വാഹനാപകടത്തിന്റെ ഫോട്ടോയെടുക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹം

Posted on: September 22, 2016 7:16 pm | Last updated: September 24, 2016 at 2:54 pm
SHARE

accident-photosദോഹ: പീനല്‍ കോഡ് ഭേദഗതി വരുത്താനുള്ള കരടുനിയമം മന്ത്രിസഭ അംഗീകരിച്ചു. കരടുനിയമം ശൂറ കൗണ്‍സിലിന് കൈമാറും. അപകടത്തില്‍ മരിച്ചതോ പരുക്കേറ്റതോ ആയ വീഡിയോകളും ഫോട്ടോകളും എടുക്കുന്നതും കൈമാറുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണെന്നതാണ് പ്രധാന ഭേദഗതി. ഔദ്യോഗിക ഗസറ്റ് സംബന്ധിച്ച കരടു നിയമത്തില്‍ മന്ത്രിസഭാ യോഗം തുടര്‍നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. ശൂറ കൗണ്‍സിലിന്റെ ശിപാര്‍ശകള്‍ മന്ത്രിസഭയില്‍ വിശദീകരിച്ചു. ഔദ്യോഗിക വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പുതിയ വെബ്‌സൈറ്റ് തുടങ്ങും. അമീരി ദിവാനില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ അധ്യക്ഷതയിലാണ് മന്ത്രിസഭായോഗം നടന്നത്.
കരടുനിയമപ്രകാരം നീതിന്യായ മന്ത്രാലയമാണ് ഔദ്യോഗിക വിജ്ഞാപനങ്ങള്‍ തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക. നിയമങ്ങള്‍, ഉത്തരവുകള്‍, മറ്റ് നിയമനിര്‍മാണസംബന്ധിയായ വിഷയങ്ങള്‍, നിയമപ്രകാരം പ്രസിദ്ധീകരിക്കേണ്ട മറ്റ് ചട്ടങ്ങള്‍ തുടങ്ങിയവയെല്ലാം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും. പൊതുജനങ്ങളെ അറിയിക്കുക എന്ന ബാധ്യതയാണ് ഇതിലൂടെ നിറവേറ്റുക. പ്രസിദ്ധീകരിച്ച എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ലഭിക്കും. നിശ്ചിത തീയതിക്കകം പ്രസിദ്ധീകരിക്കാതിരിക്കുന്നത് അനുവദിക്കില്ല. ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന ആ ദിവസം തന്നെ ഓണ്‍ലൈനിലും ലഭ്യമാക്കുന്നതിന് ഔദ്യോഗിക ഗസറ്റിന് മാത്രമായി വെബ്‌സൈറ്റ് തുടങ്ങും. മന്ത്രിതല തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നിര്‍ദേശപ്രകാരമാണ് വെബ്‌സൈറ്റ് ആരംഭിക്കുക. പേപ്പര്‍ കോപ്പിയുടെ അതേ ആധികാരികതയും നിയമസാധുതയും ഓണ്‍ലൈന്‍ പതിപ്പിനുമുണ്ടാകും. ഉള്ളടക്കത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ പേപ്പര്‍ കോപ്പി ആയിരിക്കും സ്വീകാര്യമാകുക. എണ്ണ, വാതകം എന്നിവക്ക് ഖത്വര്‍ ദേശീയ കമ്മിറ്റി രൂപവത്കരിക്കുന്നത് റദ്ദാക്കുന്ന അമീരി കരടു തീരുമാനം മന്ത്രിസഭ അംഗീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here