ഫാസിസ്റ്റുകള്‍ അടിക്കടി യഥാര്‍ത്ഥ മുഖം വെളിവാക്കുന്നു: പി എം സ്വാദിഖലി

Posted on: September 18, 2016 3:19 pm | Last updated: September 18, 2016 at 3:19 pm
SHARE
പി എം സാദിഖലി
പി എം സാദിഖലി

കോഴിക്കോട്: ജനാധിപത്യ ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്ന ഫാസിസ്റ്റുകള്‍ അടിക്കടി അതിന്റെ യഥാര്‍ത്ഥ മുഖം വെളിവാക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി പറഞ്ഞു.
ഗുജറാത്തിലെ ദളിത് സമര നായകന്‍ ജിഗ്നേഷ് മേവാനിയെ അകാരണമായി അറസ്റ്റ് ചെയ്യുകയും സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ വിട്ടയക്കേണ്ടി വന്നതും ഇതാണ് കാണിക്കുന്നത്. ജനാധിപത്യം വെറും പുകമറ മാത്രമാണെന്നതും തരം കിട്ടുമ്പോഴൊക്കെ തനിനിറം പുറത്താകുമെന്നതും ഫാസിസത്തിന്റെ സ്വഭാവമാണ്. ഭയപ്പെടുത്തിയും അടിച്ചമര്‍ത്തിയും ഫാസിസം നടപ്പാക്കാമെന്നാണ് ഇവര്‍ വിചാരിക്കുന്നത്. മോദിയുടെ പിറന്നാള്‍ ആഘോഷത്തിന് വിഘ്‌നം വരുമെന്ന് ഭയന്നാണെത്ര മേവാനിയെ അറസ്റ്റ് ചെയ്തതെന്നും അദ്ധേഹം പറഞ്ഞു.
ജനാധിപത്യത്തിന്റെ ഈ നാട്ടില്‍ ഈ ഫാസിസ്റ്റ് വാഴ്ചക്കെതിരെ എല്ലാവരും ഒരുമിച്ച് നീങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും വാര്‍ത്താകുറിപ്പിലൂടെ സാദിഖലി പറഞ്ഞു.