നദീ സംരക്ഷണ സന്ദേശവുമായിദീര്‍ഘ ദൂര കയാക്കിംഗ്

Posted on: September 23, 2016 2:22 pm | Last updated: September 23, 2016 at 2:22 pm

നിലമ്പൂര്‍: സംസ്ഥാനത്തെ നദികളുടെ സംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാന്‍ ദീര്‍ഘ ദൂര കയാക്കിംഗ് സംഘടിപ്പിക്കുന്നു. ‘ചാലിയാര്‍ റിവര്‍ ചലഞ്ച് -2016’ എന്ന പേരില്‍ നടത്തുന്ന കയാക്കിംഗ ്‌യാത്ര ഇന്ന്ഉച്ചക്ക് രണ്ടിന് നിലമ്പൂരില്‍ നിന്ന് ആരംഭിക്കും.
യാത്ര ഈ മാസം 25 ന് വൈകുന്നേരം അഞ്ചിന് ബേപ്പൂരില്‍ സമാപിക്കും. ക്ലീന്‍ റിവേഴ്‌സ് ഇനീഷ്യേറ്റീവ് ട്രസ്റ്റിന്റെയും കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സഹകരണത്തോടെ കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് പരിപാടി സംഘടിപ്പിക്കുന്നത്.
യാത്രയുടെ ഉദ്ഘാടനം മാനവേദന്‍ ഹയര്‍ സെക്കന്‍ഡറിസ്‌കൂളിന് സമീപത്തുള്ള കടവില്‍ ഉച്ചക്ക് രണ്ടിന് പി വി അന്‍വര്‍ എം എല്‍ എ നിര്‍വഹിക്കും. നിലമ്പൂര്‍ നോര്‍ത്ത് ഡി എഫ് ഒ. ആര്‍ ആടലരശന്‍, മലപ്പുറം ഡി ടി പി സി സെക്രട്ടറി വി ഉമ്മര്‍ കോയ, ആര്യാടന്‍ ഷൗക്കത്ത് ചടങ്ങില്‍ പങ്കെടുക്കും.
ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ പ്രമുഖ കയാക്കിംഗ ്താരം കൗസ്തുബ്കാഡെയടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറോളം ആളുകള്‍ യാത്രയില്‍അണി നിരക്കും. നദികളില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് ജെല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ സ്ഥാപകനായ കൗശിക്ക് കോടിത്തോടി പറഞ്ഞു.
കേരളത്തില്‍ നിന്ന് തുടങ്ങുന്ന ഈ മുന്നേറ്റം രാജ്യത്താകമാനം വ്യാപിപ്പിക്കുമെന്ന് കയാക്കിംഗ് താരം കൗസ്തുബ്കാഡെ കൂട്ടിച്ചേര്‍ത്തു. രാവിലെ അഞ്ച് മുതല്‍ 12 വരെയും വൈകീട്ട് മൂന്ന് മുതല്‍ ആറ് വരെയുമാണ് കയാക്കിംഗ് ഉണ്ടാവുക.
യാത്രയുടെ ഭാഗമായി ചാലിയാര്‍ നദിയിലെ മാലിന്യം ശേഖരിക്കും. പിന്നീട് അതിന്റെ തോത് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തുമെന്നും ക്ലീന്‍ റിവേഴ്‌സ് ഇനീഷ്യേറ്റീവ് ട്രസ്റ്റ് ചെയര്‍മാന്‍ ബ്രിജേഷ് ഷൈജല്‍ പറഞ്ഞു. നദിയുടെ സമീപ പ്രദേശങ്ങളിലുള്ള പത്തോളം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി നദീ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. നദികളെ കൊണ്ട് ഉപയോഗമില്ലെന്ന തോന്നലാണ് പലരെയും നദികള്‍ മലിനമാക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇത് മാറണമെന്ന് ഷൈജല്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ടൂറിസം മേഖല നേരിടുന്ന ഏറ്റവും വലിയവെല്ലുവിളിയാണ് മാലിന്യ പ്രശ്‌നം. അതു കൊണ്ട് തന്നെ മാലിന്യ പ്രശ്‌നം പരിഹരിക്കാനുള്ളഇത്തരം മുന്നേറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും കേരള ടൂറിസം ഡയറക്ടര്‍ യു വി ജോസ് അഭിപ്രായപ്പെട്ടു. മലബാറിന്റെ ടൂറിസം ഭൂപടത്തില്‍ ചാലിയര്‍ നദിക്ക് വലിയസാധ്യതയാണുള്ളത്. അത് പൂര്‍ണമായും ഉപയോഗിക്കുമെന്നുംഅദ്ദേഹം പറഞ്ഞു.
ബോധവത്കരണത്തിന്റെ ഭാഗമായി മ്യൂസിക് ഫെസ്റ്റും അരങ്ങേറും. യാത്രക്കിടെ വിവിധ സ്ഥലങ്ങളില്‍ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വിവിധ തരം കയാക്കുകളിലൂടെ സാഹസികമായി നടത്തുന്ന ബോധവത്കരണ യാത്ര ജെല്ലിഫിഷ് രണ്ടാം തവണയാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചാലിയാറില്‍ നടത്തിയയാത്രയില്‍ ഇരുപത്തിയഞ്ചോളം പേരാണ് പങ്കെടുത്തത്.