15,000 സിറിയന്‍ അഭയാര്‍ഥികളെ യു എ ഇ സ്വീകരിക്കും: മന്ത്രി റീം അല്‍ ഹാശിമി

Posted on: September 23, 2016 4:35 pm | Last updated: September 23, 2016 at 4:35 pm
SHARE

reemദുബൈ: അടുത്ത അഞ്ചു വര്‍ഷംകൊണ്ട് 15,000 സിറിയന്‍ അഭയാര്‍ഥികളെ യു എ ഇ സ്വീകരിക്കും. കടുത്ത പ്രയാസവും പ്രതിസന്ധികളും നേരിടുന്ന അഭയാര്‍ഥികളുടെ പൂര്‍ണ ഉത്തരവാദിത്വമാണ് യു എ ഇ ഏറ്റെടുക്കുകയെന്ന് യു എ ഇ രാജ്യാന്തര സഹകരണ സഹമന്ത്രി റീ അല്‍ ഹാശിമി പറഞ്ഞു. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന ‘ലീഡേര്‍സ് സമ്മിറ്റ് ഓണ്‍ റെഫ്യൂജീസ്’ല്‍ സംസാരിക്കുകയായിരുന്നു അവര്‍. അഞ്ചു വര്‍ഷം മുമ്പ് സിറിയയില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് 1,15,000 സിറിയന്‍ അഭയാര്‍ഥികള്‍ യു എ ഇയില്‍ ജീവിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. 200ലധികം വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഭയവും വിദ്വേഷവും കൂടാതെ യു എ ഇയില്‍ ജീവിക്കുന്നുണ്ട്. ഇതുവരെയായി 1,23,000ത്തിലധികം സിറിയക്കാരെ യു എ ഇ സ്വീകരിച്ചിട്ടുണ്ടെന്നും റീം വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള അഭയാര്‍ഥികള്‍ക്ക് വേണ്ട സഹായ സൗകര്യങ്ങള്‍ ചെയ്യുന്നതിനായി ഉച്ചകോടി സംഘടിപ്പിച്ച യു എസ് പ്രസിഡന്റ് ബറാക് ഹുസൈന്‍ ഒബാമയെ മന്ത്രി റീം അല്‍ ഹാശിമി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
ഏറ്റവും നിര്‍ണായകമായ സമയത്താണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് റീം വ്യക്തമാക്കി. ആധുനിക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സൃഷ്ടിച്ച ഒരു സമയമാണിപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അഭയാര്‍ഥികളെ സഹായിക്കുന്നതിനായി ആഗോളതലത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ആവശ്യമാണെന്നും അവര്‍ പറഞ്ഞു. അഭയാര്‍ഥി പ്രതിസന്ധി നേരിടാന്‍ രാജ്യാന്തരതലത്തില്‍ സമഗ്രമായ ഇടപെടല്‍ വേണം.
മേഖലാതലത്തിലും അന്താരാഷ്ട്രതലത്തിലുമുള്ള മനുഷ്യത്വ ഇടപെടലുകളെ യു എ ഇ ശക്തമായി പിന്തുണക്കും.
ലോകമെമ്പാടുമുള്ള അഭയാര്‍ഥികള്‍ക്ക് യു എ ഇ വലിയ സഹായമാണ് എത്തിക്കുന്നത്. വേദനയും ദുരിതവുമനുഭവിച്ച് കഴിയുന്ന അഭയാര്‍ഥികളെ സാമ്പത്തികമായി സഹായിക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് വളരെയധികം അഭിമാനമുണ്ട്, അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി സിറിയന്‍ അഭയാര്‍ഥികളെയും അയല്‍ രാജ്യങ്ങളിലെ ദുരിതമനുഭവിക്കുന്നവരേയും സഹായിക്കാനായി 75 കോടിയിലധികം ഡോളറാണ് യു എ ഇ ചെലവഴിച്ചത്.
ആഗോളതലത്തില്‍ അഭയാര്‍ഥി പ്രതിസന്ധി തടയാനുള്ള കൂട്ടായ ശ്രമത്തില്‍ പൂര്‍ണ പിന്തുണ നല്‍കാന്‍ യു എ ഇ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി റീം അല്‍ ഹാശിമി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here