Connect with us

Kerala

ബിജെപി ദേശീയ കൗണ്‍സിലിന് നാളെ തുടക്കം

Published

|

Last Updated

കോഴിക്കോട്: ദക്ഷിണേന്ത്യയിലടക്കം പാര്‍ട്ടി സ്വാധീനം ഉറപ്പിക്കുന്നതിന് നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായുള്ള ബി ജെ പിയുടെ നിര്‍ണായക ദേശീയ കൗണ്‍സില്‍ യോഗത്തിന് നാളെ കോഴിക്കോട്ട് തുടക്കം.
പ്രധാനമന്ത്രി മുതല്‍ കേന്ദ്ര ക്യാബിനറ്റിലെ മുഴുവന്‍ ബി ജെ പി അംഗങ്ങള്‍, ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എം പിമാര്‍, എം എല്‍ എമാര്‍ അടങ്ങിയ 1500 ഓളം പ്രതിനിധികള്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രിസഭയിലെ 80 ശതമാനം മന്ത്രിമാരും കോഴിക്കോട് എത്തുന്നതിനാല്‍ കനത്ത സുരക്ഷയാണ് മൂന്ന് ദിവസവും നഗരത്തിലുണ്ടാകുക. പാര്‍ട്ടിയില്‍ മോദി വിരുദ്ധ ചേരിയുടെ നേതാവായ മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി യോഗത്തിന് എത്തില്ല. പ്രായാധിക്യത്താല്‍ അദ്ദേഹം വിശ്രമത്തിലാണെന്നാണ് ഔദ്യോഗിക വിശദീകരണം.
1967ല്‍ കോഴിക്കോട് നടന്ന ജനസംഘിന്റെ (ബി ജെ പിയുടെ മുമ്പത്തെ രൂപം) സമ്മേളനത്തില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് കോഴിക്കോട്ട് ബി ജെ പി ദേശീയ കൗണ്‍സില്‍ യോഗം നടക്കുന്നത്. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ന് രാവിലെ 11 ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വരവേല്‍പ്പ് നല്‍കും. ബി ജെ പി സംസ്ഥാന അധ്യക്ഷനും കോര്‍കമ്മിറ്റി അംഗങ്ങളും സ്വീകരണത്തിന് നേതൃത്വം നല്‍കും. ഇന്നും നാളെയുമായി മുഴുവന്‍ പ്രതിനിധികളും നഗരത്തില്‍ എത്തിച്ചേരും.
ബൈപ്പാസിലെ കടവ് റിസോര്‍ട്ട്, കോഴിക്കോട് ബീച്ച്, സരോവരം എന്നിവിടങ്ങളിലായാണ് സമ്മേളനം നടക്കുക. കടവ്‌റിസോര്‍ട്ടില്‍ നാളെ നടക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ അധ്യക്ഷത വഹിക്കും. പ്രതിനിധികള്‍ക്ക് മാത്രമാണ് കൗണ്‍സില്‍, നിര്‍വാഹക സമിതി യോഗങ്ങളിലേക്ക് പ്രവേശനം. 24ന് വൈകീട്ട് നാലിന് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ക്യാബിനറ്റ് മന്ത്രിമാര്‍ അടക്കമുള്ള ദേശീയ നേതാക്കള്‍ പങ്കെടുക്കും. 24ന് രാത്രി 7.30ന് തളി സാമൂതിരി ഹൈസ്‌കൂള്‍ അങ്കണത്തില്‍ പ്രധാനമന്ത്രി, അമിത് ഷാ എന്നിവര്‍ മുഖ്യാതിഥികളായി സ്മൃതിസന്ധ്യ പരിപാടി അരങ്ങേറും.
1967 ഡിസംബര്‍ 29 മുതല്‍ 31വരെ കോഴിക്കോട്ട് നടന്ന ഭാരതീയജന സംഘം 14-ാം ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തവരും അടിയന്തരാവസ്ഥകാലത്ത് പീഡനം ഏറ്റുവാങ്ങിയവരുമായ പാര്‍ട്ടി പ്രവര്‍ത്തകരെ സ്മൃതിസന്ധ്യയില്‍ ആദരിക്കും. 25ന് ഉച്ചക്ക് സരോവരത്ത് നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.