Connect with us

Kerala

ശമ്പള പരിഷ്‌കരണത്തിലെ അപാകം: 27ന് ഡോക്ടര്‍മാര്‍ പണിമുടക്കും

Published

|

Last Updated

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതക്കെതിരെ 27ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്ക് നടത്തും. 24 മണിക്കൂറാണ് സൂചനാ പണിമുടക്ക്. അത്യാഹിത വിഭാഗം ഒഴികെ എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് കെ ജി എം ഒ എ ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാര്‍ ഡോകടര്‍മാരോടുള്ള അവഗണനക്കെതിരേ നടത്തുന്ന സൂചനാ പണിമുടക്കിന്റെ ഫലമായി പൊതുജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും കെ ജി എം ഒ എ അറിയിച്ചു.
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരുന്നില്ലെങ്കില്‍ ഈ മാസം 28 മുതല്‍ രോഗ പരിചരണം ഒഴികെയുള്ള മറ്റു സേവനങ്ങളുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സഹകരിക്കില്ല. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രോജക്ടുകള്‍, സ്‌പെഷ്യാലിറ്റി ഒ പികള്‍, മെഡിക്കല്‍ ബോര്‍ഡുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍, കുടുംബാസൂത്രണ ക്യാമ്പുകള്‍ എന്നിവയില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. ഒക്‌ടോബര്‍ രണ്ടിന് നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ അനിശ്ചിതകാല സമയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഡോ. ജി എസ് വിജയകൃഷ്ണനും സെക്രട്ടറി ഡോ. ഡി ശ്രീകാന്തും അറിയിച്ചു.
സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ നിസഹകരണ സമരം തുടര്‍ന്നുവരികയാണ്. പത്താംശമ്പള പരിഷ്‌കരണ ഉത്തരവില്‍ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും സ്‌പെഷ്യല്‍ പേ പൂര്‍ണമായും നല്‍കാത്തതും സിവില്‍ സര്‍ജന്‍, അസി. സര്‍ജന്‍ അനുപാതം അട്ടിമറിച്ചതും അത്യാഹിതവിഭാഗത്തിലെ ഡോക്ടര്‍മാരെ അവഗണിച്ചതും സെപ്ഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് യോഗ്യതക്കനുസരിച്ചുള്ള ശമ്പളം അനുവദിക്കാത്തതുമടക്കം ശമ്പള പരിഷ്‌കരണ ഉത്തരവിലെ അവഗണനകള്‍ക്കെതിരെയാണ് സമരം നടത്തുന്നത്.
കെ ജി എം ഒ എയുടെ നേതൃത്വത്തില്‍ തിരുവോണ ദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ കൂട്ട ഉപവാസം സംഘടിപ്പിച്ചിരുന്നു.

---- facebook comment plugin here -----

Latest