Connect with us

Gulf

ഫോബ്‌സ് ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ എട്ട് മലയാളികള്‍; ആറ് പേര്‍ ഗള്‍ഫില്‍ നിന്ന്‌

Published

|

Last Updated

എം എ യൂസുഫലി,രവി പിള്ള,സണ്ണി വര്‍ക്കി

ദുബൈ: ഫോബ്‌സ് മാഗസിന്റെ പുതിയ കണക്ക് പ്രകാരം ഇന്ത്യയിലെ നൂറ് സമ്പന്നരുടെ പട്ടികയില്‍ എട്ട് മലയാളികള്‍. ഇതില്‍ ആറു പേര്‍ ഗള്‍ഫ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവരാണ്. എം എ യൂസുഫലി, രവി പിള്ള, സണ്ണി വര്‍ക്കി, പി എന്‍ സി മേനോന്‍, ഡോ. ആസാദ് മൂപ്പന്‍, ഡോ. ഷംഷീര്‍ വയലില്‍ എന്നിവരാണ് ഗള്‍ഫില്‍ നിന്നുള്ള മലയാളികള്‍. കര്‍ണാടക സ്വദേശി ബി ആര്‍ ഷെട്ടിയും പട്ടികയിലുണ്ട്.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. ഇന്ത്യയില്‍ 25-ാം സ്ഥാനത്താണ് യൂസുഫലി. 400 കോടി ഡോളറിന്റെ ആസ്തിയാണ് യൂസുഫലിക്കുള്ളത്. കഴിഞ്ഞ വര്‍ഷം 370 കോടി ഡോളറായിരുന്നു യൂസുഫലിയുടെ ആകെ ആസ്തി.
ഗള്‍ഫ് മേഖലയിലും ഇന്ത്യ, ഈജിപ്ത്, മലേഷ്യ, തുര്‍ക്കി, ഇന്തോനേഷ്യ, ബ്രസീല്‍ എന്നിവിടങ്ങളിലായി 129 സ്റ്റോറുകള്‍ ലുലു ഗ്രൂപ്പിനുണ്ട്.
നിര്‍മാണ മേഖല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ പി ഗ്രൂപ്പ് ഓഫ് കമ്പനീസ് മേധാവി രവി പിള്ളയാണ് മലയാളികളില്‍ രണ്ടാം സ്ഥാനത്തുള്ളത്. 310 കോടി ഡോളറിന്റെ ആസ്തിയുള്ള ഇദ്ദേഹം ഇന്ത്യന്‍ പട്ടികയില്‍ 38-ാം സ്ഥാനത്താണ്.
ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എം ജി ജോര്‍ജ് മുത്തൂറ്റ് മലയാളികളില്‍ മൂന്നാമനും ഇന്ത്യക്കാരില്‍ 59-ാം സ്ഥാനത്തുമാണ്. 192 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.
മലയാളികളില്‍ നാലാം സ്ഥാനത്തുള്ളത് വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരായ ജെംസ് എജ്യുക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കിയാണ്. 190 കോടി ഡോളറിന്റെ ആസ്തിയുള്ള സണ്ണി വര്‍ക്കി ഇന്ത്യക്കാരില്‍ 60-ാം സ്ഥാനത്താണ്.
റിയല്‍എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ ശോഭ ലിമിറ്റഡ് സ്ഥാപകനും ചെയര്‍മാനുമായ പി എന്‍ സി മേനോനാണ് 163 കോടി ഡോളറിന്റെ ആസ്തിയുമായി മലയാളികളില്‍ അഞ്ചാം സ്ഥാനത്ത്. ഇന്ത്യക്കാരില്‍ ഇദ്ദേഹം 78-ാം സ്ഥാനത്താണ്.
ക്രിസ് ഗോപാലകൃഷ്ണന്‍ എന്നറിയപ്പെടുന്ന സേനാപതി ഗോപാലകൃഷ്ണനാണ് സമ്പന്നനായ ആറാമത്തെ മലയാളി. ഇന്‍ഫോസിസിന്റെ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാനായ ഇദ്ദേഹത്തിന് ഇന്ത്യക്കാരില്‍ 81-ാം സ്ഥാനമുണ്ട്. 161 കോടി ഡോളറാണ് ക്രിസ് ഗോപാലകൃഷ്ണന്റെ ആസ്തി.
128 കോടി ഡോളറിന്റെ ആസ്തിയുള്ള ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനാണ് മലയാളി സമ്പന്നരിലെ ഏഴാമന്‍. ഇന്ത്യയില്‍ 97-ാം സ്ഥാനത്താണ് ഡോ. ആസാദ് മൂപ്പന്‍.
വി പി എസ് ഹെല്‍ത് കെയര്‍ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലിലാണ് ഫോബ്‌സ് പട്ടികയിലിടം നേടിയ മലയാളികളില്‍ എട്ടാം സ്ഥാനത്തുള്ളത്. ഇന്ത്യക്കാരില്‍ 98-ാം സ്ഥാനത്തുള്ള ഡോ. ഷംഷീറിന്റെ ആസ്തി 127 കോടി ഡോളറാണ്.
അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ എം സി ഹെല്‍ത് കെയര്‍ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി ആര്‍ ഷെട്ടിയും ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടി. 250 കോടി ഡോളറിന്റെ ആസ്തിയുള്ള ബി ആര്‍ ഷെട്ടി ഇന്ത്യയിലെ 47-ാമത്തെ സമ്പന്നനാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന പ്രമുഖ മണി എക്‌സ്‌ചേഞ്ച് സ്ഥാപനമായ യു എ ഇ എക്‌സ്‌ചേഞ്ചിന്റെ സ്ഥാപകന്‍ കൂടിയാണ് ബി ആര്‍ ഷെട്ടി.