ഇനി എനി ടൈം മോഷണം

Posted on: September 22, 2016 8:47 am | Last updated: September 22, 2016 at 8:47 am
SHARE

atm-robberryകുട്ടിക്കാലത്ത് വീട്ടിലെ മുതിര്‍ന്നവരാണ് പറഞ്ഞത്, കൈയില്‍ ചരട് കെട്ടണം. കറുത്ത ചരട്. ചരടുണ്ടെങ്കില്‍ പേടിക്കില്ല. നട്ടുച്ചക്കും അന്തിക്കും വഴി നടക്കുമ്പോള്‍ പേടി തോന്നില്ല. തടി കാത്തുകൊള്ളും എന്നൊക്കെ. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ മുതിര്‍ന്നവര്‍ പറഞ്ഞു. ഉറുക്കും നൂലും കെട്ടണം. പിന്നെ പേടിക്കേണ്ടതില്ല. ഭൂതപ്രേതപിശാചുക്കള്‍ അടുക്കില്ല. തടി കാക്കാന്‍ ഉറുക്കും നൂലും. മന്ത്രമാണ്. എന്താണെന്നറിയില്ല, വലിയ കേടുപാടുകള്‍ കൂടാതെ കുട്ടിക്കാലം കഴിഞ്ഞു.
ഹൈസ്‌കൂള്‍ ക്ലാസായപ്പോള്‍ അച്ഛന്‍ തൂത്തി വാങ്ങിത്തന്നു. മണ്‍പാത്രങ്ങള്‍ വില്‍ക്കുന്നവരാണ് മണ്ണ് കൊണ്ട് നിര്‍മിച്ച ഗോളാകൃതിയിലുള്ള ചെറിയ പാത്രം തന്നത്. അതിന്റെ മുകള്‍ഭാഗത്തുള്ള ദ്വാരത്തിലൂടെ നാണയങ്ങള്‍ ഇടുക. കുറെക്കഴിഞ്ഞ് പാത്രം പൊട്ടിച്ച് സമ്പാദ്യം പുറത്തെടുക്കുക. അത് നിന്നെ കാക്കുമെന്ന് അച്ഛന്‍ പറഞ്ഞു. സംഗതി ശരിയായിരുന്നു. സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോകാനും പുതിയ തുണിത്തരങ്ങള്‍ വാങ്ങാനും തുണയായത് ഈ നാണയങ്ങളായിരുന്നു.
കോളജിലെത്തിയപ്പോള്‍ ജീവിതം വീണ്ടും മാറി. ചന്തയില്‍ നിന്ന് വാങ്ങിയ പേഴ്‌സായിരുന്നു താരം. പേഴ്‌സിലെ ചെറുതും വലുതുമായ കള്ളികള്‍ അദ്ഭുതത്തോടെ നോക്കി. നാണയങ്ങളും നോട്ടുകളും സൂക്ഷിക്കാനും പ്രത്യേകം അറകള്‍. രഹസ്യരേഖകള്‍ സൂക്ഷിക്കാനുമുണ്ട് പ്രത്യേക ഇടം. പോരെങ്കില്‍ ഇഷ്ട നടന്റെ ഫോട്ടോയുമുണ്ട്. ആരും പറഞ്ഞില്ലെങ്കിലും ഇത് തടി കാക്കുമെന്ന് മനസില്‍ കരുതി. യാത്ര പോകുമ്പോള്‍ കീശയില്‍ പേഴ്‌സ് ഉണ്ടാകുന്നത് വലിയ ധൈര്യമായിരുന്നു. നല്ല പേഴ്‌സ് നല്ല ഐശ്വര്യമാണെന്ന് വിശ്വസിച്ച കാലം.
