Connect with us

National

വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് വാട്ട്‌സ്ആപ്പിനോട് ഡല്‍ഹി ഹൈക്കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ പ്രമുഖ സന്ദേശ കൈമാറ്റ സംവിധാനമായ (ഇന്‍സ്റ്റന്റ് മെസേജിംഗ് ദാതാക്കള്‍) വാട്ട്‌സ് ആപ്പിനോട് വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കണമന്ന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് ജി രോഹിണി അധ്യക്ഷയായ ബെഞ്ചാണ് വാട്ട്‌സ്ആപ്പിന് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഉപയോക്താക്കളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതിനെതിരെ രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.
എന്നാല്‍, നാളെ മുതല്‍ നിലവില്‍ വരുന്ന പുതിയ സ്വകാര്യതാ നയവുമായി മുന്നോട്ടുപോകാന്‍ വാട്ട്‌സ്ആപ്പിന് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. വാണിജ്യ, പരസ്യ വിപണന ആവശ്യത്തിനായി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കിടാന്‍ അനുവദിക്കുന്നതാണ് വാട്ട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം. ഇതില്‍ ഉപയോക്താവിന്റെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള ഫോണ്‍ നമ്പറുകളും ഉള്‍പ്പെടും. എന്നാല്‍ തങ്ങളുടെ ആപ്പ് ഉപയോഗിക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്ന് വാട്ട്‌സ്ആപ്പ് അധികൃതര്‍ കോടതിയില്‍ വ്യക്തമാക്കി.
ഈ മാസം 25ന് മുമ്പുള്ള ഉപയോക്താക്കളുടെ വ്യക്തിഗതാ വിവരങ്ങള്‍ കൈമാറാന്‍ പാടില്ല. വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഡിലിറ്റ് ചെയ്തവരുടെ വിവരങ്ങള്‍ സംരക്ഷിക്കണമെന്നും അവ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും വ്യക്തമാക്കിയ കോടതി വാട്ട്‌സ്ആപ്പ് അടക്കമുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ദാതാക്കളെ നിലവിലുള്ള നിയമങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഇന്ത്യ (ട്രായ്) എന്നിവരോട് ആവശ്യപ്പെട്ടു.
വ്യക്തിഗത വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറുന്നത് സംബന്ധിച്ച തങ്ങളുടെ പുതിയ വ്യവസ്ഥകളും നിബന്ധനകളും സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ആഗസ്ത് 25ന് വാട്ടസ്ആപ്പ് അതിന്റെ ഉപയോക്താക്കള്‍ക്ക് സന്ദേശമയച്ചിരുന്നു.