തിരുവമ്പാടിയിലെ വിദേശമദ്യ വില്‍പ്പനശാലയില്‍ മോഷണം

Posted on: September 23, 2016 2:04 pm | Last updated: September 23, 2016 at 2:04 pm
SHARE

മുക്കം: ബീവറേജ് കോര്‍പറേഷന്റെ തിരുവമ്പാടി ഔട്ട്‌ലെറ്റില്‍ മോഷണം. ബുധനാഴ്ച രാത്രിയാണ് മോഷണം. ഷട്ടറിന്റെ പുട്ടുപൊളിച്ച് മോഷ്ടാക്കള്‍ അകത്ത് കടന്നങ്കിലും മൂന്ന് കുപ്പി ബ്രാണ്ടി മാത്രമാണ് നഷ്ടമായതന്ന് ജീവനക്കാര്‍ പറഞ്ഞു. ബീവറേജ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റില്‍ നിന്ന് തന്നെ വൈദ്യുതി വയര്‍ പൊട്ടിച്ച് കട്ടര്‍ ഉപയോഗിച്ചാണ് പൂട്ടുപൊളിച്ചതെന്നാണ് നിഗമനം.
അതേസമയം, 20 ലക്ഷത്തോളം രൂപയും നിരവധി മദ്യകുപ്പികളുമുണ്ടായിട്ടും ഇവയില്‍ നിന്ന് മൂന്ന് കുപ്പി ബ്രാണ്ടി മാത്രമാണ് കവര്‍ന്നതെന്നത് ദുരൂഹത ഉയര്‍ത്തുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കാന്‍ പദ്ധതിയിട്ട് അത് വിഫലമായതാണന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇത് മൂന്നാം തവണയാണ് തിരുവമ്പാടി ബീവറേജ് ഔട്ട്‌ലെറ്റില്‍ മോഷണം നടക്കുന്നത്. ഒഴിഞ്ഞ സ്ഥലത്തായതിനാലും സി സി ടിവി ക്യാമറ ഇല്ലാത്തതിനാലും മോഷ്ടാക്കള്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ ഇവിടെ കയറാനാകും. തുടര്‍ച്ചയായി നടക്കുന്ന മോഷണങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here