കല്യാണം കഴിഞ്ഞപ്പോള്‍ സ്വര്‍ണമാലയും മോതിരവുമായിരുന്നു തടി കാക്കാനുണ്ടായിരുന്നത്. മുതിര്‍ന്നവര്‍ അങ്ങനെ പറയുകയും ചെയ്തു. അന്യനാട്ടില്‍ നിന്ന് പണത്തിന് ബുദ്ധിമുട്ടുമ്പോള്‍ മോതിരം പണയം വെച്ചാല്‍ മതിയല്ലോ എന്നാണ് മുതിര്‍ന്നവരുടെ വാക്കുകള്‍. ഒരു പവന്റെ മോതിരം ധൈര്യമായി കുറെക്കാലം കൂടെയുണ്ടായിരുന്നു.
മോഷണം പെരുകിയതോടെ വീട്ടില്‍ സ്വര്‍ണവും പണവും സൂക്ഷിക്കുന്ന പതിവ് രീതിക്ക് മാറ്റമുണ്ടായി. ആവശ്യമുള്ളപ്പോള്‍ ബേങ്കില്‍ ചെന്ന് പണമെടുക്കുക. ബാക്കി അവിടെത്തന്നെ കിടക്കട്ടെ. തടി കാത്തത് ബാങ്കുകളായി.
പിന്നീട് കാര്‍ഡുകളുടെ കാലമായി. റേഷന്‍ കാര്‍ഡ് മാത്രം കണ്ട് ശീലിച്ചവര്‍ക്ക് ഇലക്ഷന്‍ ഐ ഡി കാര്‍ഡായി. പിന്നാലെ ആധാര്‍ കാര്‍ഡെത്തി. തുടര്‍ന്ന് ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ്. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജാതിക്കാര്‍ഡും വര്‍ഗീയക്കാര്‍ഡുമിറക്കി. ഇപ്പോള്‍ എ ടി എം കാര്‍ഡിലാണ് കളി.
എ ടി എമ്മുകള്‍ ചെറിയ പട്ടണങ്ങളില്‍ പോലും നിറഞ്ഞു. രണ്ടും മൂന്നും മൊബൈല്‍ ഫോണിനൊപ്പം കീശയില്‍ എ ടി എം കാര്‍ഡുകള്‍ കൂടിയായി. മോതിരം കാണാതായപ്പോള്‍ ബന്ധുക്കള്‍ വേദനയോടെ ഓര്‍മിപ്പിച്ചു. നിന്റെ തടി കാക്കുന്ന സാധനമാ അതെന്ന്. കളഞ്ഞോ എന്ന്? അപ്പോള്‍ എ ടി എം കാര്‍ഡിറക്കി അമ്മയെ നേരിട്ടു. ഏത് സമയത്തും എവിടെ വെച്ചും പണം എടുക്കാന്‍ പറ്റുന്ന കാര്‍ഡാണിത്. തടി കാക്കുന്ന പുതിയ അവതാരം. ഒന്നും പേടിക്കാനില്ല.
ആ ധൈര്യത്തില്‍ അങ്ങനെ കഴിഞ്ഞുകൂടുമ്പോഴാണ് എ ടി എം തട്ടിപ്പ്. മലയാളിയുടെ പണം മുംബൈയില്‍ നിന്നാണ് ചോര്‍ത്തുന്നത്. അവസാനം ചൈനയിലേക്കും ചോരുന്നു. മനസിലുള്ള രഹസ്യനമ്പര്‍ മാനത്ത് കാണുന്നവര്‍. മെസേജ് വരുമ്പോഴാണ് പണം പോയ വിവരം പുറത്തറിയുന്നത്. തടി കാക്കുമെന്ന് വിചാരിച്ച കാര്‍ഡ് കൊണ്ടുണ്ടായ പൊല്ലാപ്പ്. ഉണര്‍ന്നിരിക്കുമ്പോഴോ, ഉറങ്ങുമ്പോഴോ പണം പോകാം.
എ ടി എമ്മിനെ എനി ടൈം മണിയെന്നും വിളിക്കാറുണ്ട്. ഇനി പറയാം എനി ടൈം മോഷണം!