Connect with us

National

കാവേരി നദീജല തര്‍ക്കം: സിദ്ധരാമയ്യയുടെ രാജിക്ക് സമ്മര്‍ദ്ദം

Published

|

Last Updated

ബെംഗളൂരു: കാവേരി കേസ് സുപ്രീം കോടതിയില്‍ വാദിച്ച് ജയിക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടുവെന്നാരോപിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജിക്ക് പ്രതിപക്ഷം സമ്മര്‍ദം ശക്തമാക്കുന്നു.
തമിഴ്‌നാടിന് പ്രതിദിനം 6000 ഘനയടി വെള്ളം വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നിരിക്കുന്നത്.
സുപ്രീം കോടതിയില്‍ തങ്ങളുടെ വാദമുഖങ്ങള്‍ നിരത്തി അനുകൂലമായ വിധി നേടിയെടുക്കുന്നതില്‍ കര്‍ണാടകക്ക് തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിട്ട സ്ഥിതിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ സര്‍ക്കാറിന് അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് ആര്‍ ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാവേരി വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി വിധാന്‍സൗധയില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ബി ജെ പി ബഹിഷ്‌കരിച്ചു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 24ന് ഒരു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
മന്ത്രിസഭ രാജിവെക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നതിനിടെ, സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാംഗങ്ങളും ലോക്‌സഭാംഗങ്ങളും രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്. മണ്ഡ്യ എം പി പുട്ടരാജു രാജിവെച്ചതിന് പിന്നാലെ രാജരാജേശ്വരി നഗര്‍ എം എല്‍ എ മുനിരത്‌നയും ഇന്നലെ സ്ഥാനം രാജിവെച്ചു. പുട്ടരാജു രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ എം ഡി കുമാരസ്വാമിക്ക് കൈമാറിയിട്ടുണ്ട്. ലോക്‌സഭയില്‍ ജനതാദള്‍ എസിന്റെ പ്രതിനിധിയാണ് പുട്ടരാജു. മണ്ഡ്യ മേലേക്കോട്ടയിലെ എം എല്‍ എ പുട്ടണ്ണയ്യും രാജി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ബെംഗളൂരു കോര്‍പറേഷനിലെ മൂന്ന് കോര്‍പറേറ്റര്‍മാരും രാജിവെക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് നേതാക്കളും രാജി ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.
മന്ത്രിസഭ രാജിവെക്കുകയാണെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇനി ഒന്നര വര്‍ഷമാണ് സര്‍ക്കാറിന്റെ കാലാവധി. കാവേരി വിഷയത്തിന്റെ പേരില്‍ മന്ത്രിസഭ രാജിവെക്കുകയാണെങ്കില്‍ അത് പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. സര്‍ക്കാറിലും കോണ്‍ഗ്രസിലുമുള്ള ധാര്‍മികതയായിരിക്കും സ്ഥാനത്യാഗത്തിലൂടെ പ്രകടമാകുക.
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വീണ്ടും അധികാരത്തിലെത്താനുള്ള പാത സുഗമമാക്കാന്‍ ഇത് വഴിവെക്കുമെന്നും നേതൃത്വം കരുതുന്നു. അധികാരത്തില്‍ കടിച്ചുതൂങ്ങിയാല്‍ അത് ജനങ്ങളില്‍ ശക്തമായ രോഷത്തിനിടയാക്കുമെന്ന തിരിച്ചറിവും സര്‍ക്കാറിനുണ്ട്.
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും മന്ത്രിസഭ രാജിവെക്കുന്നതിനോട് അനുകൂലമാണ് . എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ സമ്മതം മൂളിയിട്ടില്ല. കാവേരി വിഷയത്തിന്റെ പേരില്‍ രാജിവെച്ചാല്‍ അത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കും സമ്മാനിക്കുകയെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറയുന്നത്. ഈ വിഷയത്തില്‍ സംസ്ഥാന ഘടകത്തിന്റെ ഏത് തീരുമാനത്തിനും പിന്തുണ തേടി മുഖ്യമന്ത്രി സിദ്ധരാമയ്യ നേതൃത്വത്തെ സമീപിച്ചിരുന്നു.
കോടതി വിധിയില്‍ പ്രതിഷേധിച്ച് തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇന്നലെ രാവിലെ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തില്‍ എല്ലാ മന്ത്രിമാരും ഈ നിലപാടിനോട് യോജിക്കുകയാണ് ചെയ്തത്. ലോക്‌സഭാ, രാജ്യസഭാ അംഗങ്ങളെ രാജിവെപ്പിച്ച് കോടതി വിധിയോടുള്ള പ്രതിഷേധം രേഖപ്പെടുത്താന്‍ വിവിധ കക്ഷികളും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
കര്‍ണാടകയിലെ ജനസഹസ്രങ്ങളെ ബാധിക്കുന്ന കാവേരി നദീജല തര്‍ക്കവും മഹദായി നദീജല വിഷയവും കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ അഭിഭാഷകന്‍ ഫാലി എസ് നരിമാനെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാറിനെ അടിക്കാന്‍ പ്രതിപക്ഷം പ്രധാനമായും ആയുധമാക്കുന്നത് നദീജല തര്‍ക്കങ്ങള്‍ തന്നെയായിരിക്കും.

Latest