Connect with us

Malappuram

സഞ്ചാരികളെ നിരാശയിലാക്കി; പാലൂര്‍ കോട്ട വെള്ളച്ചാട്ടം വരണ്ടു തുടങ്ങി

Published

|

Last Updated

കൊളത്തൂര്‍: മഴ ലഭ്യതയിലുണ്ടായ കുറവ് മൂലം വരണ്ടുണങ്ങാന്‍ തുടങ്ങിയ പാലൂര്‍ കോട്ട വെള്ളച്ചാട്ടം നിലച്ചത് സഞ്ചാരികളെ നിരാശയിലാക്കി. മഴ കുറഞ്ഞതോടെയാണ് നയന മനോഹരമായിരുന്ന വെള്ളച്ചാട്ടം അപ്രത്യക്ഷമായത്. സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്നതാണ് പാലൂര്‍ കോട്ട വെള്ളച്ചാട്ടം. കഴിഞ്ഞ മാസം വരെ നൂറ് കണക്കിന് വാഹനങ്ങളാണ് ദിവസവും ഇവിടെ എത്തി സഞ്ചാരികള്‍ വന്നിരുന്നത്.
വെള്ളച്ചാട്ടത്തിന്റെയും പാറമടക്കുകളുടെയും പശ്ചാത്തലത്തില്‍ ഫോട്ടോകള്‍ എടുക്കുന്നതിനും വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. പാലൂര്‍ കോട്ടയില്‍ അഞ്ഞൂറില്‍പരം അടി ഉയരത്തില്‍ നിന്നും പാറക്കെട്ടുകളില്‍ തട്ടി പാല്‍ കണികകള്‍ പോലെയാണ് ജലം താഴേക്ക് പതിച്ചിരുന്നത്.
എത്ര സമയം കണ്ടാലും മതിവരാത്ത ഈ കാഴ്ച കാണാന്‍ നൂറ് കണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് എത്തിയിരുന്നത്. വര്‍ഷ കാലത്ത് കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം ആരുടെയും മനം കുളിര്‍പ്പിക്കും.
ആഘോഷ ദിവസങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ എത്തുന്ന ഇവിടേക്ക് വെള്ളച്ചാട്ടം നിലച്ചത് കഴിഞ്ഞ പെരുന്നാള്‍, ഓണം ദിവസങ്ങളില്‍ സഞ്ചാരികള്‍ക്ക് നിരാശയുണ്ടാക്കി. സ്‌കൂള്‍ അവധി ദിനങ്ങളിലും മറ്റും കുട്ടികളും യുവാക്കളുമടക്കം നിരവധി പേര്‍ ഇവിടെ എത്തിയിരുന്നു. എന്നാല്‍ വെള്ളച്ചാട്ടം കുറഞ്ഞതോടെ കാഴ്ചക്കാരുടെ വരവും കുറഞ്ഞു.