പൊതുമാപ്പ്: ആഭ്യന്തര മന്ത്രാലയം അഭിപ്രായ ശേഖരണം തുടങ്ങി

Posted on: September 22, 2016 7:19 pm | Last updated: September 22, 2016 at 7:19 pm
SHARE

ദോഹ: രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്നവര്‍ക്ക് അനുവദിച്ച പൊതുമാപ്പ് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ചര്‍ച്ചക്ക് നല്ല പ്രതികരണം. രാജ്യം വിടാതെ തന്നെ തങ്ങളുടെ താമസം നിയമവിധേയമാക്കുമെന്നാണ് ചിലരുടെ പ്രതീക്ഷ. രാജ്യത്തിന് പുറത്തുപോയാലുള്ള ഭാവിയോര്‍ത്ത് ആശങ്കാകുലരാണ് മറ്റു ചിലര്‍. റ്റുചിലര്‍ ആഭ്യന്തര മന്ത്രാലയത്തിലെ സെര്‍ച്ച് ആന്‍ഡ് ഫോളോഅപ്പ് വകുപ്പിന് മുന്നില്‍ ഹാജരാകാന്‍ മടികാട്ടുകയുമാണ്. സെപ്തംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് കാലയളവ് ഡിസംബര്‍ ഒന്നുവരെയാണ്.
പൊതുമാപ്പ് സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കുന്നതിന് മന്ത്രാലയത്തിന്റെ അറബി ഫേസ്ബുക്ക് അക്കൗണ്ടിലാണ് ചര്‍ച്ച തുടങ്ങിയത്. ഡിസംബര്‍ ഒന്നിന് ശേഷവും തങ്ങളുടെ താമസം നിയമവിധേയമാകാന്‍ സാധ്യതയുണ്ടോയെന്നാണ് പലരും ആരായുന്നത്. പുതിയ ജോലി ലഭിച്ചാല്‍ സ്‌പോര്‍ണസര്‍മാരെ മാറ്റി താമസം നിയമവിധേയമാക്കാന്‍ അനധികൃത താമസക്കാരെ മന്ത്രാലയം സഹായിക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന് പുറത്തുപോയി തിരികെ വരാന്‍ രണ്ട് വര്‍ഷം കാത്തിരിക്കണമോയെന്ന് മറ്റുചിലര്‍ ചോദിക്കുന്നു.
ഫാമിലി വിസയില്‍ വന്ന് അനധികൃതമായി താമസിക്കുന്നവര്‍ പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ പെടുമോ അതല്ല താമസം നിയമവിധേയമാക്കാന്‍ സാധിക്കുമോയെന്ന് ചിലര്‍ ആരായുന്നു. രാജ്യത്തെ ബാധ്യതകള്‍ തീര്‍ക്കുന്നതിന് പൊതുമാപ്പ് കാലയളവ് ദീര്‍ഘിപ്പിക്കാന്‍ ചിലര്‍ ആവശ്യപ്പെട്ടു. കുറ്റകൃത്യം തടയാനും തൊഴില്‍ വിപണി നിയന്ത്രിക്കാനും പൊതുമാപ്പ് കരുത്താകുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ പേര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗം പ്രവൃത്തി സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഞായര്‍ മുതല്‍ വ്യാഴം വരെ ഉച്ചക്ക് രണ്ട് മുതല്‍ എട്ട് വരെയാണ് സമയം.

LEAVE A REPLY

Please enter your comment!
Please enter your name here