തൂക്കുകയറില്‍ തീരുന്നതല്ല സൗമ്യമാരോടുള്ള നീതി

ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെ എന്ന് സുപ്രീം കോടതി നേരത്തെ തന്നെ വിധിച്ചിട്ടുണ്ട്. അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടങ്ങള്‍ക്കുണ്ട്. അതിനെ ബോധപൂര്‍വം മറക്കുന്നവരാണ്, ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ നല്‍കുന്നത് മാത്രമേ സൗമ്യക്കുള്ള നീതിയാകൂ എന്ന് വാദിക്കുന്നത്. പൊതു ഇടങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുക എന്നതും സൗമ്യക്കുള്ള നീതി നല്‍കലാണ്. അടിമുതല്‍ മുടി വരെ ചൂഷണത്വരയുമായി ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് ആലോചിക്കാനാണ് സൗമ്യയും ജിഷയുമൊക്കെ ആവശ്യപ്പെടുന്നത്; ചൂഷണത്വരയുള്ളവരെ സംരക്ഷിക്കാന്‍ വെമ്പി നില്‍ക്കുന്ന അധികാര വ്യവസ്ഥയില്‍ എന്ത് മാറ്റം വരുത്താനാകുമെന്ന് ചിന്തിക്കാനും. അതിന് പകരം ഒരാളെ തൂക്കിലേറ്റിയാല്‍ നീതി നടപ്പായെന്ന് വിശ്വസിക്കുന്ന, വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അങ്ങനെ കണ്ണടക്കുന്നവര്‍ കൂടുതല്‍ സൗമ്യമാരെ, ജിഷമാരെ പ്രതീക്ഷിക്കുന്നവരാണ്. സൗമ്യയുടെയും ജിഷയുടെയുമൊക്കെ ജീവനില്‍ അക്രമിക്ക് മാത്രമല്ല, നമുക്കും ഉത്തരവാദിത്തമുണ്ടായിരുന്നു. ആ ഉത്തരവാദിത്വം കുടഞ്ഞുകളയാന്‍ കൂടിയാണ് തൂക്കുമരത്തിന് കീഴെ ഒരാളെ നിര്‍ത്തണമെന്ന് നമ്മള്‍ നിര്‍ബന്ധിക്കുന്നത്.
Posted on: September 19, 2016 8:42 am | Last updated: September 19, 2016 at 8:42 am
SHARE

govindachamiസൗമ്യ വധക്കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിയുടെ ശിക്ഷ ഇളവ് ചെയ്ത സുപ്രീം കോടതിയുടെ ഉത്തരവ് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയാണ്. വിചാരണക്കോടതി വിധിക്കുകയും കേരള ഹൈക്കോടതി ശരിവെക്കുകയും ചെയ്ത വധശിക്ഷ സുപ്രീം കോടതി അംഗീകരിക്കാത്തത്, പൊതുവില്‍ വലിയ നിരാശ സൃഷ്ടിച്ചിട്ടുണ്ട്. കേസില്‍ സുപ്രീം കോടതി പരിഗണിക്കാതെ പോയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു മുതല്‍ താഴേക്ക് പലരും വിമര്‍ശവുമായി രംഗത്തുണ്ട്. ട്രെയിനില്‍ വെച്ച് ആക്രമിക്കുകയും ട്രാക്കിലേക്ക് തള്ളിയിട്ട് ബലാത്സംഗത്തിന് വിധേയയാക്കുകയും അതുവഴി ജീവന്‍ നഷ്ടപ്പെടാന്‍ പാകത്തില്‍ പരുക്കേല്‍പ്പിക്കുകയും ചെയ്ത ഗോവിന്ദച്ചാമിയെ തൂക്കിലേറ്റുക എന്നത് മാത്രമാണ് സൗമ്യയെന്ന പെണ്‍കുട്ടിക്ക് നല്‍കാവുന്ന നീതിയെന്നും അതില്ലാതാകുന്നത് രാജ്യത്തെ സ്ത്രീകളെ മുഴുവന്‍ അരക്ഷിതരാക്കുമെന്നും അഭിപ്രായമുയര്‍ന്നിരിക്കുന്നു.
