Connect with us

Editorial

കുറച്ചുകൂടി മനുഷ്യപ്പറ്റ് അവര്‍ അര്‍ഹിക്കുന്നില്ലേ?

Published

|

Last Updated

ആളുകള്‍ വെന്റിലേറ്ററിനെ സംശയത്തോടെ കാണുകയും വേണ്ടെന്ന് തീര്‍ത്തുപറയുകയും ചെയ്യുന്നിടത്ത് എത്തിയിരിക്കുന്നു. വലിയ ബഹളങ്ങള്‍ വരുന്നില്ലെങ്കിലും ആ യന്ത്രം ദുരുപയോഗം ചെയ്യുന്നു എന്നൊരു പൊതുവര്‍ത്തമാനം അന്തരീക്ഷത്തിലുണ്ട്. യന്ത്രസാന്ദ്രത വല്ലാതെ കൂടിയ സമൂഹമാണ് നമ്മുടേത്. എന്നിട്ടും ഡോക്ടറുടെ മുഖത്ത് നോക്കി മറുത്തുപറയാന്‍ ആളുകള്‍ തയ്യാറാകുന്നു എന്നതിനര്‍ഥം അവര്‍ ആരോഗ്യ രംഗത്തെ അത്രയും അവിശ്വസിക്കുന്നു എന്ന് തന്നെയാണ്. കാര്യങ്ങള്‍ എങ്ങനെ ഇവിടെയെത്തിയെന്ന് ആലോചിക്കാന്‍ വൈകിയിരിക്കുന്നു. മരിച്ച ശേഷവും വെന്റിലേറ്റര്‍ ഉപയോഗിച്ചു എന്നൊക്കെ സംശയിക്കുന്ന അവസ്ഥ തന്നെ എത്ര ഭീകരമാണ്?
മനുഷ്യത്വപരവും ധാര്‍മികവുമായ ഒരുപാട് വിഷയങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നുണ്ട് ഈ വിഷയം. തിരിച്ചുവരില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിക്കുന്ന ഒരാള്‍ക്ക് വെന്റിലേറ്റര്‍ എടുത്തുമാറ്റി ശാന്തമായി മരിക്കാനുള്ള ഔദാര്യമാണ് ഒരുക്കിക്കൊടുക്കേണ്ടതെന്ന് പാലിയേറ്റീവ് കെയര്‍ രംഗത്തുള്ള പ്രമുഖര്‍ അഭിപ്രായപ്പെടുന്നു. ബന്ധുക്കളുടെയും സ്‌നേഹിതരുടെയും സാന്ത്വന സാമീപ്യത്തിനു പകരം യന്ത്രങ്ങളുടെയും യാന്ത്രിക പരിചാരകരുടെയും കൈകളില്‍ വെച്ചാണോ ഒരാള്‍ അന്ത്യയാത്ര പോകേണ്ടത് എന്നത് പ്രസക്തമാണ്. സ്വന്തം ചോരയുടെ ഒരു തടവല്‍ ആരും കൊതിക്കുന്ന നേരമാണത്. പക്ഷേ, അവിടെ അയാള്‍ക്ക് കിട്ടുന്നത് കൃത്രിമ വിളികളും പരിചരണങ്ങളുമാണ്. വിലക്ക് നല്‍കുന്ന പരിലാളനകളാണ്.
ഈ ഘട്ടമെത്തുമ്പോള്‍ തീരുമാനമെടുക്കുക എന്നത് സങ്കീര്‍ണമാണ്. രോഗിക്ക് വേണ്ടി ബന്ധുക്കള്‍ എന്ത് ചെയ്യാനും എത്ര ചെലവഴിക്കാനും തയ്യാറായേക്കും. ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന ആശ, വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍, വേണ്ടെന്ന് പറഞ്ഞാലുള്ള ദുരഭിമാനത്തിന്റെ പ്രശ്‌നം ഇങ്ങനെ ഒരുപാട് വിഷയങ്ങള്‍. ഈ സന്ദിഗ്ധതയെ സമര്‍ഥമായി മുതലെടുക്കുകയാണ് അപൂര്‍വമെങ്കിലും ചില ആശുപത്രികള്‍. സത്യസന്ധമായ മാര്‍ഗനിര്‍ദേശം നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന ഡോക്ടര്‍മാര്‍ തന്നെ വെന്റിലേറ്റര്‍ ആവശ്യപ്പെടുമ്പോള്‍ പിന്നെ എന്തു ചെയ്യാന്‍ കഴിയും? അങ്ങനെ പലപ്പോഴും അനാവശ്യ സാമ്പത്തിക ഭാരം സഹിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു കുടുംബം.
