കാവേരി മേല്‍നോട്ട സമിതി ഇന്ന് യോഗം ചേരും

Posted on: September 19, 2016 9:08 am | Last updated: September 19, 2016 at 11:48 am
SHARE

kaveriബെംഗളൂരു :കാവേരി നദിയില്‍ നിന്ന് കൂടുതല്‍ വെള്ളം നല്‍കാന്‍ കര്‍ണാടകത്തിന് നിര്‍ദേശം നല്‍കണമെന്ന തമിഴ്‌നാടിന്റെ ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെ, കാവേരി മേല്‍നോട്ട സമിതി ഇന്ന് യോഗം ചേരുന്നു. രാവിലെ ന്യൂഡല്‍ഹിയിലാണ് യോഗം. കേന്ദ്ര ജലവിഭവ സെക്രട്ടറി ശശി ശേഖറിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. കര്‍ണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് കാവേരി മേല്‍നോട്ട സമിതി. 15നകം വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കര്‍ണാടക, തമിഴ്‌നാട്, കേരളം, പുതുച്ചേരി സംസ്ഥാനങ്ങളോട് സമിതി ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും കേരളത്തില്‍ നിന്ന് ചീഫ് എന്‍ജിനീയര്‍ വി കെ മഹാനുദേവന്‍, അസി. എന്‍ജിനീയര്‍ പി ജി വിജയകുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. മുന്‍ ജഡ്ജിമാര്‍, മുന്‍ അഡ്വക്കറ്റ് ജനറല്‍മാര്‍, മുതിര്‍ന്ന അഭിഭാഷകര്‍ എന്നിവരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സുപ്രീംകോടതിയില്‍ വളരെ കരുതലോടെയുള്ള സമീപനം സ്വീകരിക്കുന്നതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് കാവേരി മേല്‍നോട്ട സമിതിയുടെ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. കാവേരിയില്‍ നിന്ന് ലഭിച്ച ജലത്തിന്റെ കണക്ക്, ഉപയോഗം, മഴ എന്നിവയെക്കുറിച്ചുള്ള കണക്കുകള്‍ സംസ്ഥാനങ്ങള്‍ സമര്‍പ്പിക്കും.
തമിഴ്‌നാടിന് ജലം വിട്ടുനല്‍കുക വഴി ശുദ്ധജല വിതരണം തടസപ്പെട്ടതായി കര്‍ണാടക യോഗത്തില്‍ വാദിക്കാനാണ് സാധ്യത. എന്നാല്‍, സുപ്രീംകോടതി ഉത്തരവിട്ടതിലും വളരെ കുറച്ച് ജലം മാത്രമാണ് കര്‍ണാടക വിട്ടുനല്‍കുന്നതെന്നും വിദഗ്ധ സമിതിയെ നിയോഗിച്ച് ഇത് പരിശോധിക്കണമെന്നുമാണ് തമിഴ്‌നാടിന്റെ ആവശ്യം. സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ട നിലപാടുകളില്‍ അന്തിമരൂപമുണ്ടാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. സുപ്രീംകോടതിയില്‍ തങ്ങളുടെ വാദമുഖങ്ങള്‍ നിരസിക്കപ്പെട്ടാല്‍ അത് വലിയതോതിലുള്ള പ്രക്ഷോഭക്കൊടുങ്കാറ്റിനായിരിക്കും വഴിവെക്കുകയെന്ന ആശങ്ക കര്‍ണാടക സര്‍ക്കാറിനുണ്ട്. തമിഴ്‌നാടിന് ജലം വിട്ടുനല്‍കുക വഴി ശുദ്ധജല വിതരണം തടസ്സപ്പെട്ടതായി കര്‍ണാടക യോഗത്തില്‍ വാദിക്കാനാണ് സാധ്യത. എന്നാല്‍, സുപ്രീംകോടതി ഉത്തരവിട്ടതിലും വളരെ കുറച്ച് ജലം മാത്രമാണ് കര്‍ണാടക വിട്ടുനല്‍കുന്നതെന്നും വിദഗ്ധ സമിതിയയെ നിയോഗിച്ച് ഇത് പരിശോധിക്കണമെന്നുമായിരിക്കും തമിഴ്‌നാട് ആവശ്യപ്പെടുകയെന്നറിയുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാവേരി പ്രശ്‌നത്തില്‍ നിയമപോരാട്ടം ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. കര്‍ണാടകയിലെ ജലദൗര്‍ലഭ്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുമെന്ന് ജലവിഭവ മന്ത്രി എം ബി പാട്ടീല്‍ പറഞ്ഞു. കാവേരി അണക്കെട്ടുകള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. കാവേരി നദീ തട ജില്ലകളില്‍ ഇപ്പോള്‍ രൂക്ഷമായ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാന്‍ തുടങ്ങിയതോടെ കൃഷ്ണരാജ സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 27 ടി എം സി അടിയായി കുറഞ്ഞിരിക്കുകയാണ്. കാവേരി നദിയിലെ നാല് അണക്കെട്ടുകളിലായി 40 ടി എം സി അടി വെള്ളമാണ് ഉള്ളത്. ഇക്കാര്യം നാളെ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.
കര്‍ണാടകയില്‍ ജലക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കെ ആര്‍ എസ് അണക്കെട്ടിലെ ജലവിതരണം ഗണ്യമായി കുറഞ്ഞുവരുന്നത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന നിര്‍ദേശം നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്ന കര്‍ണാടകത്തിന്റെ ആവശ്യം കഴിഞ്ഞ 12ന് തള്ളിയ സുപ്രീംകോടതി, കര്‍ണാടക പ്രതിദിനം നല്‍കേണ്ട വെള്ളത്തിന്റെ അളവ് 15000 ഘനയടിയില്‍ നിന്ന് 12000 ആയി കുറക്കുക മാത്രമാണ് ചെയ്തത്. വെള്ളം നല്‍കാനുള്ള ഉത്തരവിനെതിരെ സംസ്ഥാനത്ത് വ്യാപകമായ കര്‍ഷക പ്രക്ഷോഭമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സുപ്രീംകോടതിയില്‍ റിവ്യൂ ഹരജി സമര്‍പ്പിച്ചത്. തമിഴ്‌നാടിന് 15000 ഘനയടി വെള്ളം വീതം നല്‍കണമെന്ന ഉത്തരവ് നടപ്പാക്കുന്നത് വാദം കേള്‍ക്കുന്നത് വരെ നിര്‍ത്തിവെക്കണമെന്നും പ്രതിദിനം നല്‍കേണ്ട വെള്ളത്തിന്റെ അളവ് 1000 ഘനയടിയായി കുറയ്ക്കണമെന്നുമുള്ള കര്‍ണാടകയുടെ ആവശ്യം നിരസിച്ച കോടതി ഈ മാസം 20 വരെ തമിഴ്‌നാടിന് ദിനംപ്രതി 12000 ഘനയടി വെള്ളം വിട്ടുകൊടുക്കണമെന്നാണ് നിര്‍ദേശിച്ചത്.
നാളത്തെ കോടതി വിധി എന്താകുമെന്നാണ് തമിഴ്‌നാട്- കര്‍ണാടക സംസ്ഥാനങ്ങള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. കര്‍ഷക സംഘടനകളും ഏറെ പ്രതീക്ഷയിലാണ്. കാവേരി പ്രക്ഷോഭം ക്രമസമാധാന നില അടിമുടി അവതാളത്തിലാക്കിയ സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ണാടക സര്‍ക്കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here