ഡാന്‍സ് ബാറുകളില്‍ സിസിടിവി പാടില്ലെന്ന് സുപ്രീംകോടതി

Posted on: September 22, 2016 9:02 am | Last updated: September 22, 2016 at 9:02 am

supreme-court-indiaന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകള്‍ക്ക് അനുകൂലമായി സുപ്രീം കോടതി വിധി. ഡാന്‍സ് ബാറുകളില്‍ സി സി ടി വി സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കോടതി തള്ളി. അതോടൊപ്പം ഡാന്‍സ് ബാറുകളില്‍ മദ്യം വിളമ്പുന്നതിനും പുലര്‍ച്ചെ ഒരു മണിവരെ പ്രവര്‍ത്തിക്കുന്നതിനും കോടതി അനുവാദവും നല്‍കി.
ഡാന്‍സ് ബാറുകളില്‍ മദ്യം വിളമ്പാന്‍ അനുവദിക്കരുതെന്നും പ്രവര്‍ത്തന സമയം 11.30 വരെ ആയി കുറക്കണമെന്നുമായിരുന്നു മഹാരാഷ്ട്ര സര്‍ക്കാറിന്റെ ആവശ്യം.
ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് സി. നാഗപ്പന്‍ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അതേസമയം ഡാന്‍സ് ബാറുകളില്‍ അശ്ലീല പ്രദര്‍ശനം പാടില്ലെന്നും കോടതി കര്‍ശനമായി നിര്‍ദേശിച്ചു. ഡാന്‍സ് ബാറുകളില്‍ സ്ത്രീകളുടെ നൃത്തം തടയുക എന്ന ലക്ഷ്യത്തോടെയാണ് മഹാരാഷ്ട്രയില്‍ സ്ത്രീ മാന്യത സംരക്ഷണ നിയമം കൊണ്ട് വന്നത്. ഇതിനെ ചോദ്യം ചെയ്ത് ഇന്ത്യന്‍ ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ആരാധനാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡാന്‍സ് ബാറുകള്‍ പാടില്ല, ബാറുകളിലെ പ്രദര്‍ശനം തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ തത്സമയം നിരീക്ഷിക്കാനുള്ള സൗകര്യം, കൂടാതെ വൈകീട്ട് ആറുമുതല്‍ രാത്രി 11.30 വരെ മാത്രമേ ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ തുടങ്ങിയവയായിരുന്നു സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ ഈ നിയമങ്ങളിലെ പല നിര്‍ദേശങ്ങളും സുപ്രീം കോടതി വിമര്‍ശിച്ചു.
പോലീസ് സ്റ്റേഷനില്‍ നിന്ന് സി സി സി ടി വഴി നിരീക്ഷിക്കുന്നതിനുള്ള നിബന്ധന പൂര്‍ണമായും ഒഴിവാക്കുന്നതിനും പകരം ബാറുകളുടെ പ്രവേശന കവാടത്തില്‍ സി സി ടി വി ഘടിപ്പിക്കാമെന്നും മറ്റു സ്ഥലങ്ങളില്‍ സി സി ടി വി ഘടിപ്പിക്കുന്നത് അവിടെ എത്തുന്നവരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഡാന്‍സ് ബാറുകളില്‍ മദ്യം വിളമ്പുന്നത് നിര്‍ത്തലാക്കണമെന്നത് അസംബന്ധമാണെന്നും കോടതി നിര്‍ദേശിച്ചു.