭിച്ചു നില്‍ക്കാനും കഴിയുമായിരുന്നില്ല. ഏതായാലും ‘ശരിയായ സമയത്ത് ശരിയായ തിരിച്ചടി’ എന്ന ഇപ്പോഴത്തെ നിലപാടിനെ ചരിത്രം ശരിവെക്കുമെന്ന് തന്നെയാണ് കരുതേണ്ടത്. നാടിന്റെ ആത്മബോധത്തെ മുറിപ്പെടുത്തിയ ഉറിക്ക് പിറകെ യുദ്ധത്തിലേക്ക് എടുത്തുചാടുന്നില്ലെന്ന തീര്‍പ്പിന് വലിയ ഇച്ഛാശക്തി ഭരണകൂടത്തിന് ആവശ്യമുണ്ടായിരുന്നു. വലിയ തോതില്‍ ഉത്പാദിപ്പിക്കപ്പെട്ട യുദ്ധരതിയെ തിരസ്‌കരിച്ചുകൊണ്ടാണ് ഇങ്ങനെയൊരു നിലപാടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തിയത്.
പാക്കിസ്ഥാനെതിരെ ഒരു യുദ്ധം തത്വത്തില്‍ അംഗീകരിച്ച മട്ടായിരുന്നു. അങ്ങനെയൊരു പ്രതീതിയും പൊതുബോധവും രൂപപ്പെട്ടുവന്നു. തിരിച്ചടിക്കാന്‍ ജനരോഷവും സൈനിക രോഷവുമുണ്ടെന്ന് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. ആള്‍ക്കൂട്ടത്തിന് എന്തുമാകാമല്ലോ. യുദ്ധപ്പനി പടര്‍ത്താം. സൈന്യത്തിന് സ്വാതന്ത്ര്യം കൊടുക്കൂ എന്നാര്‍ത്തുവിളിക്കാം. ഇനിയും ശത്രുരാജ്യത്തിന് പ്രേമലേഖനങ്ങളെഴുതുന്നോ എന്ന് ക്ഷോഭിക്കാം. പക്ഷേ, ഒരു രാഷ്ട്ര നേതൃത്വത്തിന് നിരവധി കാര്യങ്ങള്‍ പരിഗണിക്കാതെ ഒരു ചോരക്കളിയിലേക്ക് ചാടിയിറങ്ങിക്കൂടാ. യുദ്ധത്തിന് പറ്റുന്ന ഒരു സാഹചര്യമാണോ എന്ന് നൂറുവട്ടം ആലോചിക്കണം. അനുഭവം, കീഴ്‌വഴക്കം, പ്രത്യാഘാതം തുടങ്ങിയവ ആരായണം.
ഇന്ത്യയുടെ പാരമ്പര്യം ഒരിക്കലും യുദ്ധോത്സുകമായിരുന്നില്ല എന്നത് പ്രധാനമാണ്. സമാധാന മാര്‍ഗത്തിലൂടെ വികസിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്ത ഒന്നാണ് അത്. നാല് തവണ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധം അരങ്ങേറിയിട്ടുണ്ട്. എന്നാല്‍, അത് ഇരു രാജ്യങ്ങള്‍ക്കും എന്ത് അവശേഷിപ്പിച്ചു? വലിയൊരു വിഭാഗം ജനത പട്ടിണിയിലും ദാരിദ്ര്യത്തിലും ഉഴറുമ്പോള്‍ നമ്മുടെ ധനവും സമ്പത്തും വിഭവശേഷിയും വിനിയോഗിക്കുന്നതില്‍ മുന്‍ഗണന എന്തിന് നല്‍കണം എന്നതും പ്രധാനമല്ലേ?
യുദ്ധം ക്രിക്കറ്റ് മാച്ചല്ല. ആരവങ്ങളിലും ആഹ്ലാദങ്ങളിലും അത് അവസാനിക്കുന്നില്ല. മാത്രമല്ല, ഇനിയൊരു വട്ടം അത് പഴയപോലെയായിരിക്കുകയുമില്ല. ഇന്ത്യന്‍ സൈനിക നടപടി വലിയ ആയുധശേഷിയുള്ള അയല്‍രാജ്യവുമായി ഒരു തുറന്ന യുദ്ധത്തിനായിരിക്കും വഴിയൊരുക്കുക. ഇരുകൂട്ടരും ജയിക്കാത്ത യുദ്ധം. ആയുധക്കമ്പനികള്‍ മാത്രം തോല്‍ക്കാതിരിക്കുന്ന പോരാട്ടം. ഈ സംഘര്‍ഷം മോഹിപ്പിക്കുന്ന ചിലരുണ്ട് ലോകത്ത്. യുദ്ധഭൂമിയെ സാധ്യതയായി കാണുന്ന ശക്തികള്‍. ഒരുപക്ഷേ, രണ്ട് കൂട്ടര്‍ക്കും ആയുധങ്ങള്‍ നല്‍കുന്നത് അവരായിരിക്കും. യുദ്ധവിപണിക്ക് തോക്കേന്തി നില്‍ക്കുന്ന അതിര്‍ത്തികളും കുരുതിക്കളമായി നില്‍ക്കുന്ന തര്‍ക്കഭൂമികളും വേണം. അതവരുടെ താത്പര്യമാണ്. നമ്മുടെതല്ല.
