Connect with us

Editorial

ജലദുരന്തങ്ങളില്‍ മറുകര പറ്റാന്‍

Published

|

Last Updated

“ജലമരണങ്ങളെ” അടിയന്തര പ്രാധാന്യത്തോടെ അഭിമുഖീകരിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ഓരോ ജലദുരന്തവും. കൂടുതല്‍ പേര്‍ ഒന്നിച്ചിരയായതും അവര്‍ യുവാക്കളായി എന്നതും പശുക്കടവ് അപകടത്തെ ഭീബത്സമാക്കി. എന്നാല്‍, ഒറ്റക്കോളം വാര്‍ത്തകളില്‍ വിസ്മൃതമാകുന്ന ജലജന്യ അപകടങ്ങള്‍ ഇവിടെ നിരന്തരം നടക്കുന്നുണ്ട്. ഓരോ മരണങ്ങളും പ്രധാനം തന്നെയാണല്ലോ. ഇവയില്‍ പലതിലും വിദ്യാര്‍ഥികളാണ് എന്നതും ശ്രദ്ധിക്കുക.
കേരളം പോലെ തലങ്ങും വിലങ്ങും കിഴക്കോട്ടും പടിഞ്ഞാറോട്ടും നദികളൊഴുകുന്ന, ജീവനാഡിയായി നിരവധി കുളങ്ങളും തോടുകളും കായലുകളുമുള്ള ഒരു നാട്ടില്‍ യുവാക്കളും കുട്ടികളും വെള്ളത്തിന്റെ ചുഴിയില്‍പ്പെട്ട് താഴുന്നതെന്ത് എന്നാലോചിക്കേണ്ടതുണ്ട്. നദികളെ തിരിച്ചറിയുന്നതിന്റെ അനിവാര്യത ഇവിടെയാണ്. സാമാന്യമായി ഒഴുകിക്കൊണ്ടിരിക്കെ ചിലപ്പോള്‍ പുഴ രൗദ്രഭാവം പ്രാപിക്കാം. വൃഷ്ടിപ്രദേശത്തെ മഴയോ ഉരുള്‍പൊട്ടലോ അതിന് ഹേതുവാകും.
ഒഴുക്കില്‍പ്പെടുന്ന ഒറ്റപ്പെട്ട ദുരന്തങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ അതില്‍ പലതിലും പെടുന്നത് വിരുന്നിനു വന്നവരോ പുഴ കാണാന്‍ ചെന്നവരോയൊക്കെയാണ്. പുഴ അവര്‍ക്ക് അപരിചിതമാണ്. നദികളിലെ കുഴികളും മറികളും ചുഴികളും അറിയാതെ അവര്‍ താഴ്ന്നുപോകുന്നു. കുട്ടികളെ പുഴയെ തിരിച്ചറിയാന്‍ പ്രാപ്തരാക്കുക എന്നത് പരിഹാരങ്ങളിലൊന്നാണ്. കുട്ടികള്‍ക്ക് കമ്പ്യൂട്ടറും സാങ്കേതിക വിദ്യകളും മാത്രമല്ല, നീന്തല്‍ പോലെ അനിവാര്യമായ അറിവുകളും നല്‍കേണ്ടതുണ്ടെന്ന് മുങ്ങിമരണ വാര്‍ത്തകള്‍ നമ്മോട് ആവശ്യപ്പെടുന്നത്. മൂര്‍ക്കനാട് കടവില്‍ തോണി മറിഞ്ഞ് വിദ്യാര്‍ഥികള്‍ മരിച്ച ഘട്ടത്തില്‍ ഈ നിര്‍ദേശം ഉയര്‍ന്നതാണ്. അതേസമയം, പശുക്കടവ് പോലെ അണപൊട്ടുന്ന ദുരന്തങ്ങള്‍ക്ക് മുമ്പില്‍ കൂടുതല്‍ ബൃഹത്തായ മുന്‍കരുതലുകള്‍ അനിവാര്യമായിവരുന്നു. മുന്നറിയിപ്പുകളും സുരക്ഷാ സംവിധാനങ്ങളും കാര്യക്ഷമമാക്കുന്നതിനൊപ്പം അപകട മേഖലകളിലെ സന്ദര്‍ശനവും സാഹസികതയും നിരുത്സാഹപ്പെടുത്തുകയും വേണം. ദുരന്തനിവാരണ സേനയുടെ വൈപുല്യവും ഇത്തരം ജലദുരന്തങ്ങള്‍ ആവശ്യപ്പെടുന്നു.
ആരാണ് നദികളെ അപകടകാരികളാക്കിയത് എന്ന ചോദ്യവും ഇതോടൊപ്പം ആലോചനാ വിഷയമാകേണ്ടതുണ്ട്. ഇടംവലം നോക്കാതെയുള്ള കൈയേറ്റങ്ങള്‍ നദികളെ പ്രകോപിപ്പിച്ചിട്ടുണ്ടെന്ന വസ്തുത അവഗണിച്ചുകൊണ്ട് ഇനിയും കേരളത്തിന് മുന്നോട്ടൊഴുകാന്‍ കഴിയില്ല.