ഏതാണ്ടെല്ലാ സംഗതികളിലുമെന്ന പോലെ രാഷ്ട്രീയവും ഇവിടെ അതിന്റെ പങ്ക് കളിക്കുന്നുണ്ട്. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടത് ജനാധിപത്യ മുന്നണി സര്‍ക്കാര്‍ വേണ്ട ശ്രദ്ധ നല്‍കാത്തതുകൊണ്ടാണ് ശിക്ഷയില്‍ ഇളവുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഗോവിന്ദച്ചാമിക്ക് പരമാവധി ശിക്ഷ നേടിക്കൊടുക്കാന്‍ പാകത്തിലുള്ള ജാഗ്രത യു ഡി എഫ് സര്‍ക്കാറിനുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രതിപക്ഷ വിമര്‍ശം. വധശിക്ഷ ഒഴിവാക്കണമെന്ന സി പി എം നിലപാടാണ് ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍ നിന്ന് രക്ഷിച്ചതെന്നും ഈ നിലപാട് തുടര്‍ന്നാല്‍ സംസ്ഥാനത്തെ സ്ത്രീകള്‍ സുരക്ഷിതരായിരിക്കില്ലെന്നും വരെ അഭിപ്രായപ്പെട്ട യു ഡി എഫ് നേതാക്കളുണ്ട്.
സുപ്രീം കോടതിയില്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരാകാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി തോമസ് പി ജോസഫിനെ നിയമിച്ചത് യു ഡി എഫ് സര്‍ക്കാറാണെന്നും ഇതില്‍ എല്‍ ഡി എഫ് പ്രത്യേകിച്ച് ഇടപെടലൊന്നും നടത്തിയിട്ടില്ലെന്നും നിയമമന്ത്രി എ കെ ബാലനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിശദീകരിച്ചു. വധശിക്ഷ വേണ്ടെന്നാണ് പാര്‍ട്ടി നിലപാടെങ്കിലും ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ വേണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അതിനായി സാധ്യമായ നിയമ വഴികളെല്ലാം തേടുമെന്നും പ്രസ്താവിച്ച് പരുക്കിന്റെ ആഴം കുറക്കാന്‍ ബാലന്‍ ശ്രമിക്കുകയും ചെയ്തു. യു ഡി എഫായിരുന്നു അധികാരത്തിലെങ്കില്‍ ഇടത് ജനാധിപത്യ മുന്നണിയും സര്‍ക്കാറിനെ കുറ്റപ്പെടുത്തി രംഗത്തുവരുമായിരുന്നു, ഏതാണ്ട് സമാനമായ രീതിയില്‍ യു ഡി എഫ് നേതാക്കള്‍ ന്യായീകരണം നിരത്തുകയും ചെയ്യുമായിരുന്നു. പ്രത്യേകിച്ചൊന്നും പ്രദാനം ചെയ്യാത്ത ഈ രാഷ്ട്രീയപ്പോരും കോടതി വിധിയെക്കുറിച്ചുള്ള തര്‍ക്കങ്ങളും പ്രധാനപ്പെട്ട സംഗതികളെ അപ്രസക്തമാക്കുകയാണ്.
എറണാകുളം – ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലെ സ്ത്രീകള്‍ക്കു മാത്രമുള്ള കമ്പാര്‍ട്ടുമെന്റിലെ യാത്രക്കിടെ ഒറ്റക്കായപ്പോഴാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. യാത്രക്കാരായ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒരു സംവിധാനവുമുണ്ടായിരുന്നില്ല. ഏത് ഗോവിന്ദച്ചാമിക്കും എപ്പോഴും കയറിപ്പറ്റാവുന്ന സ്ഥിതി ട്രെയിനിലുണ്ടായിരുന്നു. ആ ദുരന്തത്തിന് ശേഷം എന്തെങ്കിലും മാറ്റം ഈ ട്രെയിനുകളിലുണ്ടായോ? സുരക്ഷ ഉറപ്പാക്കും, വനിതാ കമ്പാര്‍ട്ട്‌മെന്റുകളില്‍ സുരക്ഷാ ഗാര്‍ഡുകളെ നിയോഗിക്കും, അതിനായി വനിതകളെ അധികമായി റെയില്‍വേ പോലീസിലേക്ക് റിക്രൂട്ട് ചെയ്യും എന്നിത്യാദി പ്രഖ്യാപനങ്ങളുണ്ടായതൊഴിച്ചാല്‍.
സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ആര് എന്നതില്‍ തര്‍ക്കമുണ്ടായിരുന്നു അന്ന്. ഡോ. ഷെര്‍ളി വാസുവും ഡോ. ഉന്‍മേഷും തമ്മിലുള്ള തര്‍ക്കം കോടതി കയറുകയും ചെയ്തു. അതിലൊരു തീര്‍പ്പ് ഇക്കാലം വരെ ഉണ്ടായതായി അറിവില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം പെരുമ്പാവൂരില്‍ സ്വന്തം കൂരക്കുള്ളില്‍വെച്ച് കൊല ചെയ്യപ്പെട്ട ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിനെക്കുറിച്ചും പരാതിയുണ്ടായി, തര്‍ക്കങ്ങളും. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത തന്റെ മൊഴിയെടുക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും ഇത് കേസിനെ ദുര്‍ബലപ്പെടുത്തിയെന്നും ആരോപിക്കുന്ന ഡോ. ഷെര്‍ളി വാസു, കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഡോക്ടര്‍മാര്‍ ഇപ്പോഴും സര്‍ക്കാര്‍ സര്‍വീസില്‍ തുടരുകയാണെന്നും കുറ്റപ്പെടുത്തുന്നു. അന്നുണ്ടായ തര്‍ക്കത്തിന് ശേഷവും, ആക്ഷേപങ്ങളുയരാത്ത വിധം, കുറ്റകൃത്യത്തിലേക്ക് കൃത്യമായി വെളിച്ചം വീശും വിധത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നുവെന്ന് ഉറപ്പാക്കപ്പെട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമം പാലിച്ചാണോ അല്ലയോ എന്നതൊക്കെ പരിശോധിക്കപ്പെടുക വലിയ ചര്‍ച്ചാവിഷയമാകുന്ന കേസുകളില്‍ മാത്രമായിരിക്കും. അതുകൊണ്ടാവണം ചില കേസുകളില്‍ ഇതേച്ചൊല്ലിയൊക്കെ തര്‍ക്കങ്ങളുണ്ടാകുന്നത്. മറ്റു കേസുകളിലോ? അവകളില്‍ നിഷ്‌കൃഷ്ടമായ വിധം നടപടികള്‍ ഉണ്ടാകുന്നുണ്ടോ? അങ്ങനെ ഉണ്ടാകുന്നുവെന്ന് ഉറപ്പിക്കാവുന്ന സംവിധാനം നിലവിലുണ്ടോ?
സൗമ്യ ആക്രമിക്കപ്പെട്ടത് വലിയ വികാരമാണ് സമൂഹത്തില്‍ സൃഷ്ടിച്ചത്. പ്രതിയെ ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന മുറവിളി ശക്തമായിരുന്നു. ഇത് മാധ്യമങ്ങളില്‍ പ്രതിഫലിച്ചു. രാഷ്ട്രീയ- സാമൂഹിക സംഘടനകള്‍ ജാഗരൂകരായി. ഇതൊക്കെ വേണ്ടത് തന്നെ. പക്ഷേ, ഇതുയര്‍ത്തുന്ന സമ്മര്‍ദം ഭരണത്തിലിരിക്കുന്നവരെ, അവരിലൂടെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥരെ എത്രമാത്രം സമ്മര്‍ദത്തിലാക്കിയിട്ടുണ്ടാകും. ഗോവിന്ദച്ചാമിയെ വേഗം പിടികൂടാന്‍ സാധിച്ചതുകൊണ്ട്, പ്രതിയെ പിടികൂടുന്നതില്‍ അലംഭാവമുണ്ടായെന്ന ആക്ഷേപം പോലീസ് കേട്ടിട്ടുണ്ടാകില്ല. എത്രയും വേഗം കുറ്റപത്രം നല്‍കി, വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ നടപ്പാക്കുക എന്നതിലായിരുന്നു പിന്നീടുണ്ടായ സമ്മര്‍ദം. സാക്ഷികളുണ്ടെങ്കില്‍ അവരെ മുഴുവന്‍ കണ്ടെത്തുന്നതില്‍, അവരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍, ലഭ്യമായ സാഹചര്യത്തെളിവുകളെ മൊഴികളെ സാധൂകരിക്കും വിധത്തില്‍ അടുക്കുന്നതില്‍ ഒക്കെ ഈ സമ്മര്‍ദം പ്രയാസം സൃഷ്ടിച്ചിട്ടുണ്ടാകുമോ? ജിഷ വധക്കേസില്‍, തുടക്കത്തില്‍ പോലീസിന്റെ ഭാഗത്ത് വലിയ അനാസ്ഥയുണ്ടായിരുന്നു. വ്യക്തികളോ സംഘടനകളോ ഇടപെട്ടപ്പോഴാണ് അന്വേഷണം ഊര്‍ജിതമായത്. ചില കേസുകളിലെങ്കിലും അത്തരം ഇടപെടല്‍ ആവശ്യമായി വരും. പക്ഷേ, ഏതെങ്കിലും വിധത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് തടിയൂരുക എന്ന മനോനിലയിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ എത്തിക്കും വിധത്തിലുള്ള സമ്മര്‍ദത്തിലേക്ക് കാര്യങ്ങള്‍ പോകാതിരിക്കുകയും വേണം.
