Connect with us

Articles

മാള്‍ട്ടാ രോഗം മനുഷ്യരിലേക്ക് പടരാതിരിക്കാന്‍

Published

|

Last Updated

സംസ്ഥാനത്ത് മാള്‍ട്ടാ രോഗം പിടപെട്ട തൊണ്ണൂറോളം കന്നുകാലികളെ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ച് ദയാവധം നടത്താന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന വാര്‍ത്ത അതീവ ഭയാശങ്കയോടെയാണ് കേരളത്തിലെ ജനങ്ങള്‍ കാണുന്നത്. 2011 ആഗസ്റ്റ് പതിനൊന്നാം തീയതി മുവ്വാറ്റുപുഴയില്‍ പശു വളര്‍ത്തി ഉപജീവനം നടത്തിയിരുന്ന ഒരു വീട്ടമ്മ സമാനമായ രോഗം പിടിപെട്ട് മരണമടഞ്ഞിരുന്നു. ബ്രൂസെല്ല ജനുസ്സില്‍പ്പെട്ട ഒരു ബാക്ടീരിയയാണ് രോഗ കാരണം. പശു, ആട്, പന്നി, കുതിര, പട്ടി, ഒട്ടകം മറ്റു വീട്ടുമൃഗങ്ങള്‍ എന്നിവയിലെല്ലാം കണ്ടുവരുന്ന ഒരു ബാക്ടീരിയല്‍ രോഗമാണ് ബ്രൂസെല്ലോസിസ് അഥവാ മാള്‍ട്ടാ രോഗം. വീട്ടില്‍ വളര്‍ത്തുന്ന കോഴി, മുയല്‍, പക്ഷികള്‍ എന്നിവ കൂടാതെ എലിയിലും മാള്‍ട്ടാ രോഗം കണ്ടുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രോഗബാധിതരായ മൃഗങ്ങളുടെ തിളപ്പിച്ചാറ്റാത്ത പാല്‍, ശരിയായി വേവിക്കാത്ത ഇറച്ചി, മുട്ട, മൃഗങ്ങളുടെ സ്രവങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കം എന്നിവയെല്ലാം മാള്‍ട്ടാ രോഗം മനുഷ്യനിലെത്തുന്നതിന് കാരണമാകുന്നതാണ്.
കേരള വെറ്ററനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂനിവേഴ്‌സിറ്റിയുടെ പാലക്കാടുള്ള തിരുവിഴാംകുന്ന് പശുവളര്‍ത്തല്‍ കേന്ദ്രത്തിലാണ് മാള്‍ട്ടാ രോഗം മൂലം പശുക്കളെ ദയാവധത്തിന് വിധേയമാക്കുവാന്‍ പോകുന്നത്. പശുക്കളില്‍ നിന്ന് രോഗം മനുഷ്യരിലേക്ക് എത്തുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെയും രോഗം കൂടുതല്‍ മൃഗങ്ങളിലേക്ക് പടരാതിരിക്കുന്നതിനുമാണ് രോഗബാധിതരായ പശുക്കളെ കൂട്ടത്തോടെ കൊല്ലുന്നത്. രോഗം പ്രത്യക്ഷപ്പെട്ടിട്ടുള്ള 90 പശുക്കളെയാണ് ഘട്ടംഘട്ടമായി ദയാവധത്തിന് വിധേയമാക്കുന്നത്. ഇടവിട്ടുള്ള പനി, വിറയല്‍, ശരീര വേദന, വിഷാദ രോഗം എന്നിവയാണ് മനുഷ്യരില്‍ കാണുന്ന മാള്‍ട്ടാ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ബാക്ടീരിയല്‍ രോഗമായതിനാല്‍ രോഗമുള്ള ജന്തുക്കളും മനുഷ്യനുമായുള്ള സമ്പര്‍ക്കമാണ് രോഗം പടരാനുള്ള മുഖ്യ കാരണം. പശുക്കളിലാണ് രോഗം വരുന്നതെങ്കില്‍ പാലിലൂടെയും പാല്‍ ഉത്പന്നങ്ങളുടെ ഉപയോഗത്തിലൂടെയും രോഗം മനുഷ്യരിലേക്ക് പകരും. ഗര്‍ഭിണികളായ കന്നുകാലികള്‍ക്ക് രോഗം വന്നാല്‍ ഗര്‍ഭം അലസുന്നതിന് സാധ്യത ഏറെയാണ്.
1850ലാണ് ബ്രൂസെല്ലോസിസ് എന്ന മാള്‍ട്ടാ രോഗം ലോകത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. സിസിലിയുടെ തെക്ക് ഭാഗത്ത് മെഡിറ്ററേനിയന്‍ കടലിലെ ഒരു ചെറിയ ദ്വീപാണ് മാള്‍ട്ട. ഇവിടെ സേവനം അനുഷ്ഠിച്ചിരുന്ന ബ്രിട്ടീഷ് മെഡിക്കല്‍ ടീമാണ് ആദ്യമായി മാള്‍ട്ടാ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രീമിയന്‍ യുദ്ധത്തോടനുബന്ധിച്ച് പരുക്കേറ്റവരെ ശുശ്രൂഷിക്കുന്നതിന് വേണ്ടി നിയുക്തരായ ബ്രിട്ടീഷ് മെഡിക്കല്‍ ടീമിലെ അംഗങ്ങളാണ് മാള്‍ട്ടീസ് ജനങ്ങളില്‍ ബ്രൂസെല്ലോസിസ് രോഗം കണ്ടുപിടിക്കുന്നത്. 