Connect with us

Palakkad

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങ്; പാലക്കാടന്‍ തനിമ നിലനിര്‍ത്തും: കമല്‍

Published

|

Last Updated

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങ് നിബന്ധനകള്‍ക്കുള്ളില്‍ നിന്ന് ആകര്‍ഷകമാക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംഘാടകസമിതി ചെയര്‍മാനുമായ കമല്‍.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ സംഘാടക സമിതിയുടെ നിര്‍വ്വാഹക സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്‌ടോബര്‍ 15ന് പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡ് വിതരണം നടത്തുക. പരിപാടിയുടെ നടത്തിപ്പിനായി ഒരു കോടി 30 ലക്ഷം രൂപയുടെ ബജറ്റ് യോഗം അംഗീകരിച്ചു. ഇതില്‍ 75 ലക്ഷമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ബാക്കി തുക പരസ്യദാതാക്കളെയും സ്ഥാപനങ്ങളുടേയും സ്വകാര്യ ചാനലുകളുടെയും സ്‌പോണ്‍സര്‍ഷിപ്പില്‍ ആശ്രയിച്ച് കണ്ടെത്തേണ്ടതുണ്ടെന്ന് അക്കാദമി ചെയര്‍മാന്‍ പറഞ്ഞു.
മുന്‍നിര സിനിമാ താരങ്ങളെ പരമാവധി ഉള്‍പ്പെടുത്തി ചടങ്ങ് വര്‍ണ്ണാഭമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നരമണിക്കൂര്‍ അവാര്‍ഡ് വിതരണം , രണ്ട് മണിക്കൂര്‍ നൃത്ത സംഗീത പരിപാടികള്‍, 45 മിനിറ്റ് വീതം സ്‌ക്കിറ്റ് അവതരണവും മൊത്തം നാലര , അഞ്ച് മണിക്കൂറായാണ് സമയ ക്രമീകരണം നടത്തിയിരിക്കുന്നത്. വൈകീട്ട് ആറിന് ആരംഭിച്ചാല്‍ രാത്രി 11ന്അവസാനിക്കും വിധം നാലര – അഞ്ച് മണിക്കൂര്‍ പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 47 ഓളം അവാര്‍ഡുകള്‍ പരിപാടിയില്‍ വിതരണം ചെയ്യും. 15000 ത്തോളം പേരെയാണ് കാണികളായി പ്രതീക്ഷിക്കുന്നത്.അത്യാവശ്യമുള്ളിടത്ത് ഡബിള്‍ ബാരിക്കേഡിംഗ് ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ച് സുരക്ഷാ സംവിധാനം ശക്തമാക്കുമെന്ന് പോലീസ് വകുപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രശസ്ത ഗായകരായ രമേഷ് നാരായണന്‍, നരേഷ് അയ്യര്‍, വിജയ് യേശുദാസ്, മഞ്ജരി , ബിജു നാരായണന്‍, സംഗീത സംവിധായകനും ഗായകനുമായ പി ജയചന്ദ്രന്‍, ബിജിപാല്‍, പ്രകാശ് ഉള്ള്യേരി തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേള, അഭിനേത്രികളായ അനുശ്രീ, ജ്യൂവല്‍ മേരി തുടങ്ങിയവരുടെ നൃത്ത പരിപാടി, കോട്ടയം നസീറിന്റെ സ്‌ക്കിറ്റ് അവതരണം തുടങ്ങിയ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടക്കും. പരിപാടിയോടനുബന്ധിച്ച് പാലക്കാടന്‍ തനിമ നിറഞ്ഞ് നില്‍ക്കുന്ന വിവിധ ചലച്ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ചലച്ചിത്രോത്സവം വേണമെന്ന നിര്‍വ്വാഹകസമിതി അംഗങ്ങളുടെ ആവശ്യം പരിഗണിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ അറിയിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് ആമുഖ പ്രസംഗം നടത്തി.
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി ആര്‍ അജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ കെ ശാന്തപ്പന്‍ ബജറ്റ് അവതരണം നടത്തി. ഷാഫി പറമ്പില്‍ എം എല്‍ എ . മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍, ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, ക്രൈം ബ്രാഞ്ച് എസ പി കെ വിജയന്‍ അസിസ്റ്റന്‍ഡ് സൂപ്രണ്ട് ഓഫ് പോലീസ് ജി.പൂങ്കുഴലി, ഡി വൈ എസ് പി വി എസ്. മുഹമ്മദ് കാസിം തുടങ്ങിയവരും മറ്റ് സബ് കമ്മിറ്റി നിര്‍വ്വാഹകസമിതി അംഗങ്ങളും പങ്കെടുത്തു.