കുറ്റാന്വേഷണമെന്നത് വൈദഗ്ധ്യവും പരിശീലന തികവും ആവശ്യമുള്ള മേഖലയാണ്. അവിടെ സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പാക്കുകയും അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുകയുമാണ് ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ ചെയ്യേണ്ടത്. അതിന് സാധിക്കണമെങ്കില്‍ പോലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കണം. അത് നമ്മുടെ രാജ്യത്ത് ഇതുവരെ സംഭവിക്കാത്ത സംഗതിയാണ്. സമ്പത്തോ അധികാര കേന്ദ്രങ്ങളിലുള്ള സ്വാധീനമോ ഉള്ളവരെക്കുറിച്ചുള്ള പരാതികളില്‍ അന്വേഷണം ഉണ്ടാകാതിരിക്കുകയോ അട്ടിമറിക്കപ്പെടുകയോ ഒക്കെ ചെയ്യുന്നതുകൊണ്ടാണ്, ഏതാണ്ടെല്ലാ കേസുകളുടെ അന്വേഷണത്തെക്കുറിച്ചും സംശയങ്ങളുണ്ടാകുന്നത്. സ്വാധീനിക്കാന്‍ ആളെത്താന്‍ ഇടയുണ്ടെന്നും പഴുതുകള്‍ അവശേഷിപ്പിച്ചാല്‍ പണമായോ സ്ഥാനമായോ നേട്ടമുണ്ടാകാന്‍ ഇടയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കാനും ഈ സാഹചര്യം കാരണമാണ്. അതുകൊണ്ട് കൂടിയാണ് വിചാരണ വേളയിലോ അപ്പീല്‍ പരിഗണിക്കുമ്പോഴോ ചരടുകളൊന്നാകെ പൊട്ടി, ചില കേസുകളെങ്കിലും തകര്‍ന്ന് പോകുന്നത്.
ദാരുണമായ ഒരു സംഭവം സമൂഹത്തിലുയര്‍ത്തുന്ന വികാരത്തെ അടിസ്ഥാനമാക്കിയല്ല, നീതിന്യായ വിചാരണ നടക്കേണ്ടത്. അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍, ആ തെളിവുകളെ എത്രമാത്രം സ്വീകരിക്കാമെന്ന നിയമവ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഒക്കെയാണ്. അതിനെ ആധാരമാക്കി വേണം ന്യായാസനങ്ങള്‍ പ്രവര്‍ത്തിക്കാന്‍. അല്ലെങ്കില്‍ വ്യവസ്ഥയുണ്ടാകില്ല. അത്തരം വ്യവസ്ഥകള്‍ ഉണ്ടായിരിക്കണമെന്നാണ് സുപ്രീം കോടതി ഓര്‍മിപ്പിച്ചത്. ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെ എന്ന് സുപ്രീം കോടതി നേരത്തെ തന്നെ വിധിച്ചിട്ടുണ്ട്. അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടങ്ങള്‍ക്കുണ്ട്. അതിനെ ബോധപൂര്‍വം മറക്കുന്നവരാണ്, ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ നല്‍കുന്നത് മാത്രമേ സൗമ്യക്കുള്ള നീതിയാകൂ എന്ന് വാദിക്കുന്നത്. പൊതു ഇടങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുക എന്നതും സൗമ്യക്കുള്ള നീതി നല്‍കലാണ്. സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കാന്‍ പാകത്തിലുള്ള സംവിധാനം പ്രാബല്യത്തിലാക്കുക എന്നതും സൗമ്യയോടും സമൂഹത്തോടുമുള്ള നീതി ചെയ്യലാണ്. അന്വേഷണം, ക്രമസമാധാനപാലനം എന്നിങ്ങനെ പോലീസിനെ വിഭജിക്കണമെങ്കില്‍ അങ്ങനെ ചെയ്യാന്‍ വേഗത്തില്‍ നടപടി സ്വീകരിക്കണം. ഈ വിഭജനം അഴിമതിയും സ്വജനപക്ഷപാതവും കുറക്കാന്‍ ഒരു പരിധിവരെ സഹായിച്ചേക്കും.
