Connect with us

Kozhikode

ഗ്രാസിം ക്വാര്‍ട്ടേഴ്‌സുകള്‍ സാമൂഹികവിരുദ്ധ താവളമാകുന്നു

Published

|

Last Updated

മാവൂര്‍: അടച്ചുപൂട്ടി കാടുകയറിയ മാവൂര്‍ ഗ്രാസിം ഫാക്ടറിയുടെ പള്‍പ്പ് ഫൈബര്‍ ഡിവിഷന്‍ ക്വാട്ടേഴ്‌സുകള്‍ സാമൂഹിക വിരുദ്ധരുടെ താവളമായി മാറുന്നു. രാപകല്‍ ഭേദമന്യേ ഇവിടെ സാമൂഹികവിരുദ്ധരുടെ വിളയാട്ടമാണ്. മദ്യപാനവും ചീട്ടുകളിയും ലഹരിവസ്തുക്കളുടെ വില്‍പ്പനയും തകൃതിയായി നടക്കുന്നു. ഗ്രാസിം അടച്ചുപൂട്ടിയ ശേഷം മാവൂര്‍, പാമ്മല്‍, മാവൂര്‍ മത്സ്യ മാര്‍ക്കറ്റിന് സമീപം, മാവൂര്‍-കൂളിമാട് റോഡിലെ ഗ്രാസിം ഉടമസ്ഥതയിലുള്ള രാധാകൃഷ്ണ ക്ഷേത്ര പരിസരം എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്ന നിരവധി ക്വാര്‍ട്ടേഴ്‌സുകളിലെ ജനവാതില്‍, കട്ടിളകള്‍ എന്നിവ മോഷ്ടാക്കള്‍ അപഹരിച്ച ശേഷം ഏത് മാര്‍ഗത്തിലൂടെയും പ്രവേശിക്കാവുന്ന ഇവിടം സാമൂഹിക വിരുദ്ധര്‍ കൈയേറിയിട്ട് ഏറെക്കാലമായി.
മാലിന്യ കൂമ്പാരങ്ങള്‍ക്കിടയില്‍ കാടുമൂടി കിടക്കുന്ന ജീര്‍ണിച്ച കെട്ടിടത്തില്‍ സ്ഥിരതാമസക്കാരായ തെരുവ് നായ്ക്കളും സാമൂഹികവിരുദ്ധര്‍ക്ക് ഒപ്പം ചേരുമ്പോള്‍ സാധാരണക്കാരന്റെ ജീവിതം ഭീഷണിയായി മാറുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാവൂര്‍ പാറമ്മല്‍ ക്വാര്‍ട്ടേഴ്‌സില്‍ യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞ് ദുര്‍ഗന്ധം വമിച്ച ശേഷമാണ് പുറംലോകം അറിഞ്ഞത്. വിവിധ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഇത്തരം രഹസ്യകേന്ദ്രത്തില്‍ നിത്യസന്ദര്‍ശകരാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസിന്റെയും മാവൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരുടെയും വിവിധ സാംസ്‌കാരിക സംഘടനകളുടെയും മൂക്കിന് താഴെ നടക്കുന്ന ഈ അഴിഞ്ഞാട്ടത്തിനെതിരെ യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നാണ് അത്ഭുതകരം.

Latest