Connect with us

Kerala

കാലിക്കറ്റ് വാഴ്‌സിറ്റിക്ക് എ ഗ്രേഡ് പദവി: വിദൂര വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നാക് ഗ്രേഡ് ഉയര്‍ത്തിയെങ്കിലും വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ അംഗീകാരം പുനഃ സ്ഥാപിക്കുന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം. അംഗീകാരം റദ്ദാക്കിയ യു ജി സി നടപടി പുനഃ പരിശോധിപ്പിക്കാനും അംഗീകാരം പുനഃ സ്ഥാപിക്കാനുമുള്ള കാര്യത്തില്‍ ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഈ അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴാണ് നാക് സര്‍വകലാശാലക്ക് എ ഗ്രേഡ് നല്‍കിയത്.
സര്‍വകലാശാലക്ക് കീഴില്‍ ലക്ഷകണക്കിന് വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന വിദൂര വിദ്യാഭ്യാസ മേഖല മാസങ്ങളായി അംഗീകാരം നഷ്ടപ്പെട്ട അവസ്ഥയിലാണ്. സര്‍വകലാശാല അധികാര പരിധിക്ക് പുറത്ത് കൗണ്‍സിലിംഗ് സെന്ററുകള്‍ക്ക് അനുമതി നല്‍കിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യു ജി സ് വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ അംഗീകാരം റദ്ദാക്കിയത്. ഇതിനെ തുടര്‍ന്ന് കോഴ്‌സുകള്‍ തുടര്‍ന്ന് നടത്താനാകാത്ത സ്ഥിതിയിലാണ്. യു ജി സി നടപടിയെ തുടര്‍ന്ന് കേരളത്തിന് പുറത്തും വിദേശങ്ങളിലുമുള്ള കൗണ്‍സിലിംഗ് സെന്ററുകള്‍ സര്‍വകലാശാല നിര്‍ത്തലാക്കുകയും നിബന്ധനകള്‍ ഇനി മുതല്‍ പൂര്‍ണമായും പാലിക്കാമെന്നും വ്യക്തമാക്കി സര്‍വകലാശാല യു ജി സിക്ക് സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നു.
യു ജി സി ചെയര്‍മാനെ വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ സര്‍വകലാശാല സംഘം നേരില്‍ കാണുകയും അംഗീകാരം പുനഃസ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അംഗീകാരം നഷ്ടപ്പെട്ട് ഒരു വര്‍ഷമാകാറായിട്ടും ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല. കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴില്‍ അഞ്ച് ജില്ലകളിലും ലക്ഷദ്വീപിലുമായി റഗുലര്‍ വിദ്യാര്‍ഥികളെക്കാള്‍ പതിന്മടങ്ങ് വിദ്യാര്‍ഥികള്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലാണുണ്ടാകാറ്. വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലെ വിദ്യാര്‍ഥികളില്‍ നിന്ന് ഫീസിനത്തിലും മറ്റുമായി പ്രതിവര്‍ഷം ലക്ഷക്കണക്കിന് രൂപയാണ് സര്‍വകലാശാലക്ക് വരുമാനം ലഭിച്ചിരുന്നത്. അംഗീകാരം നഷ്ടമായതോടെ ബി എ, ബി കോം, ബി എസ് സി , എം എ, എം കോം, എം എസ് സി അടക്കമുള്ള വിവിധ കോഴ്‌സുകളില്‍ പുതിയ ബാച്ചില്‍ വിദ്യാര്‍ഥി പ്രവേശനം നടത്താന്‍ സര്‍വകലാശാലക്കായിട്ടില്ല. യു ജി സി അംഗീകാരം പുനഃ സ്ഥാപിച്ചു നല്‍കാന്‍ തയ്യാറാകാത്തതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും ഇതുവരെയുണ്ടായിട്ടില്ല. നാക് എ ഗ്രേഡ് നേടി സംസ്ഥാനത്തെ മികച്ച സര്‍വകലാശാലയായി എന്ന് അഭിമാനം കൊള്ളുമ്പോഴും സമാന്തര വിദ്യാര്‍ഥികളുടെ പ്രശ്‌ന പരിഹാരം വൈകുകയാണ്.