കുറ്റിയാടി അപകടം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

Posted on: September 19, 2016 11:55 pm | Last updated: September 20, 2016 at 9:18 am
SHARE

 

perambraകോഴിക്കോട്: കുറ്റിയാടി കടന്തറ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആറ് പേരില്‍ നാല് യുവാക്കളുടെ മൃതദേഹം കിട്ടി. രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. മൂന്ന് പേരുടെ മൃതദേഹം ഇന്നലെയും ഒരാളുടെത് ഞായറാഴ്ച രാത്രിയുമാണ് കണ്ടെത്തിയത്. കക്കുഴിയുള്ള കുന്നുമ്മല്‍ ശശിയുടെ മകന്‍ ഷജിന്‍ (19), മരുതോങ്കര കോതോട് പാറയുള്ള പറമ്പത്ത് രാജീവന്റെ മകന്‍ അക്ഷയ്‌രാജ് (19), കറ്റോടി ചന്ദ്രന്റെ മകന്‍ അശ്വന്ത് (19) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. പാറക്കല്‍ രാമകൃഷ്ണന്റെ മകന്‍ രജീഷിന്റെ മൃതദേഹം ഞായറാഴ്ച രാത്രി കണ്ടെത്തിയിരുന്നു. പാറയുള്ള പറമ്പത്ത് രാജന്റെ മകന്‍ വിഷ്ണു (20), ദേവദാസിന്റെ മകന്‍ വിപിന്‍ദാസ് (21) എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. എന്‍ ഡി ആര്‍ എഫ് ടീം കമാന്‍ഡര്‍ എ കെ അമറിന്റെ നേതൃത്വത്തിലുള്ള 26 അംഗ സംഘം മൂന്ന് ഗ്രൂപ്പുകളായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പൊതുദര്‍ശനത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഞായറാഴ്ച വൈകീട്ട് നാലിന് പൂഴിത്തോട് ചെറുകിട ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ടിന് സമീപം കടന്തറ പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് പേരാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ പുഴയില്‍ വെള്ളം ഉയരുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന വിനീഷും അമലും നീന്തി രക്ഷപ്പെട്ടു. ഒഴുക്കില്‍പ്പെട്ട ജിഷ്ണുവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് കനത്ത മഴവെള്ളപ്പാച്ചിലും പാറക്കെട്ടുകളും തടസ്സമായി. പുഴയോരത്തോടു ചേര്‍ന്നുള്ള പലഭാഗത്തും വെളിച്ചമില്ലാത്തത് സാരമായി ബാധിച്ചു. ഇലക്ട്രിക് ലാംബുകളും സി എഫ് എല്‍ ലൈറ്റുകളും കൊണ്ടുവന്ന ശേഷമാണ് രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ചേലക്കാട് നിന്നുള്ള ഫയര്‍ഫോഴ്‌സും കുറ്റിയാടിയില്‍ നിന്ന് ആംബുലന്‍സും ഡോക്ടര്‍മാരുടെ സംഘവും കുറ്റിയാടി, തൊട്ടില്‍പാലം സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
പുഴയോരത്ത് വലിയ കയര്‍ കെട്ടി ആളുകളെ മാറ്റിയ ശേഷമാണ് അഗ്നിശമന സേനാംഗങ്ങള്‍ തിരച്ചില്‍ തുടര്‍ന്നത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും യു എല്‍ സി സി തൊഴിലാളികളും ചേര്‍ന്ന് ഞായറാഴ്ച നടത്തിയ തിരച്ചില്‍ പുലര്‍ച്ചെ മൂന്ന് വരെ നീണ്ടു. ഇതിനിടയില്‍ തൃശൂരില്‍ നിന്ന് എന്‍ ഡി ആര്‍ എഫ് സംഘം എത്തിയെങ്കിലും മഴയും ഇരുട്ടും കാരണം തിരച്ചില്‍ തുടരാനുള്ള സാഹചര്യമായിരുന്നില്ല. ഇന്നലെ രാവിലെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്.
മരിച്ച അക്ഷയ് രാജ് പേരാമ്പ്ര സ്വകാര്യ ഐ ടി ഐ വിദ്യാര്‍ഥിയാണ്. മാതാവ്: നിഷ, സഹോദരി: ശ്രീമോള്‍. രജീഷ് നിര്‍മാണത്തൊഴിലാളിയാണ്. മാതാവ്: ഉഷ, സഹോദരന്‍: രഞ്ജിത്ത്. ഷജിന്‍ കുറ്റിയാടി ആര്‍ട്‌സ് കോളജ് പ്ലസ്ടു വിദ്യാര്‍ഥിയാണ്. മാതാവ്: ബിന്ദു, സഹോദരന്‍: ശിബിന്‍. പോരാമ്പ്ര മേഴ്‌സി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. അശ്വന്ത്. മാതാവ്: ശാന്ത, സഹോദരന്‍: അശ്വിന്‍.