1894ല്‍ ഈ രോഗം മെഡിറ്ററേനിയന്‍ പനി എന്ന് അറിയപ്പെട്ടു. പിന്നീട് 1903ല്‍ ബ്രിട്ടീഷ് ആര്‍മിഡോക്ടര്‍ ഡേവിഡ് ബ്രൂസാണ് ഇതിനെ മാള്‍ട്ടാ പനിയെന്ന് നാമകരണം ചെയ്യുന്നത്. കുരങ്ങുകളില്‍ മാള്‍ട്ടാ പനി കാണുന്നില്ലെന്നത് അത്ഭുതകരമാണ്. മാള്‍ട്ടാ പനിയെ കുറിച്ച് ഡോ. ഡേവിഡ് ബ്രൂസ് നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളിലാണ് പനിക്ക് കാരണം ബാക്ടീരിയകളാണെന്ന് നിഗമനത്തിലെത്തുന്നത്. രോഗം മനുഷ്യനിലെത്തുന്നത് പ്രധാനമായും ആട്ടിന്‍ പാലിലൂടെയാണെന്ന് അന്ന് അദ്ദേഹം കണ്ടെത്തി. അതുകൊണ്ട് തന്നെ ബ്രിട്ടീഷ് ആര്‍മി പട്ടാളക്കാര്‍ക്ക് ആട്ടിന്‍പാല്‍ നല്‍കുന്നത് 1906ല്‍ നിര്‍ത്തിവെച്ചു. 1900 മുതല്‍ 1906 വരെ 3,631 പേര്‍ക്ക് മാള്‍ട്ടാ രോഗം വന്നിരുന്നു. എന്നാല്‍ 1907ല്‍ ആട്ടിന്‍പാല്‍ നിരോധം കാരണം വെറും 21 പേര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചത്. ഈ കാലഘട്ടത്തില്‍ മാള്‍ട്ടയില്‍ രണ്ട് തരം ഐസ്‌ക്രീമുകള്‍ ലഭ്യമായിരുന്നു. അതില്‍ ഒരു തരം ഐസ്‌ക്രീമിന് രുചിയും മണവും കൂടുതലുണ്ടായിരുന്നു. വില കുറഞ്ഞ ഐസ്‌ക്രീമിനാണ് ആവശ്യക്കാര്‍ കൂടുതല്‍. ഈ ഐസ്‌ക്രീം തണുപ്പിച്ച ആട്ടിന്‍ പാലില്‍ നിന്നാണ് ഉത്പാദിപ്പിച്ചിരുന്നത്. ഇത് കഴിച്ചിരുന്നവര്‍ക്കാണ് കൂടുതലായും മാള്‍ട്ടാ രോഗം പിടിപെട്ടിരുന്നതെന്ന് അക്കാലത്ത് കണ്ടെത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ അരുമകളായ ആടുകള്‍ക്ക് രോഗമുണ്ടെന്നും അവയുടെ പാലിലൂടെയാണ് മാള്‍ട്ടാ പനിക്ക് കാരണമായ ബ്രൂസെല്ല ബാക്ടീരിയ പകരുന്നതെന്നും വിശ്വസിക്കാന്‍ മാള്‍ട്ടാക്കാര്‍ തയ്യാറായില്ല. ഈ നിഷേധ മനോഭാവം കൊണ്ടുതന്നെ അക്കാലത്ത് രോഗം കൂടുതല്‍ പേര്‍ക്ക് പകരുന്നതിന് കാരണമായി. 1927ല്‍ 699 പേര്‍ക്കും 1936ല്‍ 873 പേര്‍ക്കും മാള്‍ട്ടാ പനി പിടിപെട്ടു. 2000-2010 ആണ്ടില്‍ 14 ദശലക്ഷം യൂറോ ചെലവിട്ടാണ് ബ്രൂസെല്ലോസിസിനെയും അതുവഴി മാള്‍ട്ടാ പനിയെയും നിയന്ത്രിക്കാനായത്.
ഇന്നും മാള്‍ട്ടാ പനി മനുഷ്യരെ പിടികൂടുന്ന രാജ്യങ്ങള്‍ ലോകത്തുണ്ട്. ഈ പനി രോഗിയുടെ മരണത്തിലേക്ക് നയിക്കും. അതുകൊണ്ടു തന്നെ ജനങ്ങള്‍ ഈ രോഗത്തെ ഭീതിയോടെ കാണുന്നു. ബ്രൂസെല്ലോസിസിനെ പാല്‍പ്പനി എന്നു വിളിക്കുന്ന രാജ്യങ്ങളും കുറവല്ല. 1989ല്‍ സഊദി അറേബ്യയില്‍ മാള്‍ട്ടാ പനി നേരിട്ടവര്‍ക്ക് നാഡീ വ്യവസ്ഥക്കാണ് ക്ഷതമുണ്ടായത്. അതുകൊണ്ട് തന്നെ ന്യൂറോളജിസ്റ്റുകള്‍ ഇത്തരം രോഗം ഉണ്ടാക്കുന്ന ബാക്ടീരിയകളെ ന്യൂറോ ബ്രൂസെല്ലോസിസ് എന്നു വിളിക്കുന്നു. രോഗിയുടെ രക്തമോ മൂത്രമോ ടെസ്റ്റ് ചെയ്താല്‍ ബ്രൂസെല്ലാ ബാക്ടീരിയകളെ കണ്ടെത്താനാകുന്നതാണ്. മൃഗങ്ങളില്‍ കാണുന്ന രോഗ ലക്ഷണങ്ങള്‍ക്ക് പുറമെ മനുഷ്യനില്‍ കലശലായ തലവേദനയും വിറയലും ഭക്ഷണത്തിന് താത്പര്യമില്ലായ്മയും പുറം വേദനയും ക്രമാതീതമായ വിഷാദ രോഗവും രൂക്ഷമായ ആത്മഹത്യാ പ്രവണതകളും മാള്‍ട്ടാ രോഗം വരുത്തിവെക്കുന്നു. രോഗം നേരത്തെ തന്നെ തിരിച്ചറിഞ്ഞാല്‍ രോഗിയെ രക്ഷിക്കാനാകുമെങ്കിലും പലപ്പോഴും രോഗം മരണത്തിലേക്ക് നയിക്കും. ബ്രൂസെല്ല അബോര്‍ട്ടഡ് എന്ന ഇനം ബാക്ടീരിയയാണ് പശുക്കളില്‍ ഗര്‍ഭം അലസുന്നതിന് കാരണമാകുന്നത്. രോഗം എല്ലാതരം ജീവികളിലും കടുത്ത ക്ഷീണത്തിനും അസാമാന്യമായ വിധത്തില്‍ വിയര്‍ക്കുന്നതിനും ഇടവരുത്താറുണ്ട്.

