Connect with us

International

പോലീസുകാരന്റെ വെടിയേറ്റ് കറുത്ത വര്‍ഗക്കാരന്‍ മരിച്ച സംഭവം: അമേരിക്കയില്‍ പ്രതിഷേധം ശക്തം

Published

|

Last Updated

വാഷിങ്ടണ്‍ : അമേരിക്കയിലെ ചാര്‍ലോട്ടില്‍ ഹൗസിംഗ് കോംപ്ലക്‌സിന് സമീപം പോലീസുകാരന്റെ വെടിയേറ്റ് കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം അര്‍ധരാത്രിവരെ നീണ്ടുനിന്നതായി നോര്‍ത്ത് കരോലീന അധിക്യതര്‍ പറഞ്ഞു.
പ്രതിഷേധക്കാര്‍ പോലീസ് വാഹനങ്ങള്‍ നശിപ്പിക്കുകയും അക്രമത്തില്‍ 12 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ചാര്‍ലോട്-മെക്ലന്‍ബര്‍ഗ് പോലീസ് വകുപ്പ് ട്വിറ്ററില്‍ കുറിച്ചു. അതേ സമയം കൊല്ലപ്പെട്ടയാളുടെ കൈവശം ആയുധമുണ്ടായിരുന്നുവെന്ന പോലീസന്റെ റിപ്പോര്‍ട്ടിന് വിരുദ്ധമായാണ് ദ്യക്‌സാക്ഷികള്‍ പറഞ്ഞത്. കൊല്ലപ്പെട്ടയാള്‍ നിരായുധനും അംഗപരിമിതനുമായിരുന്നുവെന്ന് ദ്യക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്. കീത്ത് ലാമോന്റ് സ്‌കോട്ട് എന്നയാളാണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. പ്രതിഷേധപ്രകടനത്തിനിടെ ഒരു പ്രതിഷേധക്കാരന് പരുക്കേറ്റതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. കറുത്ത വര്‍ഗക്കാരനായ ബ്രെന്റ്‌ലി വിന്‍സണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റാണ് സ്‌കോട്ട് മരിച്ചതെന്ന് എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. പോലീസ് ക്രൂരതക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുന്നതിന്റെ ദ്യശ്യങ്ങള്‍ ടി വി ചാനലുകള്‍ പ്രക്ഷേപണം ചെയ്തു. ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുകയാണെന്നും ജനങ്ങള്‍ ഇപ്പോഴും തെരുവിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരുടെ നേരെ തുടരുന്ന അതിക്രമങ്ങളില്‍ രോഷം അലയടിക്കവെയാണ് പുതിയ സംഭവം കഴിഞ്ഞ ദിവസമുണ്ടായത്. രാജ്യത്ത് ഈ വര്‍ഷം ഇതുവരെ പോലീസ് 193 കറുത്ത വര്‍ഗക്കാരെ കൊലപ്പെടുത്തിയെന്നും കഴിഞ്ഞ വര്‍ഷം 306 പേരെ പേരെ പോലീസ് കൊലപ്പെടുത്തിയത്. വാറന്റ് പ്രതിയെ അന്വേഷിച്ച് ഹൗസിംഗ് കോംപ്ലക്‌സിലെത്തിയ ചാര്‍ലോട്ട് പോലീസ് ഇവിടെ കാറിനുള്ളില്‍ ഒരാളെ കണ്ടെത്തുകയും ഇയാള്‍ തോക്കുമായി പുറത്തിറങ്ങിയതിനെത്തുടര്‍ന്ന് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നാണ് അധിക്യതരുടെ നിലപാട്. വെടിയേറ്റ സ്‌കോട്ടിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.