Connect with us

Malappuram

നിയമം യാന്ത്രികമായി വ്യാഖ്യാനിക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ല: സ്പീക്കര്‍

Published

|

Last Updated

കോഴിക്കോട്: നിയമങ്ങള്‍ക്ക് ജീവനുണ്ടെന്നും അതിനെ യാന്ത്രികമായല്ല ജൈവികമായാണ് വ്യാഖ്യാനിക്കേണ്ടതെന്നും കേരളാ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കെ യു എസ് ടി യു ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ മക്കളെ അനുമോദിക്കുന്ന ചടങ്ങില്‍ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹചര്യങ്ങള്‍ക്കും വസ്തുതകള്‍ക്കുമനുസരിച്ചാണ് നിയമങ്ങള്‍ വ്യാഖ്യാനിക്കേണ്ടത്. സൗമ്യ വധത്തിനു കാരണം പ്രതി തന്നെ ചെയതതാണോ സൗമ്യ ഒറ്റക്ക് എടുത്തു ചാടിയതാണോ എന്ന സംശയത്തിലാണ് പ്രതിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്. സൗമ്യ ചാടിയതാണെങ്കില്‍ അതിനു കാരണം ഗോവിന്ദചാമിയാണെന്ന് വസ്തുതകള്‍ തെളിയിച്ചിട്ടുണ്ട്. എന്നാലിവിടെ യാന്ത്രികമായി വ്യാഖ്യാനിച്ചു. ഇത് ജനാധിപത്യത്തിനു ഗുണകരമല്ലന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ അധികൃതര്‍ അവരുടെ ഇഷ്ടത്തിന് ശമ്പളം തീരുമാനിക്കുകയും കൂട്ടുകയും കുറക്കുകയും ചെയ്യുന്നു. പലയിടത്തും പിന്‍വാതിലിലൂടെ ശമ്പളം തിരിച്ചു വാങ്ങിക്കുകയും ചെയ്യുന്നു. എയിഡഡ് സ്‌കൂള്‍ ജീവനക്കാരെ സംരക്ഷിക്കുന്ന നിയമ നിര്‍മാണം ഉണ്ടാകണമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അലംഭാവം കാണിക്കരുതെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സജീവമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കൂടുതല്‍ പേര്‍ ജോലി ചെയുന്ന മേഖലായിട്ടും വ്യവസ്ഥാപിത രീതിയിലുളള ശമ്പള വ്യവസ്ഥ ഇല്ലെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഓര്‍മ്മശക്തിയില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ പ്രജീഷ് കണ്ണനെ അനുമോദിച്ചു. ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വേണു കക്കട്ടില്‍, സജിത, മുജീബ് റഹ്മാന്‍, സക്കീര്‍ ഹുസൈന്‍ പങ്കെടുത്തു