സ്‌നേഹവീട് കുടുംബത്തിന് കൈമാറി

Posted on: September 18, 2016 11:08 am | Last updated: September 18, 2016 at 11:08 am
SHARE

കൊളത്തൂര്‍: സ്‌നേഹക്കും കുടുംബത്തിനും ഇനി സ്വസ്ഥമായി അന്തിയുറങ്ങാം ഒപ്പം മെഡലുകള്‍ സ്വന്തം വീട്ടില്‍ സൂക്ഷിക്കാം.
പത്താം തരത്തില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന് രാഷ്ട്രപതിയുടെ മെഡല്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പുലാമന്തോള്‍ ടി എന്‍ പുരം മില്ലുംപടിയിലെ കുന്നുമ്മല്‍പടി സ്‌നേഹക്കും കുടുംബത്തിനും ‘കെയര്‍ ഫോര്‍ സ്‌നേഹ’ എന്ന കൂട്ടായ്മ നിര്‍മിച്ച വീട് കുടുംബത്തിന് കൈമാറി.
പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഒറ്റമുറി വീട്ടില്‍ സ്‌നേഹയും കുടുംബവും താമസിച്ചിരുന്നത്. അംഗീകാരമായി ലഭിച്ച മെഡലുകള്‍ വെക്കാന്‍ സ്ഥലമില്ലാതെ അടുത്ത വീട്ടില്‍ സൂക്ഷിച്ച് വിളക്കിന്റെ വെളിച്ചത്തില്‍ പഠനംനടത്തി പത്താം തരത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഈ മിടുക്കിക്ക് വീടൊരുക്കാന്‍ ഡോ. പി രവീന്ദ്രന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച കൂട്ടായ്മക്ക് സാധിച്ചു. വിദേശത്തും സ്വദേശത്തുമുള്ള നിരവധി പേര്‍ ഇതില്‍ പങ്കാളികളായി. വീടിന്റെ തറക്കല്ലിടല്‍ കഴിഞ്ഞ് മൂന്ന് മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് ഈ കൂട്ടായ്മയുടെ വലിയ വിജയമാണ്.
വീടിന്റെ താക്കോല്‍ദാനം പ്രൊഫ. ഡോ. ആര്‍സു പുലാമന്തോള്‍ കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. കെയര്‍ ഫോര്‍ സ്‌നേഹ കൂട്ടായ്മയുടെ ചെയര്‍മാന്‍ ഡോ. പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ടി ടി അശ്‌റഫലി സ്വാഗതവും, ജിഷാം പുലാമന്തോള്‍ നന്ദിയും പറഞ്ഞു. ഷാനവാസ് കൊരട്ടിയില്‍, സേതു പാലൂര്‍ സംസാരിച്ചു.