Connect with us

Articles

സൗമ്യ വധവും സുപ്രീം കോടതി വിധിയിലെ സൗമ്യതയും

Published

|

Last Updated

വിവിധ കാരണങ്ങള്‍ കൊണ്ട് സമൂഹശ്രദ്ധ നേടിയതാണ് സൗമ്യവധം. സ്ത്രീ സമൂഹത്തിന്റെ സുരക്ഷ, ട്രെയിന്‍ യാത്രകളിലെ സുരക്ഷ, പുറം നാട്ടുകാരുടെ കുടിയേറ്റം കേരളത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍, കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ കേരള പോലീസിന്റെ പങ്ക് തുടങ്ങിയ ഒട്ടേറെ കാര്യങ്ങളുടെ ചര്‍ച്ചക്ക് ഈ സംഭവം തിരികൊളുത്തുകയുണ്ടായി. അവസാനം സുപ്രീം കോടതി വിധി പുറത്തുവന്ന ശേഷം ഗോവിന്ദച്ചാമിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ കുറിച്ചും പ്രതിക്ക് വേണ്ടി ഹാജരായ ബി എ ആളൂരിന് ആരാണ് ഫീസ് നല്‍കുന്നത് എന്നത് സംബന്ധിച്ചും ചൂടേറിയ ചര്‍ച്ചകള്‍ തന്നെ നടന്നു. സോഷ്യല്‍ മീഡിയകളിലുള്‍പ്പെടെ ഗൗരവപ്പെട്ട ചര്‍ച്ചകളാണ് ഇതുസംബന്ധിച്ച് ഉണ്ടായത്.
2011 ഫെബ്രുവരി ഒന്നിന് രാത്രി വെള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 23 വയസ്സുള്ള സൗമ്യ എന്ന പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ നാട്ടുകാര്‍ കണ്ടെത്തിയതായിരുന്നു സംഭവങ്ങളുടെ തുടക്കം. ബലാത്സംഗത്തിനിരയാക്കപ്പെട്ടുവെന്ന് ആശുപത്രി അധികൃതര്‍ അഭിപ്രായപ്പെട്ടതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഫെബ്രുവരി ആറിന് സൗമ്യ മരിച്ചു. നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ തൊഴിലെടുത്ത് ജീവിക്കുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഒറ്റക്കയ്യനായ ചാര്‍ളിയെന്ന ഗോവിന്ദച്ചാമി അക്രമിക്കുകയും ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിവിടുകയും ബലാത്സംഗത്തിനിരയാക്കിയ ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് അയാള്‍ കടന്നുകളയുകയും ചെയ്തു. ഇതായിരുന്നു സംഭവത്തിന്റെ ചുരുക്കമെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി.
ഈ കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് കൂടുതല്‍ ആശ്രയിക്കപ്പെട്ടത്. 80ലധികം സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കണ്ടെത്തി അയാള്‍ക്ക് വധശിക്ഷ വിധിക്കുകയും ഇതിനെ ഹൈക്കോടതി ശരിവെക്കുകയും ചെയ്തു.
സുപ്രീം കോടതിയില്‍ ഈ വിധിയെ ചോദ്യം ചെയ്യപ്പെട്ടതോടെയാണ് കേസ് വീണ്ടും പൊതുചര്‍ച്ചക്ക് വിധേയമാകുന്നത്. കേസിലെ നാലാം സാക്ഷിയും നാല്‍പതാം സാക്ഷിയും നല്‍കിയ മൊഴികളിലെ ചെറിയ പഴുതിലൂടെ വധശിക്ഷ സംശയത്തിന്റെ ആനുകൂല്യം നല്‍കി ഒഴിവാക്കാനാണ് സുപ്രീം കോടതി തീരുമാനിച്ചത്. കോടതിയുടെ ഈ തീരുമാനം ഉയര്‍ത്തിയ ചര്‍ച്ചകള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. എന്തായാലും കോടതി വിധി ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയെങ്കിലും പുതിയ ചില സംഭവങ്ങള്‍ വരുന്നതോടെ സൗമ്യ വധവും ഗോവിന്ദച്ചാമിക്ക് വധശിക്ഷ ഒഴിവാക്കി നല്‍കിയതുമൊക്കെ മുങ്ങിപ്പോകാനാണ് സാധ്യത.
