ബലൂച് നേതാവ് ഇന്ത്യയില്‍ അഭയം തേടുന്നു

Posted on: September 20, 2016 10:16 am | Last updated: September 20, 2016 at 10:16 am
SHARE

baloojജനീവ/ ന്യൂഡല്‍ഹി: സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പ്രവാസ ജീവിതം നയിക്കുന്ന ബലൂച് നേതാവ് ഇബ്‌റാഹിം ദാഗ് ബുഗ്തി ഇന്ത്യയില്‍ രാഷ്ട്രീയ അഭയത്തിന് അപേക്ഷിക്കും. ഉറിയിലെ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പടുത്താന്‍ ഇന്ത്യ ശക്തമായ നീക്കം നടത്തുന്നതിനിടെയാണ് ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി (ബി ആര്‍ പി) നേതാവിന്റെ തീരുമാനം. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന ബി ആര്‍ പിയുടെ നേതാവിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നല്‍കിയേക്കുമെന്ന് നേരത്തേ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലെ തന്റെ പ്രസംഗത്തില്‍ ബലൂച് പ്രശ്‌നം ഉന്നയിച്ച മോദിയെ ഇബ്‌റാഹിം ദാഗ് ബുഗ്തി പ്രശംസിച്ചിരുന്നു.
സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഇന്ത്യന്‍ എംബസി വഴിയാകും ബുഗ്തി രാഷ്ട്രീയ അഭയത്തിനുള്ള അപേക്ഷ നല്‍കുക. ജനീവയില്‍ ചേര്‍ന്ന ബി ആര്‍ പിയുടെ പ്രത്യേക നിര്‍വാഹക സമിതി യോഗമാണ് ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കാന്‍ ഇബ്‌റാഹിമിന് അനുമതി നല്‍കിയത്.
അതിനിടെ, ബലൂചിസ്ഥാനില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്ന ചൈനക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. പാക് സൈനിക ജനറല്‍മാര്‍ക്കെതിരെയും അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കും. ഇക്കാര്യങ്ങളില്‍ ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ സഹായം തേടും. ബലൂചികള്‍ പരിതാപകരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് ഇബ്‌റാഹിം ദാഗ് ബുഗ്തി പറഞ്ഞു. മോദിയുടെ പ്രസംഗത്തിന് ശേഷം ആളുകള്‍ ബലൂചിസ്ഥാനെ കുറിച്ച് സംസാരിച്ച് തുടങ്ങിയെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പത്ത് വര്‍ഷം മുമ്പ് പാക് സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ട ബലൂച് ദേശീയ നേതാവ് നവാബ് അക്ബര്‍ ഖാന്‍ ബുഗ്തിയുടെ പൗത്രനാണ് ഇബ്‌റാഹിം ദാഗ് ബുഗ്തി. അദ്ദേഹത്തിനും മുഖ്യ സഹായികളായ ഷേര്‍ മുഹമ്മദ് ബുഗ്തിക്കും അസീസുല്ലാ ബുഗ്തിക്കും ഇന്ത്യ പൗരത്വം നല്‍കുന്നുണ്ടെന്ന് പ്രമുഖ പാക് മാധ്യമമായ ജിയോ ന്യൂസാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടെന്ന് പത്രം അവകാശപ്പെട്ടിരുന്നു. ഇതിന് പിറകേയാണ് ബലൂച് നേതാവ് ഇന്ത്യയില്‍ രാഷ്ട്രീയം അഭയം തേടുന്നത്. ബലൂച് നേതാവിന് ഇന്ത്യ അഭയം നല്‍കുകയാണെങ്കില്‍ അത് ഇന്ത്യന്‍ വിദേശനയത്തിന്റെ പുതിയ ദിശ അടയാളപ്പെടുത്തുന്നതാകും.