ഒരു മകന്റെ/മകളുടെ മാതാപിതാക്കളോടുള്ള എല്ലാ കടപ്പാടും വെന്റിലേറ്ററിന് ബില്ലടക്കുന്നതില്‍ പരിമിതമാകുന്ന സാഹചര്യവുമുണ്ട്. അതുവരെ ജോലിത്തിരക്കിലോ അസാന്നിധ്യത്തിലോ ആയി അവഗണിച്ചതിനെല്ലാം പ്രായശ്ചിത്തമായി ആ ചെലവൊടുക്കല്‍ മാറുന്നു. മറ്റുള്ളവരും അയാളുടെ ഗുണകാംക്ഷയെ പ്രകീര്‍ത്തിക്കുന്നു. പേരും പ്രശസ്തിയുമുള്ള ആശുപത്രിയില്‍ വെച്ച് ഒരു വെന്റിലേറ്റര്‍ മരണം സമ്മാനിച്ചാല്‍ തീര്‍ന്നു മാതൃപിതൃ ബാധ്യത! ഒരുനിലക്ക്, തയ്യാര്‍ ചെയ്യപ്പെട്ട മരണമാണല്ലോ വെന്റിലേറ്റര്‍ മരണങ്ങള്‍. ജീവിക്കുന്നവരുടെ സൗകര്യത്തിനനുസരിച്ച് വൈകിപ്പിക്കുന്ന, സമയം നിശ്ചയിക്കുന്ന മനുഷ്യത്വരഹിതമായ സമീപനം.
രോഗി മരണപ്പെട്ടാല്‍ ചെയ്യേണ്ട ഏറ്റവും വലിയ മാന്യത അനന്തര ക്രിയകളിലേക്ക് കടക്കുകയാണ്. അല്ലാതെ ശീതീകരിച്ച മുറിയില്‍ മരവിച്ചുകിടക്കാന്‍ നിര്‍ബന്ധിക്കുകയല്ല. അനാവശ്യ മരുന്നുകള്‍ എഴുതുന്ന ലാഘവത്തോടെ സമീപിക്കാവുന്നതാണോ വെന്റിലേറ്ററിന്റെ ഉപയോഗം? മരണ ശേഷവും വെന്റിലേറ്റര്‍ ചികിത്സ നടന്നു എന്ന് സംശയിക്കുന്നത് തന്നെ എത്ര ഭീകരമായ അവസ്ഥയാണ്? മൂല്യങ്ങളുടെ ശവപ്പറമ്പില്‍ വെച്ചേ മനുഷ്യന്റെ ആത്മസത്തയെ അവഹേളിക്കുന്ന ഇത്തരം ചെയ്തികള്‍ സാധ്യമാകൂ. എന്നാല്‍, ചികിത്സ ആഘോഷമാകുന്ന പഞ്ചനക്ഷത്ര ആശുപത്രികളുടെ കാലത്ത് ഇതിലൊന്നും അശേഷം അത്ഭുതമില്ല.
ആതുരശുശ്രൂഷയെ അതിന്റെ പരിപാവനതക്ക് യോജിക്കാത്ത മൂല്യങ്ങളാല്‍ സമീപിക്കുന്നു എന്നിടത്താണ് പ്രശ്‌നത്തിന്റെ മര്‍മം. ഒരു വെന്റിലേറ്റര്‍ എന്നിടത്ത് സ്തംഭിച്ചു നില്‍ക്കുന്നതല്ല, മറിച്ച് മെഡിക്കല്‍ എത്തിക്‌സുമായി ബന്ധപ്പെട്ട അനവധി കാര്യങ്ങളുമായി കലങ്ങിമറഞ്ഞൊഴുകുന്നതാണിത്. അനാവശ്യമായി ടെസ്റ്റുകളും മരുന്നും എഴുതുന്നു എന്ന ആക്ഷേപം ഏറെക്കുറെ സര്‍വസമ്മതമാണല്ലോ. വെന്റിലേറ്റര്‍ ഉപയോഗവും ഇതേ തരത്തിലേക്ക് എത്തും മുമ്പ് നമുക്ക് തടയിടേണ്ടതുണ്ട്. വെന്റിലേറ്റര്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താനുള്ളതാണ് എന്ന ബോധതലത്തിലേക്ക് ഉയരാത്തവരെ അത്തരത്തില്‍ ഉദ്ഗ്രഥിപ്പിക്കാന്‍ ഡോക്ടര്‍മാരുടെ സംഘടനകള്‍ക്ക് കഴിയേണ്ടതുണ്ട്. ആശുപത്രികളുടെ സമ്മര്‍ദങ്ങളുണ്ടെങ്കില്‍ അവഗണിക്കാനുള്ള ഇച്ഛാശക്തിയും ഉണ്ടാകണം.
സംശയത്തിന്റെ മാറാലകള്‍ നിറയുമ്പോഴും ഭിഷഗ്വരന്മാരെ അവലംബിക്കുകയല്ലാതെ സാധാരണക്കാരന് വഴിയില്ല. അതുകൊണ്ട് ആ വിശ്വാസത്തോട് നീതി പുലര്‍ത്താനുള്ള അധികബാധ്യതയും ഉത്തരവാദിത്വബോധവുമാണ് ഡോക്ടര്‍മാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അപ്രമാദിത്വത്തിന്റെ ചൂഷണ സാധ്യതകളല്ല. ഏതായാലും, മരിച്ചവരും മരണാസന്നരും കുറച്ചുകൂടി മനുഷ്യപ്പറ്റ് അര്‍ഹിക്കുന്നുണ്ട്; തീര്‍ച്ച.

Latest