കോടതി ഉത്തരവ് അംഗീകരിക്കില്ല; തമിഴ്‌നാടിന് വെള്ളം നല്‍കില്ലെന്ന് കര്‍ണാടക

Posted on: September 21, 2016 10:32 pm | Last updated: September 22, 2016 at 9:32 am
SHARE

all-party-meeting-jpg-image-784-410ബെംഗളൂരു: സുപ്രീം കോടതി ഉത്തരവ് തള്ളി കാവേരി നദിയില്‍ നിന്ന് ആറായിരം ഘനയടി വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കേണ്ടതില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ തീരുമാനം. ഇന്നലെ ഇത് സംബന്ധമായി ചേര്‍ന്ന സര്‍വകക്ഷി യോഗ തീരുമാനം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഇന്നലെ മുതല്‍ 10 ദിവസത്തേക്ക് 6,000 ഘനയടി വെള്ളം തമിഴ്‌നാടിന് നല്‍കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നാ ണ് സുപ്രീം കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടത്. ഈമാസം 23ന് കര്‍ണാടക നിയമസഭയുടെ സംയുക്ത യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനം വരെയാണ് തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കേണ്ടതില്ലെന്ന തീരുമാനം.
മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി നടന്ന സര്‍വകക്ഷി യോഗത്തില്‍ ഇത് സംബന്ധിച്ച് അഭിപ്രായ ഐക്യം രൂപപ്പെട്ടിരുന്നുവെങ്കിലും തീരുമാനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തയ്യാറായിരുന്നില്ല. എന്നാല്‍, അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കില്ലെന്ന് അന്തിമ തീരുമാനമെടുത്തതായി മുഖ്യമന്ത്രി വെളിപ്പെടുത്തി.
അതേസമയം, സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. എന്തുതന്നെയായലും തമിഴ്‌നാടിന് ഇനി വെള്ളം വിട്ടുകൊടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. കര്‍ണാടകയിലെ അണക്കെട്ടുകളില്‍ ആവശ്യത്തിന് വെള്ളമില്ലാത്തതും വരള്‍ച്ചാ ഭീഷണി നിലനില്‍ക്കുന്നതുമാണ് ഇക്കാര്യത്തില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. കാവേരി കേസ് സുപ്രീം കോടതിയില്‍ വാദിച്ച് ജയിക്കുന്നതില്‍ പരാജയപ്പെട്ട കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മേല്‍ രാജിസമ്മര്‍ദം ഏറുന്ന സാഹചര്യത്തില്‍ മുഖം രക്ഷിക്കാന്‍ കടുത്ത തീരുമാനം കൈക്കൊള്ളുന്നതിലേക്ക് സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കുകയായിരുന്നു.
തമിഴ്‌നാടിന് പ്രതിദിനം 6000 ഘനയടി വെള്ളം വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നത്. സര്‍ക്കാര്‍ എത്രയും വേഗം രാജിവെച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാര്‍ ആവശ്യപ്പെട്ടു.
കര്‍ണാടകയിലെ ജനസഹസ്രങ്ങളെ ബാധിക്കുന്ന കാവേരി നദീജല തര്‍ക്കവും മഹദായി നദീജല വിഷയവും കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ അഭിഭാഷകന്‍ ഫാലി എസ് നരിമാനെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാറിനെ അടിക്കാന്‍ പ്രതിപക്ഷം പ്രധാനമായും ആയുധമാക്കുന്നത് നദീജല തര്‍ക്കങ്ങള്‍ തന്നെയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here