കണ്ണുകളെ വെറുതെ വിടുക
ആരോഗ്യ സാക്ഷരതയില്‍ നമുക്കുണ്ടെന്ന് നടിക്കുന്ന മേനി അസംബന്ധമാണെന്ന് തന്നെ കരുതണോ? യാത്രകളിലെ സാമൂഹിക മാധ്യമങ്ങളുടെ അതിരുവിട്ട ഉപയോഗം അത്തരമൊരു ആശങ്ക പ്രസരിപ്പിക്കുന്നതാണ്. അടുത്തിരിക്കുന്നവര്‍ക്ക് അരോചകമായി ഇത് ഉപയോഗിക്കുന്നവരും സ്വന്തം ആരോഗ്യത്തെ അപകടത്തിലാക്കുന്നവരും വര്‍ധിച്ചുവരികയാണ്.
യാത്രകളില്‍ ഇപ്പോള്‍ അധികമാരും പുറത്തേക്ക് നോക്കുന്നില്ല. കണ്ണിമ പൂട്ടാതെ സാമൂഹിക മാധ്യമങ്ങളില്‍ തലതാഴ്ത്തിയിരിക്കുന്നു വലിയൊരു വിഭാഗം. ലോകം താങ്ങിനിര്‍ത്തുന്നു എന്ന പ്രതീതിയില്‍ വരിഞ്ഞുമുറുകി ചിലര്‍ യാത്ര ചെയ്യുമ്പോള്‍, വേറെ ചിലര്‍ ചാറ്റ് ചെയ്തും കുസൃതികള്‍ കാട്ടിയും തൊട്ടടുത്തിരിക്കുന്നവരെ പോലും മറന്നു പോകുന്നു. ഇത് സമ്മാനിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചോ വിവിധതല സ്പര്‍ശിയായ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചോ സാമൂഹിക ജീവിതത്തിലുണ്ടാക്കുന്ന ഇടിവുകളെക്കുറിച്ചോ ഓര്‍ക്കാന്‍ ഈ പാച്ചിലിനിടയില്‍ എവിടെ നേരം?
മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ ചാറ്റും മെസേജും ഗെയ്മും പത്രം വായനയും ഫേസ്ബുക്കും വാട്‌സാപ്പുമെല്ലാം ഇടതടവില്ലാതെ നടക്കുന്നു. ഗതാഗത തടസ്സത്തിന്റെ ഇടവേളകളിലല്ല, കുണ്ടും കുഴികളും നിറഞ്ഞ നമ്മുടെ റോഡുകളിലൂടെ വാഹനങ്ങള്‍ പായുമ്പോഴാണ് വലിയ ഈ സാഹസം. ചെറിയ സ്‌ക്രീനിലേക്ക് തുടര്‍ച്ചയായി നോക്കുന്നത് കണ്ണിന് വലിയ അധ്വാനഭാരം നല്‍കുന്നു. അങ്ങനെ കുറഞ്ഞ സമയം കൊണ്ട് കണ്ണുകള്‍ ക്ഷീണിക്കുന്നു. തലവേദനയും മറ്റു അസ്വസ്ഥതകള്‍ക്കും ഇത് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ നിലയില്‍ പോകുകയാണെങ്കില്‍ കണ്ണിന്റെ വിലയറിയാന്‍ നമുക്ക് കൂടുതല്‍ സമയം വേണ്ടിവരില്ലെന്ന് ഉറപ്പിക്കാം. കൂടിക്കൂടി വരുന്ന കണ്ണാശുപത്രികളും കണ്ണടക്കടകളും എന്നാണ് നമ്മെ പാഠം പഠിപ്പിക്കുക?
പല പടിഞ്ഞാറന്‍ രാജ്യങ്ങളിലെയും പോലെ ഡോക്ടര്‍മാര്‍ സെല്‍ഫോണ്‍ ഫാസ്റ്റിംഗ് നിര്‍ദേശിക്കേണ്ടിവരുമോ ഇവിടെയും? തുല്യതയില്ലാത്ത ഈ ആരോഗ്യ നിരക്ഷരതയെ നിര്‍മാര്‍ജനം ചെയ്യാന്‍ സമയമായിരിക്കുന്നു. ഇങ്ങനെ പോകുകയാണെങ്കില്‍ ഈ മാനിയ ഒരു പൊതുആരോഗ്യ വിഷയമായി വളരുമെന്ന് ഉറപ്പിച്ചു പറയാം.