Connect with us

Gulf

ദുബൈ ക്ലീന്‍ എനര്‍ജി സ്ട്രാറ്റജി 2050 പൂര്‍ണ ലക്ഷ്യത്തിലെത്തിക്കും

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ദുബൈ ക്ലീന്‍ എനര്‍ജി സ്ട്രാറ്റജി 2050 പൂര്‍ണ ലക്ഷ്യത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങക്ക് ദുബൈ ഊര്‍ജ ഉന്നതാധികാര സമിതി യോഗം രൂപം നല്‍കി
പുനരുപയുക്ത ഊര്‍ജത്തിലൂടെ പരിസ്ഥിതി സൗഹൃദ സമ്പദ് വ്യവസ്ഥ വളര്‍ത്താനുള്ള ശൈഖ് മുഹമ്മദിന്റെ ലക്ഷ്യമാണിത്. പുനരുപയുക്ത ഊര്‍ജത്തിലൂടെ 2030ഓടെ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ആവശ്യകത 30 ശതമാനമാക്കി കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലക്ഷ്യംനേടാനാവശ്യമായ പ്രധാന പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി ഊര്‍ജ ഉന്നതാധികാര സമിതി വൈസ് ചെയര്‍മാന്‍ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.
ദുബൈ നഗരസഭയുമായി ചേര്‍ന്ന് പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങള്‍ക്ക് ഗ്രീന്‍ ബില്‍ഡിംഗ് റേറ്റിംഗ് സംവിധാനം ഏര്‍പെടുത്തുന്നതിന്റെ കാര്യങ്ങളും സമിതി യോഗം ചര്‍ച്ച ചെയ്തു.
ഊര്‍ജ, ജല ഉപയോഗം പരമാവധി നിയന്ത്രിക്കുകയും മലിനീകരണം കുറക്കുക, പാരമ്പര്യേതര ഊര്‍ജ പദ്ധതി വ്യാപകമാക്കുക, പരിസ്ഥിതി സൗഹൃദ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് റേറ്റിംഗ് നല്‍കുക.
കെട്ടിടങ്ങളുടെ രൂപരേഖ, നിര്‍മാണരീതി എന്നിവയെല്ലാം നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നതാകണം. താമസകേന്ദ്രങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, വ്യവസായ ശാലകള്‍ എന്നിവ ഉള്‍പെടെയുള്ള എല്ലാ നിര്‍മിതികളും ഇതിന്റെ പരിധിയില്‍ വരും. പ്ലാറ്റിനം, സ്വര്‍ണം, വെള്ളി, സില്‍വര്‍, വെങ്കലം എന്നിങ്ങനെ നാലുതരത്തിലാണ് കെട്ടിടങ്ങളുടെ റേറ്റിംഗ് നിശ്ചയിക്കുക. ഇനി നിര്‍മിക്കുന്ന എല്ലാ കെട്ടിടങ്ങളും വെങ്കല നിലവാരമെങ്കിലും ഉറപ്പുവരുത്തണം. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറച്ച് കൂടുതല്‍ കെട്ടിടങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുകയാണ് ഊര്‍ജ ഉന്നതാധികാര സമിതിയുടെ ലക്ഷ്യം. യോഗത്തില്‍ സമിതി ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍മാന്‍ സഈദ് മുഹമ്മദ് അല്‍ തായര്‍, സെക്രട്ടറി ജനറല്‍ അഹ്മദ് ബുതി അല്‍ മുഹൈരബി, എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനി സി ഇ ഒ സൈഫ് ഹുമൈദ് അല്‍ ഫലാസി, ഓയില്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അബ്ദുല്‍ കരീം, ദുബൈ നഗരസഭ ഭക്ഷ്യസുരക്ഷാ ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് ശരീഫ്, ദുബൈ ന്യൂക്ലിയര്‍ എനര്‍ജി കമ്മിറ്റി വൈസ് ചെയര്‍മാന്‍ വലീദ് സല്‍മാന്‍, ആര്‍ ടി എ സ്ട്രാറ്റജി ആന്‍ഡ് കോര്‍പറേറ്റ്‌സ് ഗവേണ്‍സ് വിഭാഗം സി ഇ ഒ നാസര്‍ അബൂ ശിഹാബ്, ദുബൈ പെട്രോളിയം ജനറല്‍ മാനേജര്‍ ഫ്രെഡറിക് ഷെമിന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.