മാള്‍ട്ടാ പനി തടയുന്നതിനുള്ള വാക്‌സിന്‍ ഇന്ന് ലഭ്യമാണ്. എങ്കിലും രോഗത്തിന്റെ ശരിയായ തിരിച്ചറിയല്‍ നടന്നിട്ടില്ലെങ്കില്‍ രോഗം മരണ കാരണമാകാറുണ്ട്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ കന്നുകാലികളിലും മറ്റു വീട്ടുമൃഗങ്ങളിലും കൂടുതല്‍ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. അന്തരീക്ഷത്തിലെ കൂടിയ ആര്‍ദ്രത കന്നുകാലികളില്‍ രോഗസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും സാംക്രമിക രോഗങ്ങള്‍. ബ്രൂസെല്ലോസിസ് എന്ന മാള്‍ട്ടാ രോഗം ശാസ്ത്രജ്ഞര്‍ എടുത്തുപറയാറുള്ള കന്നുകാലി രോഗമാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അന്തരീക്ഷ ഊഷ്മാവിന്റെ വര്‍ധനയും കന്നുകാലികള്‍ക്ക് രോഗസാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്. വിരളമായി മാത്രം കേട്ടിരുന്ന മാള്‍ട്ടാ രോഗം കന്നുകാലികളില്‍ കൂടുതല്‍ പടരാതിരിക്കാനും മനുഷ്യനിലേക്ക് പകരാതിരിക്കാനും ഊര്‍ജിത നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാക്കണം.