അവര്‍ പറഞ്ഞു, ഗുജറാത്തിലെ പീഡാനുഭവ കഥകള്‍

Posted on: September 22, 2016 9:10 am | Last updated: September 22, 2016 at 9:10 am

kannur-gujarath-photoകണ്ണൂര്‍: ഗുജറാത്തിലെ ഉനയില്‍ ഗോസംരക്ഷണ സേനയുടെ അക്രമത്തിനിരയായ ദളിത് യുവാക്കള്‍ കൊടിയ പീഡനങ്ങളുടെ അനുഭവസാക്ഷ്യവുമായി കണ്ണൂരിലെത്തി. ചത്ത പശുവിന്റെ തോലുരുച്ചതിന് ഗോരരക്ഷാ സേനയുടെ ക്രൂരതകള്‍ക്കിരയായ ഉനായിലെ മോട്ട സമലിയാല ഗ്രാമത്തിലെ വശ്രാം സര്‍വ്വയ്യ, സഹോദരന്‍ ജീത്തു സര്‍വ്വയ്യ എന്നിവരാണ് നാട്ടിലെ സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരുമായ കിഷോര്‍ സംഘട്ട്, സഞ്ജയ് സന്ദോര്‍വ്വ, കെവല്‍സിംഗ് റാത്തോഡ് എന്നിവരോടൊപ്പം കണ്ണൂരിലെത്തിയത്.
ദളിത് പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി സി പി എം നേതൃത്വത്തിലുള്ള പട്ടികജാതി ക്ഷേമസമിതി കണ്ണൂരില്‍ സംഘടിപ്പിച്ച സ്വാഭിമാന്‍ സംഗമത്തില്‍ ഇവര്‍ പങ്കെടുത്തു. സി പി എം ജില്ലാസെക്രട്ടറി പി ജയരാജന്‍, എ എന്‍ ഷംസീര്‍ എം എല്‍ എ തുടങ്ങിയവര്‍ വശ്രാം സര്‍വ്വയ്യയെയും സംഘത്തെയും സ്വീകരിച്ചു. ഗുജറാത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ കഥകള്‍ ഉന സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ കെവല്‍സിംഗ് റാത്തോഡ് പറഞ്ഞപ്പോള്‍ ഐക്യദാര്‍ഢ്യവുമായി സദസ്സ് അവര്‍ക്കൊപ്പം ചേര്‍ന്നു. നൂറു കണക്കിനാളുകള്‍ പങ്കെടുത്ത ചടങ്ങില്‍ ഗുജറാത്തിലെ സാമൂഹികപ്രശ്‌നങ്ങള്‍ ഒന്നൊന്നായി സംഘാംഗങ്ങള്‍ വിവരിച്ചു. സവര്‍ണര്‍ക്ക് മാത്രം ജീവിക്കാന്‍ പറ്റുന്ന സാമൂഹികാവസ്ഥയാണ് ഗുജറാത്തിലെ ഗ്രാമങ്ങളില്‍ ഇപ്പോഴുമുള്ളതെന്ന് കെവല്‍സിംഗ് റാത്തോഡ് പറഞ്ഞു. പട്ടിവര്‍ഗ വിഭാഗത്തിലുള്ള ജനവിഭാഗങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പോലും പ്രവേശനം അനുവദിക്കുന്നില്ല.
കന്നുകാലികളുടെ വ്യാപാരം വഴിയും ചത്തകാലികളുടെ തോലുരിച്ചും ഉപജീവനം നടത്തുന്ന ദളിതരെയും മുസ്‌ലികളെയും ലക്ഷ്യമിട്ടുള്ള ഭ്രാന്തന്‍ വര്‍ഗീയ സംഘടനകളാണ് ഗോരക്ഷ സമിതികള്‍. ഇത്തരം സംഘടനകള്‍ക്ക് മൗനാനുവാദം നല്‍കുന്നത് ആര്‍ എസ് എസും നരേന്ദ്ര മോദിയുമാണ്. തങ്ങളെപ്പോലുള്ളവര്‍ അവിടെ അനുഭവിച്ചു വരുന്ന പീഡനങ്ങള്‍ പുറം ലോകമറിയുന്നത് ഇപ്പോഴാണ്. മനുഷ്യരായി ജീവിക്കാന്‍ ആഗ്രഹമുള്ളവരാണ് ഉന പോലുള്ള ഗ്രാമങ്ങളില്‍ ജീവിക്കുന്ന ആയിരക്കണക്കിനാളുകള്‍. രാജ്യത്തിന് മാതൃക ഗുജറാത്താണെന്ന് എപ്പോഴും പറയുന്ന മോഡിയുടെ മുമ്പില്‍ കേരളമാണ് തങ്ങളുടെ മാതൃകയെന്ന് വിളിച്ചു പറയുമെന്നും അദ്ദേഹം തുടര്‍ന്നു. ആരും സംഘപരിവാരില്‍ ഒരിക്കലും ചേരരുതെന്ന് ജനങ്ങള്‍ക്കു മുന്നില്‍ ആവേശപൂര്‍വം വിളിച്ചറിയിച്ചാണ് സംഘാംഗങ്ങള്‍ വേദിയില്‍ നിന്നിറങ്ങിയത്.
ജൂലൈ 11നാണ് ചത്ത പശുവിന്റെ തോല്‍ തുകലിനായി ശേഖരിച്ചതിന്റെ പേരില്‍ വര്‍ഷാം സര്‍വ്വയ്യയെയും അച്ഛനെയും സഹോദരങ്ങളെയുമുള്‍പ്പടെ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്. ഗുജറാത്ത് കലാപത്തിലെ വേട്ടക്കാരനും പിന്നീട് തെറ്റ് തിരുത്തി സ്വയംവിമര്‍ശനം നടത്തുകയും ചെയ്ത അശോക് മോച്ചിയും പരിപാടിയില്‍ പങ്കെടുത്തു. സ്വാഭിമാന സംഗമം പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.മുന്‍ എം പി എസ് അജയകുമാര്‍, എം പ്രകാശന്‍, എന്‍ ചന്ദ്രന്‍, സഹീദ്‌റൂമി തുടങ്ങിയവര്‍ പങ്കെടുത്തു.