Connect with us

Sports

ടെസ്റ്റ് ക്യാപ്റ്റന്‍മാരെ ആദരിച്ചു; ഓര്‍മകളുടെ ക്രീസില്‍ അവര്‍ ഒരുമിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: അഞ്ഞൂറാം ടെസ്റ്റ് മത്സരത്തിന്റെ ആഘോഷവേളയില്‍ ബി സി സി ഐയും ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനും ചേര്‍ന്ന് മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍മാരെ ആദരിച്ചു. അജിത് വഡേക്കര്‍, കപില്‍ദേവ്, സുനില്‍ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, എം എസ് ധോണി, രവിശാസ്ത്രി, ദിലീപ് വെംഗ്‌സാര്‍ക്കര്‍, അനില്‍ കുംബ്ലെ, കെ ശ്രീകാന്ത് എന്നിവരെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ പൊന്നാടയണിയിച്ചു.
അഞ്ഞൂറാം ടെസ്റ്റ് എന്ന് അടയാളപ്പെടുത്തിയ മെമെന്റോയും മുന്‍ നായകന്‍മാര്‍ക്ക് സമ്മാനിച്ചു. ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും ആദരിച്ചു. ബി സി സി ഐ പ്രസിഡന്റ് അനുരാഗ് താക്കൂറും ഐ പി എല്‍ മേധാവി രാജീവ് ശുക്ലയും ചടങ്ങിന് നേതൃത്വം നല്‍കി. ബുധനാഴ്ച രാത്രിയോടെ കാണ്‍പൂരിലെത്തിയ മുന്‍ ക്യാപ്റ്റന്‍മാര്‍ക്ക് ബി സി സി ഐ ടീം ഇന്ത്യ താരങ്ങള്‍ക്കൊപ്പം ഡിന്നറും കൂടിക്കാഴ്ചയും ഒരുക്കിയിരുന്നു. വാതുവെപ്പിലുള്‍പ്പെട്ടതിനെ തുടര്‍ന്ന് ആജീവനാന്ത വിലക്കുള്ള മുഹമ്മദ് അസ്ഹറുദ്ദീന്‍ ശ്രദ്ധാകേന്ദ്രമായി. ആദ്യം അസ്ഹറിനെ ക്ഷണിക്കില്ലെന്നായിരുന്നു ബി സി സി ഐ നിലപാട്. പിന്നീട് അയയുകയായിരുന്നു. അതുപോലെ ശ്രദ്ധയാകര്‍ഷിച്ചത് സൗരവ് ഗാംഗുലിയും രവിശാസ്ത്രിയുമായിരുന്നു. ഇന്ത്യയുടെ പുതിയ പരിശീലകന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗാംഗുലിയും ശാസ്ത്രിയും തമ്മിലുടക്കിയിരുന്നു. അഭിമുഖത്തിന് നേരിട്ട് ഹാജരാകാതെ വീഡിയോ കോണ്‍ഫറന്‍സ് നടത്തിയ ശാസ്ത്രിയുടെ നിലപാടിനെ ഗാംഗുലി വിമര്‍ശിച്ചിരുന്നു. അഭിമുഖത്തില്‍ പങ്കെടുക്കാത്ത ഗാംഗുലിക്ക് തന്നെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ലെന്നായിരുന്നു ശാസ്ത്രിയുടെ മറുപടി. ആ ഉടക്കിന് ശേഷം ഇരുവരും ആദ്യമായി നേരില്‍ കാണുന്ന ചടങ്ങായിരുന്നു ഇത്. ക്യാപ്റ്റന്‍മാരുടെ കൂടിക്കാഴ്ചയില്‍ ഇവര്‍ അകലം പാലിച്ചു.

Latest