എടക്കലിനെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കണം: എം ജി എസ്

Posted on: September 18, 2016 3:45 pm | Last updated: September 18, 2016 at 3:20 pm

കോഴിക്കോട്: എടക്കലിനെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കണമെന്നും ആവശ്യമായ സംരക്ഷണം വേണമെന്നും പ്രമുഖ ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍ ചൂണ്ടിക്കാട്ടി. പൈതൃകം സാംസ്‌കാരിക സംഘം എടയ്ക്കല്‍ ഗുഹയെ കുറിച്ച് തയ്യാറാക്കിയ ‘എടക്കല്‍ ദി റോക്ക് മാജിക്’ എന്ന ഡോക്യുമെന്ററി കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എടക്കലില്‍ അടുത്തിടെ കൂടുതല്‍ ലിഖിതങ്ങള്‍ കണ്ടെത്തിയത് അതിന്റെ പ്രാധാന്യമാണ് ചൂണ്ടിക്കാണിക്കുന്നത്. അവിടെ കണ്ടെത്തിയ ലിഖിതങ്ങള്‍ക്ക് സിന്ധു ലിപികളുമായി സാമ്യമുണ്ട്. ഇനിയും അന്വേഷിച്ചാല്‍ കൂടുതല്‍ കണ്ടെത്തിയേക്കാം. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഖനനത്തിന് അനുമതി നല്‍കിയ എടക്കലിനെ ഇന്നത്തെ നിലയില്‍ സംരക്ഷിക്കാനായത് നാട്ടുകാരുടെ പ്രവര്‍ത്തനം കാരണമാണ്. അല്ലായിരുന്നുവെങ്കില്‍ എടയ്ക്കല്‍ ഇന്നുണ്ടാകുമായിരുന്നില്ല. അന്ന് ഖനനം നടത്തരുതെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കാണാന്‍ പോയ സംഘം അവരുടെ സെക്രട്ടറിയെ കണ്ട് വിഷയത്തിന്റെ ഗൗരവം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം ഉടന്‍ നിര്‍ത്തി വെപ്പിക്കാന്‍ തയ്യാറായി. പിന്നീടും കുറെ കാലം കഴിഞ്ഞതിന് ശേഷമാണ് എടയ്ക്കലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതും ഇന്നത്തെ നിലയില്‍ സംരക്ഷണം ലഭിച്ചതും.
നേരത്തെ 1901ല്‍ എടക്കലിനെ കുറിച്ച് പ്രബന്ധം പ്രസിദ്ധപ്പെടുത്തിയപ്പോള്‍ കേരളത്തിലെയടക്കം ചരിത്ര ഗവേഷകന്മാര്‍ ആരും അങ്ങോട്ട് പോകാന്‍ തയ്യാറായില്ല.
എന്നാല്‍ കലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ചരിത്ര വകുപ്പ് രൂപവത്കരിക്കപ്പെട്ടപ്പോഴാണ് എട്ക്കലിനെ കുറിച്ച് പഠിക്കാന്‍ തയ്യാറായത്. ലോഹ യുഗം ആരംഭിച്ചതിന് ശേഷമാകും ചിത്രങ്ങള്‍ കൊത്തിയെടുത്തതെന്ന് കരുതുന്നു. ഇതെ തരത്തില്‍ ലോകത്ത് തന്നെ അപൂര്‍വ്വമായി മാത്രമെ ചിത്രങ്ങള്‍ കൊത്തിയെടുത്തിട്ടുള്ളു. പ്രവേശന കവാടം ഇടുങ്ങിയത് എന്നത് കൊണ്ട് തന്നെ ജനങ്ങള്‍ അഭയ സ്ഥാനമായി കരുതിയ സ്ഥലമാണ് എടയ്ക്കലെന്നും ഡോ എം ജി എസ് ചൂണ്ടിക്കാട്ടി.
ഡോ എം ആര്‍ രാഘവ വാര്യര്‍ അധ്യക്ഷത വഹിച്ചു. തോമസ് അന്വലവയല്‍, ഡോ എം വിജയലക്ഷ്മി, ഡോ ഹരിദാസന്‍, എന്‍ ബി രാജേഷ്, ഇന്ദുകേഷ് തൃപ്പനച്ചി, പ്രസംഗിച്ചു. പി ടി സന്തോഷ്‌കുമാറാണ് ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. എടയ്ക്കല്‍ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ആവശ്യകതയെ കുറിച്ചും എടക്കല്‍ നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ചും ഡോക്യുമെന്ററി പ്രതിപാദിക്കുന്നു.