Connect with us

Palakkad

ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ കൊയ്ത്ത് യന്ത്രവുമായി പഞ്ചായത്ത്‌

Published

|

Last Updated

വടക്കഞ്ചേരി: ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ കര്‍ഷകര്‍ക്ക് കൊയ്ത്ത് യന്ത്രത്തിന്റെ സൗകര്യമൊരുക്കി കണ്ണമ്പ്ര പഞ്ചായത്ത്. ഒന്നാം വിള കൊയ്ത്ത് ആരംഭിച്ച് സഹാചര്യത്തില്‍ കൊയ്ത്ത് യന്ത്രങ്ങള്‍ക്ക് ക്ഷാമം നേരിടുന്ന സമയത്താണ് പഞ്ചായത്തിന്റെ മാതൃകാപരമായ തീരുമാനം.
കണ്ണമ്പ്ര പഞ്ചായത്തില്‍ കൊയ്ത്ത്‌നടത്താന്‍ കര്‍ഷകര്‍ക്ക് ഇനിബുദ്ധിമുട്ടേണ്ടി വരില്ല. കൊയ്ത്ത് യന്ത്രം ആവശ്യമുള്ളവര്‍ കൊയ്യുന്നതിന് രണ്ട് ദിവസം മുമ്പ് കണ്ണമ്പ്ര പഞ്ചായത്തിനെയൊ, കൃഷിഭവനേയോ, പാടശേഖര സമിതികളെയോ അറിയിച്ചാല്‍ ഏകീകരിച്ച വാടകയില്‍ കൊയ്ത്ത് യന്ത്രം പോയികൊയ്‌തെടുക്കും. ഇടനിലക്കാര്‍ മുഖാന്തിരമാണ് സാധാരണ കൊയ്ത്ത് യന്ത്രങ്ങള്‍ ലഭ്യമായിരുന്നത്.
ഇതിനാണെങ്കില്‍ മണിക്കൂറിന് 2000 മുതല്‍ 2500 രൂപ വരെ ഈടാക്കാറുണ്ട്. എന്നാല്‍ കണ്ണമ്പ്ര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന കൊയ്ത്ത് യന്ത്രത്തിന് മണിക്കൂറിന് 1800 രൂപമാത്രം കൊടുത്താല്‍ മതിയാവും. കണ്ണമ്പ്ര പഞ്ചായത്തിലെ എല്ലാ പ്രദേശത്തും ഇതേ നിരക്കില്‍ തന്നെയാണ് കൊയ്ത്ത് യന്ത്രങ്ങള്‍ ലഭ്യമാകുക. കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഡി റെജിമോനും കൃഷി ഓഫീസര്‍ പി ഉണ്ണിരാജന്റെയും നേതൃത്വത്തില്‍ പഞ്ചായത്തിലെ 13 പാടശേഖര സമിതി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. കണ്ണമ്പ്ര പഞ്ചായത്തിലെ 13 പാടശേഖര സമിതികളിലായി 1152 കര്‍ഷകര്‍ക്കായി 420 ഹെക്ടര്‍ നെല്‍കൃഷിയാണുള്ളത്.
ജില്ലയില്‍ തന്നെ ആദ്യമായാണ് നെല്‍കര്‍ഷകര്‍ക്ക് ഗുണകരമായ ഇത്തരമൊരു തീരുമാനമുണ്ടാകുന്നത്. പഞ്ചായത്ത് നടത്തിയ പദ്ധതിയുടെ ഉദ്ഘാടനം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമുണ്ണി ഉദ്ഘാടനം ചെയ്തു.
കണ്ണമ്പ്രപഞ്ചായത്ത് പ്രസിഡന്റ് ഡി റെജിമോന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ രജനി രാമദാസ്, കൃഷി അസി. കെ സുനന്ദ പ്രസംഗിച്ചു.

Latest