പക്ഷേ, സൗമ്യ വധക്കേസും സുപ്രീം കോടതിയുടെ ഇടപെടലും ചില ചോദ്യങ്ങള്‍ ബാക്കിയാക്കുന്നുണ്ട്. പ്രതിയുടെ നഖത്തിനടിയില്‍ നിന്ന് ലഭിച്ച ചര്‍മ്മത്തിന്റെ അംശങ്ങളും സൗമ്യയുടെ ശരീരത്തിലേറ്റ മുറിവുകളും ശാസ്ത്രീയമായി വിശകലനം നടത്തിയതില്‍ പ്രതി സൗമ്യയെ അക്രമിച്ചിട്ടുണ്ടെന്ന് വളരെ വ്യക്തമാണ്. സൗമ്യ ബലാത്സംഗം ചെയ്യപ്പെട്ടത് പ്രതിയാലാണെന്നും തെളിയിക്കപ്പെട്ടു. ട്രെയിനില്‍ യാത്ര ചെയ്യുന്ന സൗമ്യ ആത്മഹത്യ നടത്തിയതല്ലെന്നും വ്യക്തമാണ്. അപ്പോള്‍ പിന്നെ ദിവസങ്ങള്‍ക്ക് ശേഷമാണെങ്കിലും മരണം സംഭവിക്കാനുള്ള കാരണം പ്രതിയുടെ പ്രവര്‍ത്തനം തന്നെയാണെന്ന് വ്യക്തമാകുന്നുണ്ട്. ഇക്കാര്യം കോടതി പരിഗണിക്കേണ്ടിയിരുന്നു. ഒരാള്‍ ചെയ്യുന്ന ഓരോ തെറ്റും നിയമവ്യവസ്ഥയില്‍ പരസ്പരം ബന്ധമില്ലാത്തതാണ്. എങ്കില്‍ പോലും ഗോവിന്ദച്ചാമിയുടെ പൂര്‍വ്വകാല ചരിത്രം കോടതികള്‍ തന്നെ സംസാരിക്കുന്നുണ്ട്. ഇത്തരം വ്യക്തികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമ്പോള്‍ സംശയത്തിന്റെ ആനുകൂല്യം നിയമപരമായി നല്‍കാം. പക്ഷേ വളരെ ബലഹീനമായ സംശയങ്ങള്‍ കൊലക്കയറില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഉപയോഗിക്കുമ്പോള്‍ തന്നെ ജീവപര്യന്തം ശിക്ഷ പരിഗണിക്കുന്നത് ഒഴിവാക്കേണ്ടിയിരുന്നില്ലല്ലോ?. അതുപോലെ വിവിധ ശിക്ഷകള്‍ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നാണ് സുപ്രീം കോടതിയുടെ വിധി. അതുവഴി അഞ്ച് വര്‍ഷത്തിലധികം വിചാരണത്തടവുകാരനായി കഴിഞ്ഞ പ്രതിക്ക് വളരെ വേഗം ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങാനും വഴിയൊരുങ്ങുന്നു. സൗമ്യവധക്കേസില്‍ സുപ്രീം കോടതി സൗമ്യമായോ എന്നതാണ് പൊതുജനത്തിന്റെ ചോദ്യം. എന്തായാലും നിയമത്തിന്റെ എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ള അന്വേഷണമായിരുന്നു നടത്തിയിരുന്നതെങ്കില്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള സാധ്യതകള്‍ എല്ലാം ഇല്ലാതാക്കാമായിരുന്നു. ഇത്തരം “തിരിച്ചടികള്‍” നേരിടാതിരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂട്ടറുടെയും വളരെ വലിയ ജാഗ്രത അനിവാര്യമാകുകയാണ്. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉപേക്ഷിക്കുകയെന്നത് സമൂഹത്തിനോട് ചെയ്യുന്ന അപരാധമാണ്. നാളെ കൂടുതല്‍ സൗമ്യമാര്‍ സൃഷ്ടിക്കപ്പെടാതിരിക്കണമെങ്കില്‍ ബന്ധപ്പെട്ടവരുടെ നിതാന്ത ജാഗ്രത അനിവാര്യമായിരിക്കുന്നു.