പതിനായിരങ്ങള്‍ക്ക് ആത്മീയ നിര്‍വൃതിയേകി മള്ഹറില്‍ ബുഖാരി തങ്ങള്‍ ഉറൂസിന് ഉജ്ജ്വല സമാപ്തി

Posted on: September 23, 2016 5:51 am | Last updated: September 22, 2016 at 11:52 pm
SHARE

മഞ്ചേശ്വരം: ഒമ്പത് ദിന രാത്രങ്ങള്‍ നാടിന് ആത്മീയതയുടെ വിരുന്നൊരുക്കി മള്ഹറില്‍ നടന്നുവന്ന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ പ്രഥമ ഉറൂസ് മുബാറകിന് പതിനായിരങ്ങളുടെ മഹാസംഗമം തീര്‍ത്ത് ഉജ്ജ്വല പരിസമാപ്തി.
ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനയും പ്രകീര്‍ത്തനങ്ങളും നിറഞ്ഞു നിന്ന ഉറൂസ് മുബാറക് നാടിന്റെയൊന്നാകെ ആത്മീയ സമ്മേളനമായി മാറുകയായിരുന്നു. അറിവിന്റെയും ചിന്തയുടെയും വിവിധ തലങ്ങളിലേക്ക് നയിച്ച 40 ലേറെ പ്രൗഢ പരിപാടികളാണ് ഉറൂസ് നഗരിയില്‍ കഴിഞ്ഞ ദിനങ്ങളില്‍ നടന്നത്. പ്രമുഖ പണ്ഡിതരുടെയും സയ്യിദുമാരുടെയും നിറസാന്നിധ്യം കൊണ്ടനുഗ്രഹീതമായ വേദിയില്‍ രാഷ്ടീയ, സാംസ്‌കാരിക, ഉദ്യോഗ രംഗങ്ങളിലെ പ്രമുഖരും എത്തിച്ചേര്‍ന്നു.സമാപന ദിനം ഉറൂസ് ഭക്ഷണ വിതരണം ഇരുപത് മണിക്കൂറിലേറെ നീണ്ടുനിന്നു. കാല്‍ലക്ഷത്തിലേറെ പേര്‍ തബറുക് സ്വീകരിച്ചു.
സമാപന സ്വലാത്ത് മജ്‌ലിസിന് കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കി. മഖാമില്‍ നടന്ന ഖത്മുല്‍ ഖുര്‍ആന്‍ ചടങ്ങിന്റെ സമാപനത്തിന് സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ നേതൃത്വം നല്‍കി. സയ്യിദ് മുഹമ്മദ് അബ്ദുറഹ്മാന്‍ ശഹീര്‍ ബുഖാരി തങ്ങള്‍, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി സഅദി, സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ പ്രാര്‍ഥന നടത്തി.
സമാപന സമ്മേളനം സമസ്ത ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്തു. അലി ബാഫഖി തങ്ങള്‍ കടലുണ്ടി പ്രാര്‍ഥന നടത്തി. സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, സയ്യിദ് ഇസ്മാഈല്‍ ബുഖാരി തങ്ങള്‍, സയ്യിദ് ഇബ്‌റാഹിം ബാഫഖി തങ്ങള്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി,ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍ പ്രസംഗിച്ചു.
രാവിലെ നടന്ന മൗലിദ് പാരായണത്തിന് സയ്യിദ് അബ്ദുല്ല ഹബീബുറഹ്മാന്‍ ബുഖാരി, സയ്യിദ് ജഅ്ഫര്‍ കോയ തങ്ങള്‍ ഇടുക്കി നേതൃത്വം നല്‍കി. പണ്ഡിത സമ്മേളനം എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.എക്‌സലന്‍സി മീറ്റ് എ ഡി എം. കെ അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു.
സപ്ത ഭാഷകളുടെ സംഗമ വേദിയായ തുളുനാടിന് മത സൗഹാര്‍ദ്ദത്തിന്റെ മാതൃക കൂടി മള്ഹര്‍ ഉറൂസ് സമ്മാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here