Connect with us

Health

മാള്‍ട്ടാ പനിക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

Published

|

Last Updated

തിരുവനന്തപുരം: ബ്രൂസെല്ലോസിസ് അഥവാ മാള്‍ട്ടാ പനിക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്മ്യൂനിറ്റി മെഡിസിന്‍ വിഭാഗം. ബ്രൂസെല്ലോസിസ് രോഗം ബാധിച്ചെന്ന സംശത്തെ തുടര്‍ന്ന് വെള്ളനാട് സ്വദേശിനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിതിനെ തുടര്‍ന്നാണ് ജാഗ്രതാനിര്‍ദേശം.
പാലക്കാട് ജില്ലയില്‍ അടുത്തിടെ പടര്‍ന്നുപിടിച്ച ബ്രൂസെല്ലോസിസ് വ്യാപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന രോഗാവസ്ഥയിലേക്ക് വരെ നയിക്കാവുന്ന ഗുരുതരമായ രോഗമാണ് ബ്രൂസെല്ലോസിസ്. മതിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചെറിയ പനി മുതല്‍ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടു നില്‍ക്കുന്ന രോഗാവസ്ഥവരെയുണ്ടാക്കാം. മൃഗങ്ങളില്‍ ഇത് ഗര്‍ഭച്ഛിദ്രം മുതല്‍ മരണം വരെ ഉണ്ടാക്കാം. കന്നുകാലികളുമായോ കന്നുകാലി ഉത്പന്നങ്ങളുമായോ ബന്ധപ്പെടുന്നവര്‍ക്കെല്ലാം ഈ രോഗം ബാധിക്കാം. ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്ക് ബ്രൂസെല്ലോസിസ് പകരുന്നതായി ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.
ബ്രൂസെല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകള്‍ പരത്തുന്ന ജന്തുജന്യ രോഗമാണ് ബ്രൂസെല്ലോസിസ്. കന്നുകാലികളെ ബാധിക്കുന്ന ഈ രോഗം അവയെ പരിപാലിക്കുന്ന മനുഷ്യര്‍ക്കും പിടിപെടാവുന്നതാണ്. ഇന്ത്യയില്‍ ഏകദേശം എല്ലാ സംസ്ഥാനങ്ങളിലും ബ്രൂസെല്ലോസിസ് കണ്ടുവരുന്നു.
മലീമസമയ കാലിത്തീറ്റയിലൂടെയൊ മറ്റു രോഗബാധിതരായുള്ള മൃഗങ്ങളുമായുള്ള സമ്പര്‍ക്കലൂടെയൊ പശു, ആട്, എരുമ, പന്നി തുടങ്ങിവക്ക് രോഗം പിടിപെടാവുന്നതാണ്. ഈര്‍പ്പം നിലനില്‍ക്കുന്ന അന്തരീക്ഷം, വൃത്തിയില്ലായ്മ, എന്നിവ രോഗം പെട്ടന്ന് പടര്‍ന്ന് പിടിക്കാന്‍ കാരണമാകും.
കന്നുകാലികളെ പരിചരിക്കുന്നവര്‍ക്കും മാംസം, പാല്‍ എന്നിവ കൈകാര്യം ചെയ്യുന്നവര്‍ക്കും രോഗം പകരാന്‍ സാധ്യതയുണ്ട്. രോഗികളായ മൃഗങ്ങളില്‍ നിന്നും പുറന്തള്ളപ്പെട്ട ചാപിള്ള, മറുപിള്ള, രക്തം, മൂത്രം എന്നിവയില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് രോഗം പകരുന്നു. രോഗികളായ കന്നുകാലികളുടെ പാല്‍, പാലുത്പന്നങ്ങള്‍, മാംസം എന്നിവ വേവിക്കാതെ കഴിക്കുന്നതും കന്നുകാലികളുടെ ചാണകം വളമായുപയോഗിച്ച പച്ചക്കറികള്‍ പച്ചക്ക് കഴിക്കുന്നതും രോഗ സംക്രമണത്തിന് കാരണമാകും.
തൊഴുത്തിലെയും അറവുശാലകളിലെയും അന്തരീക്ഷത്തില്‍ രോഗാണുക്കള്‍ നിലനില്‍ക്കുന്നതിനാല്‍ വായുവില്‍ക്കൂടിയും രോഗം മനുഷ്യരിലെത്തുന്നു.
പെട്ടന്നുണ്ടാകുന്ന വിറയലോട് കൂടിയ പനി (40 മുതല്‍ 41 ഡിഗ്രി വരെ), സന്ധി വേദന, നടുവേദന, തലവേദന, പ്ലീഹ വീക്കം എന്നിവ രോഗലക്ഷണങ്ങളാണ്. യഥാസമയം ഉചിതമായ ചികിത്സ ലഭ്യമായില്ലെങ്കില്‍ രോഗലക്ഷണങ്ങള്‍ വിട്ടുമാറാതെ നിലനില്‍ക്കും.
വൃത്തിയും ശുചിത്വവുമുള്ള മൃഗപരിപാലനമാണ് രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മറ്റൊരു മാര്‍ഗം. രോഗം വന്ന കന്നുകാലികളെ ദയാവധത്തിന് വിധേയമാക്കുകയാണ് രോഗം പടര്‍ന്നുപിടിക്കുന്ന സമയത്ത് സ്വീകരിക്കാവുന്ന ഏക മാര്‍ഗം. കന്നുകാലികള്‍ക്ക് ബ്രൂസെല്ല വാക്‌സിന്‍ മുന്‍കൂട്ടി നല്‍കുന്നതിലൂടെ പല വിദേശ രാജ്യങ്ങളിലും ബ്രൂസെല്ലോസിസ് നിര്‍മാര്‍ജനം ചെയ്തു കഴിഞ്ഞു.
വ്യവസായാടിസ്ഥാനത്തില്‍ പാസ്ചറൈസേഷന്‍ കര്‍ശനമാക്കുക, കര്‍ഷകര്‍ മാംസ വ്യാപാരവുമായി ബന്ധപ്പെട്ടവര്‍ എന്നിവര്‍ മൃഗങ്ങളുടെ സ്രവങ്ങള്‍ ശരീരത്തില്‍ സ്പര്‍ശിക്കാത്ത വിധം വസ്ത്രങ്ങള്‍ ധരിക്കുക മുതലായ മാര്‍ഗങ്ങളിലൂടെ രോഗ സംക്രമണം തടയാം.
രോഗനിയന്ത്രണത്തില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് ശരിയായ രോഗനിര്‍ണയം നടത്തുക എന്നുള്ളതാണ്. വിട്ടുമാറത്ത രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കണം.
രക്തപരിശോധനയിലൂടെ ഈ രോഗം സ്ഥിരീകരിക്കാം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം നിശ്ചിത കാലയളവില്‍ ആന്റീബയോട്ടിക് കഴിച്ചാല്‍ ഈ രോഗത്തില്‍ നിന്ന് പൂര്‍ണമായും മോചനം നേടാം.

Latest