സൈനിക നീക്കമില്ല; പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്തും

Posted on: September 19, 2016 3:00 pm | Last updated: September 20, 2016 at 9:11 am
SHARE

modi_meeting_3015661gന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖക്ക് സമീപമുള്ള ഉറി സൈനിക താവളത്തില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സമിതികളില്‍ നിന്ന് പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് അന്താരാഷ്ട്ര സമിതികളില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിന് തെളിവുകള്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഈ മാസം 26ന് നടക്കുന്ന യു എന്‍ ജനറല്‍ അസംബ്ലിയിലും അടുത്ത മാസം ഇസ്‌ലാമാബാദില്‍ നടക്കുന്ന സാര്‍ക് ഉച്ചകോടിയിലും ഭീകരാക്രമണത്തില്‍ പാക് പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അംഗരാജ്യങ്ങള്‍ക്ക് മുമ്പില്‍ നിരത്തിവെക്കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി സാര്‍ക്കില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
അന്തരാഷ്ട്ര സമിതികളില്‍ തെളിവുകള്‍ നല്‍കുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ ഐ എ) മിലിട്ടറി ഇന്റലിജന്‍സും ചേര്‍ന്ന് ആക്രമണത്തില്‍ പാക് പങ്ക് സംബന്ധിച്ച് തെളിവുകള്‍ ശേഖരിച്ചു തുടങ്ങി. ഭീകരാക്രമണത്തിന് പിന്നില്‍ നിരോധിത തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആണെന്ന് മിലിട്ടറി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. പാക് അടയാളമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഇത് പാക് ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്ന ശക്തമായ തെളിവാണ്. ഇക്കാര്യം സൈനിക മേധാവികളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വീണ്ടും ചേര്‍ന്നു. പാക്കിസ്ഥാന് ഉചിതമായ തിരിച്ചടി നല്‍കണമെന്നും യോഗത്തില്‍ ഉന്നത സൈനിക ഉദ്യേദസ്ഥര്‍ ആവശ്യപ്പെട്ടു. അതിര്‍ത്തി കടന്ന് ആക്രമണം നടത്തുന്നതിന് സേനക്ക് പൂര്‍ണാധികാരം നല്‍കണമെന്നും യോഗത്തില്‍ സൈനിക മേധാവികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തി കടന്നുള്ള പാക് ഭീകര പ്രവര്‍ത്തനത്തെ പ്രതിരോധിക്കാന്‍ ഇതല്ലാതെ മാര്‍ഗങ്ങളില്ലെന്നും അവര്‍ യോഗത്തില്‍ ഉന്നയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവല്‍, പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയറ്റ്‌ലി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ രാജ്‌നാഥ് സിംഗിനൊപ്പം പ്രധാനമന്ത്രിയെ കണ്ടു. സംഭവസ്ഥലം സന്ദര്‍ശിച്ച റിപ്പോര്‍ട്ട് മനോഹര്‍ പരീക്കര്‍ പ്രധാനമന്ത്രിക്ക് കൈമാറി.
ഉറി സെക്ടറിലെ സൈനികതാവളത്തിനു നേരേ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ 18 സൈനികരാണ് കൊല്ലപ്പെട്ടത്. ഇരുപത് പേര്‍ക്ക് പരുക്കേറ്റു. നിയന്ത്രണരേഖക്കടുത്തുള്ള ദോഗ്ര 10 റെജിമെന്റിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബേസില്‍ പട്ടാളവേഷത്തിലെത്തിയ നാല് ഭീകരരാണ് ആക്രമണം നടത്തിയത്. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ സൈന്യം നാല് ഭീകരരെയും വധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here