ട്രെയിനിലോ തെരുവിലോ മാത്രമല്ല, വീട്ടില്‍, വിദ്യാലയത്തില്‍, തൊഴിലിടത്തില്‍ ഒക്കെ അതിക്രമങ്ങള്‍ക്ക് പഞ്ഞമില്ല. അതില്‍ തന്നെ ഇരകളാക്കപ്പെടുന്നവരില്‍ വലിയൊരു പങ്ക് സ്ത്രീകളാണ്, ഏറെക്കുറെ എല്ലാം ലൈംഗിക അതിക്രമങ്ങളുമാണ്. വീടുകളില്‍ അരങ്ങേറുന്ന അതിക്രമങ്ങളില്‍ പ്രതിസ്ഥാനത്ത് അടുത്ത ബന്ധുക്കളാണ്. വിദ്യാലയത്തിലോ തൊഴിലിടത്തിലോ ഇത്തരം അതിക്രമങ്ങള്‍ കാട്ടുന്നവര്‍ ഏറെ പരിചിതരായ വ്യക്തികളോ മിത്രങ്ങളോ ഒക്കെയാണ്. വ്യവസായ സംരംഭത്തിന് ഇറങ്ങിത്തിരിച്ച സ്ത്രീക്ക് അധികാരകേന്ദ്രങ്ങളില്‍ ഇരിക്കുന്നവരില്‍ നിന്ന് നേരിടേണ്ടിവന്ന ചൂഷണങ്ങളെക്കുറിച്ചുള്ള പരാതികള്‍ കേരളം ദീര്‍ഘനാള്‍ കേട്ടതാണ്. പണവും അധികാരവും ഉപയോഗിച്ച് പരാതികളെ ഇല്ലാതാക്കാന്‍ വലിയ ശ്രമം നടന്നതിന്റെ കഥകളും കേട്ടു.
അടിമുതല്‍ മുടി വരെ ചൂഷണത്വരയുമായി ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് ആലോചിക്കാനാണ് സൗമ്യയും ജിഷയുമൊക്കെ ആവശ്യപ്പെടുന്നത്. ചൂഷണത്വരയുള്ളവരെ സംരക്ഷിക്കാന്‍ വെമ്പി നില്‍ക്കുന്ന അധികാര വ്യവസ്ഥയില്‍ എന്ത് മാറ്റം വരുത്താനാകുമെന്ന് ചിന്തിക്കാനും. അതിന് പകരം ഒരാളെ തൂക്കിലേറ്റിയാല്‍ നീതി നടപ്പായെന്ന് വിശ്വസിക്കുന്ന, വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അങ്ങനെ കണ്ണടക്കുന്നവര്‍ കൂടുതല്‍ സൗമ്യമാരെ, ജിഷമാരെ പ്രതീക്ഷിക്കുന്നവരാണ്. സൗമ്യയുടെയും ജിഷയുടെയുമൊക്കെ ജീവനില്‍ അക്രമിക്ക് മാത്രമല്ല, നമുക്കും ഉത്തരവാദിത്തമുണ്ടായിരുന്നു. ആ ഉത്തരവാദിത്വം കുടഞ്ഞുകളയാന്‍ കൂടിയാണ് തൂക്കുമരത്തിന് കീഴെ ഒരാളെ നിര്‍ത്തണമെന്ന് നമ്മള്‍ നിര്‍ബന്ധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here