ഹിലരിയുടെ അംഗരക്ഷകരില്‍ നിന്ന് തോക്ക് മാറ്റണം; പുതിയ വിവാദവുമായി ട്രംപ്‌

Posted on: September 18, 2016 6:48 am | Last updated: September 18, 2016 at 12:48 am
SHARE

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെതിരെ പുതിയ വിവാദവുമായി റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഹിലരിയുടെ സുരക്ഷാ സൈനികരെ നിരായുധരാക്കണമെന്നും അപ്പോള്‍ എന്തു സംഭവിക്കുമെന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു. ഹിലരിയുടെ സുരക്ഷാ സൈനികരെ നിരായുധരാക്കണമെന്നാണ് തന്റെ അഭിപ്രായം. എത്രയും പെട്ടെന്ന് അവരെ നിരായുധരാക്കണം. അപ്പോള്‍ എന്തു സംഭിവക്കുമെന്ന് കാണാമെന്നും മിയാമിയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ അദ്ദേഹം പറഞ്ഞു.
അംഗരക്ഷകരുടെ തോക്കുകള്‍ എടുത്തുമാറ്റണം. ഇത് വളരെ അപകടകാരിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ആദ്യമായല്ല ഹിലരിക്കെതിരെ വിമര്‍ശവുമായി ട്രംപ് രംഗത്തെത്തുന്നത്. നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനിടയിലും സമാനമായ പ്രസ്താവന ട്രംപ് നടത്തിയിരുന്നു.
തോക്ക് ലൈസന്‍സ് സംബന്ധിച്ചുള്ള പാര്‍ട്ടിയുടെ നയങ്ങളില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നതിന് ശേഷമാണ് ട്രംപിന്റെ അഭിപ്രായ പ്രകടനമെന്നത് ശ്രദ്ധേയമാണ്. തോക്ക് കൈവശം വെക്കാനുള്ള അമേരിക്കക്കാരുടെ അവകാശത്തെ ക്ലിന്റണ്‍ ഭരണ ഘടനാ ഭേദഗതി വഴി തടയിടാനാണ് ശ്രമിക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. തോക്കു ഉപയോഗത്തിന് കടുത്ത നിയന്ത്രണം വരുത്തണമെന്നാണ് ഹിലരിയുടെ പാര്‍ട്ടിയുടെ നയം. ട്രംപിന്റെത് നേര്‍ വിപരീതവും. പുതിയ വിവാദം സൃഷ്ടിക്കുന്നതിലൂടെ വിഷയം അന്തരീക്ഷത്തില്‍ നിലനിര്‍ത്തുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്. അതേസമയം ട്രംപിന്റെ പ്രസ്താവനക്കെതിരെ ഡെമോക്രാറ്റുകള്‍ രംഗത്തെത്തി. ഭൂമാഫിയ ഭീകരനായ ട്രംപ് അമേരിക്കാരെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here