Connect with us

Malappuram

മിഠായി നല്‍കി വശീകരിച്ച് കുട്ടികളുടെ ആഭരണം കവരുന്നയാള്‍ പിടിയില്‍

Published

|

Last Updated

കല്‍പകഞ്ചേരി: ജോലി അന്വേഷിച്ച് വീടുകളിലെത്തി കുട്ടികളുടെ സ്വര്‍ണാഭരണം തന്ത്രപരമായി കൈക്കലാക്കി രക്ഷപ്പെട്ടയാള്‍ പോലീസിന്റെ പിടിയിലായി. കോട്ടക്കല്‍ പുത്തൂര്‍ സ്വദേശി പാക്കത്ത് മൊയ്തീനെ (45)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി 40 ഓളം മോഷണം നടത്തിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കല്‍പകഞ്ചേരി, കോട്ടക്കല്‍, കാടാമ്പുഴ, തിരൂര്‍, മലപ്പുറം, വേങ്ങര, താനൂര്‍, കൊളത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മോഷണം നടത്തിയത്. വെള്ളിയാഴ്ച്ച ഉച്ച സമയത്താണ് പതിവായി മോഷണം നടത്തിയിരുന്നത്. കല്‍പകഞ്ചേരി സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം പത്തോളം മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
പെയിന്റിംഗ് കരാറുകാരനായ പ്രതി ജോലി അന്വേഷിച്ച് വീടുകളിലെത്തുകയും അവിടെയും സമീപത്തുമുള്ള വീടുകളിലെ കുട്ടികളുമായി ചങ്ങാത്തത്തിലായി മിഠായി നല്‍കി വശീകരിച്ച് വീട്ടുകാരുടെ ശ്രദ്ധമാറ്റി തന്ത്രപൂര്‍വ്വം ആഭരണം പൊട്ടിച്ചെടുക്കുകയുമായിരുന്നു ചെയ്തിരുന്നത്.
വീട്ടുകാര്‍ക്ക് യാതൊരു സംശയവും തോന്നാത്ത രീതിയിലായിരുന്നു മോഷണം. ഈമാസം 16ന് പുത്തനത്താണിക്ക് സമീപം അതിരുമടയിലെ ഒരു വീട്ടില്‍ ഇത്തരത്തില്‍ കുട്ടിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടുന്നത് കണ്ട കാസര്‍ഗോഡ് സ്വദേശിനിയായ യുവതി പ്രതിയുടെ സ്‌കൂട്ടറി ന്റ നമ്പര്‍ ശ്രദ്ധിച്ച് പോലീസിലറിയിക്കുകയായിരുന്നു. യാത്രക്കിടയില്‍ ജുമുഅ നിസ്‌കരിക്കാനായി ഭര്‍ത്താവ് പള്ളിയില്‍ പോയ സമയത്ത് കാറിലിരുന്ന് മോഷണ രംഗം കണ്ട യുവതിയുടെ സന്ദര്‍ഭോജിതമായ ഇടപെടലാണ് മോഷ്ടാവിനെ വലയിലാക്കാന്‍ പോലീസിന് സഹായകമായത്. പ്രതിയുടെ സ്‌കൂട്ടര്‍ നമ്പര്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശ പ്രകാരം തിരൂര്‍ ഡിവൈഎസ്പി എ ജെ ബാബു, വളാഞ്ചേരി സിഐ കെ എം സുലൈമാന്‍, കല്‍പകഞ്ചേരി എസ്‌ഐ പി എം ശമീര്‍,അഡീഷനല്‍എഎസ്‌ഐ പി രാജന്‍ എഎസ്‌ഐമാരായ പ്രമോദ്,സന്തോഷ് കുമാര്‍, സീനിയര്‍ സി പി ഒമാരായ അസീസ്, ജയപ്രകാശ്,സിപിഒമാരായ അബ്ദുല്‍ കലാം,ശരീഫ്,രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജറാക്കും.

Latest