36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യാ – ഫ്രാന്‍സ് കരാറായി

Posted on: September 23, 2016 3:05 pm | Last updated: September 24, 2016 at 9:56 am
SHARE

rafelന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ റാഫേല്‍ യുദ്ധവിമാന ഉടമ്പടിയില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പുവെപ്പു. ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് കരാര്‍. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ യെവ്‌സ് ലെഡ്രിയാനും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും തമ്മിലാണ് കരാര്‍ ഒപ്പുവെച്ചത്. 59000 കോടി രൂപയുടെ കരാര്‍ പ്രകാരം മൂന്ന് മുതല്‍ ആറ് വര്‍ഷത്തിനിടയില്‍ വിമാനങ്ങള്‍ ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറും.

കഴിഞ്ഞ എപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഫ്രാന്‍സ് സന്ദര്‍ശനത്തോടെയാണ് റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ധാരണയായത്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാദുമായി പ്രധാനമന്ത്രി അന്ന് ധാരണാപത്രം ഒപ്പുവെച്ചിരുന്നു. നേരത്തെ മന്‍മോഹന്‍ സര്‍ക്കാര്‍ 120 വിമാനങ്ങള്‍ വാങ്ങാനാണ് തീരുമാനിച്ചിരുന്നത്. എന്‍ഡിഎ വന്നതോടെ ഇത് 36 ആയി ചുരുക്കുകയായിരുന്നു.

ഫ്രാന്‍സിലെ ഡസോള്‍ട്ട് എവിയേഷനാണ് റാഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നത്. ഇരട്ട എന്‍ജിനോട് കൂടിയ റാഫേല്‍ വിമാനങ്ങളില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉണ്ടാകും.