Connect with us

Kerala

ഗതാഗത നിയമം തെറ്റിക്കുന്നവര്‍ ജാഗ്രതൈ; ആധുനിക സംവിധാനങ്ങളോടെയുള്ള ഇന്റര്‍ സെപ്റ്റര്‍ യൂണിറ്റുമായി പോലീസ്

Published

|

Last Updated

റഡാര്‍ ക്യാമറ സംവിധാനത്തോടെയുള്ള ഇന്റര്‍ സെപ്റ്റര്‍ യൂണിറ്റ് താമരശ്ശേരി പുല്ലാഞ്ഞിമേടില്‍ വാഹന പരിശോധന നടത്തുന്നു.

താമരശ്ശേരി: ഗതാഗത നിയമം തെറ്റിക്കുന്നവരെ കയ്യോടെ പിടികൂടി പിഴ ഈടാക്കാന്‍ ആധുനിക സംവിധാനങ്ങളോടെയുള്ള ഇന്റര്‍ സെപ്റ്റര്‍ യൂണിറ്റുമായി പോലീസ് രംഗത്ത്. റൂറല്‍ എസ് പി. എന്‍ വിജയകുമാറിന്റെ കീഴിലാണ് റഡാര്‍ സംവിധാനത്തോടെയുള്ള ക്യാമറയുമായി പോലീസ് നിരത്തിലിറങ്ങുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റൂറല്‍ ജില്ലയിലേക്കുള്ള ഇന്റര്‍ സെപ്റ്റര്‍ യൂണിറ്റ് റോഡിലിറങ്ങിയത്. വടകര, നാദാപുരം, താമരശ്ശേരി സബ് ഡിവിഷനുകളില്‍ രണ്ട് ദിവസം വീതമാണ് ഇന്റര്‍ സെപ്റ്റര്‍ യൂണിറ്റ് വാഹന പരിശോധന നടത്തുക.
പ്രധാനമായും അമിത വേഗത പിടികൂടി പിഴ ഈടാക്കുകയാണ് ഇന്റര്‍ സെപ്റ്ററിന്റെ ലക്ഷ്യം. ഇരു ചക്ര വാഹനങ്ങള്‍ക്ക് മുന്നൂറും മറ്റുള്ളവക്ക് നാനൂറും പിഴ ചുമത്തും. കൂടാതെ ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ നിയമ ലംഘനങ്ങളും പിടികൂടും. 150 മീറ്റര്‍ അകലത്തിലുള്ള വാഹനങ്ങളുടെ വേഗത കൃത്യമായി രേഖപ്പെടുത്താവുന്ന ആധുനിക സംവിധാനങ്ങളാണ് വാഹനത്തിലുള്ളത്. ഇത്തരം വാഹനങ്ങള്‍ക്ക് കൈ കാണിക്കുകയും അപ്പോള്‍ തന്നെ പിഴ ഈടാക്കുകയും ചെയ്യും. വാഹനത്തിന്റെ ഫോട്ടോയും വേഗത സംബന്ധിച്ച വിവരങ്ങളും യാത്രക്കാര്‍ക്ക് കാണിച്ചു കൊടുക്കാനും ആവശ്യമെങ്കില്‍ പ്രിന്റ് ചെയ്ത് നല്‍കാനുമാവും. നിര്‍ത്താതെ പോവുന്ന വാഹനങ്ങളുടെ നമ്പര്‍ അതാത് ഡി വൈ എസ് പി ഓഫീസില്‍ ഏല്‍പിക്കും. ഇവര്‍ക്ക് നോട്ടീസ് അയച്ച് വിളിപ്പിക്കുയും പിഴ ഈടാക്കുകയും ചെയ്യും.
പ്രത്യേക പരിശീലനം നേടിയ രണ്ട് പോലീസുകാരും അതാത് സബ് ഡിവിഷനില്‍ നിന്നും നിയോഗിക്കുന്ന ഒരു എസ് ഐ യും ഉള്‍പ്പെടുന്ന സംഘമാണ് വാഹന പരിശോധന നടത്തുക. തുടക്കത്തില്‍ തന്നെ പ്രതിദിനം പതിനയ്യായിരത്തോളം രൂപയാണ് ഇന്റര്‍ സെപ്റ്റര്‍ സര്‍ക്കാറിലേക്ക് പിരിച്ചു നല്‍കുന്നത്. ക്യാമറ സംവിധാനത്തോടെയുള്ള വാഹന പരിശോധന വ്യാപകമാവുന്നതോടെ പോലീസിനെതിരായ പരാതി ഒരളവോളം കുറയുന്നതോടൊപ്പം നിയമലംഘനങ്ങളും വാഹനാപകടങ്ങളും കുറയുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.