പാക്കിസ്ഥാനും ഒരാണവ രാജ്യമാണ്. ആയുധക്കൂമ്പാരത്തിന് മുകളില്‍ അടയിരിക്കുന്ന അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ആത്യന്തികമായി എന്തായിരിക്കും സമ്മാനിക്കുക എന്ന് പറയേണ്ടതില്ലല്ലോ. പുതിയ സമവാക്യങ്ങള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ ചൈനയില്‍ വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട് അവിടുത്തെ രാഷ്ട്രീയ നേതൃത്വവും സൈനിക നേതൃത്വവും. ചൈനയുടെ രാഷ്ട്രീയ സാമ്പത്തിക താത്പര്യങ്ങള്‍ പാക്കിസ്ഥാന് കവചമൊരുക്കുന്നുണ്ട് എന്നതും കാണാതിരിക്കരുത്. പ്രഖ്യാപിത യുദ്ധമില്ലാതിരിക്കെ തന്നെ സംഘര്‍ഷഭരിതമായ അതിര്‍ത്തി തന്നെ ഇന്ത്യക്കും പാക്കിസ്ഥാനും സമ്മാനിക്കുന്ന ബൃഹത്തായ ബാധ്യതകള്‍ ഓര്‍ക്കണം. ദേശീയ ബജറ്റിന്റെ വലിയൊരു ഭാഗം സൈനിക സന്നാഹങ്ങള്‍ക്കും മറ്റുമായി വിനിയോഗിക്കേണ്ടിവരുന്നു. ജനങ്ങളുടെ ക്ഷേമത്തിന് വിനിയോഗിക്കേണ്ട വിഭവശേഷിയാണല്ലോ ഇങ്ങനെ ചെലവഴിക്കുന്നത്.
ദേശീയതയും യുദ്ധവും കെട്ടുപിണഞ്ഞുകിടക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ യുദ്ധജ്വരത്തിന് നല്ല മാര്‍ക്കറ്റുണ്ട്. ആ നിലക്ക് ബ്ലോഗെഴുതുന്ന സിനിമക്കാര്‍ക്ക് ദേശസ്‌നേഹം പ്രകടിപ്പിക്കാന്‍ പറ്റിയത് യുദ്ധോത്സുകത പ്രസരിപ്പിക്കല്‍ തന്നെയാണ്. സുരക്ഷിതമായ സൈറ്റുകളിലിരുന്ന് വികാരം വിജ്രംഭിപ്പിക്കുന്നവര്‍ക്ക് പട്ടാളക്കാരന്റെയോ അവരുടെ ബന്ധുക്കളുടെയോ മനസ്സറിയില്ല. ഒരു പട്ടാളക്കാരന്റെ അമ്മയും ഭാര്യയും ഉറ്റ ബന്ധുവും യുദ്ധം ആഗ്രഹിക്കുന്നില്ല. സുരക്ഷിതമായ അതിര്‍ത്തികളും നല്ല അയല്‍ ബന്ധങ്ങളുമാണ് അവരുടെ പ്രാര്‍ഥന. ഓരോ യുദ്ധത്തിലും നഷ്ടപ്പെട്ട മനുഷ്യജീവനും നശിപ്പിക്കപ്പെട്ട സ്വത്തും അനാഥരാക്കപ്പെട്ട ബാല്യങ്ങളും വിധവകളാക്കപ്പെട്ട സ്ത്രീകളും ഇടം നഷ്ടപ്പെട്ട് അഭയാര്‍ഥികളായവരും ലോകത്തിന് മുന്നില്‍ നിരന്നു നില്‍ക്കേ എങ്ങനെയാണ് മനുഷ്യര്‍ക്ക് യുദ്ധത്തിന് വേണ്ടി വാദിക്കാന്‍ കഴിയുന്നത്? സമാധാനത്തിന് വേണ്ടി വാദിക്കുക; യുദ്ധത്തിന് വേണ്ടിയല്ല. നയതന്ത്ര യത്‌നങ്ങളും തുറസ്സ് നല്‍കുന്ന ചര്‍ച്ചകളും തന്നെയാണ് പരിഹാരം.

LEAVE A REPLY

Please enter your comment!
Please enter your name here