ഹജ്ജ്: ആദ്യസംഘം തിരിച്ചെത്തി

Posted on: September 18, 2016 8:19 am | Last updated: September 18, 2016 at 12:20 am

hajj 2016നെടുമ്പാശ്ശേരി: ഹജ്ജ് കഴിഞ്ഞ് മലയാളികളുടെ ആദ്യ സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മടങ്ങിയെത്തി. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി യാത്രയായവരാണ് ആദ്യ സംഘത്തില്‍ നാട്ടില്‍ തിരിച്ചെത്തിയത്. കേരളത്തിലെ തിരുവനന്തപുരം, കരിപ്പൂര്‍, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് 5000 മലയാളികള്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ സ്വകാര്യ ഏജന്‍സി വഴി പുറപ്പെട്ടിട്ടുണ്ട് . ഇതില്‍ ആദ്യ സംഘമാണ് ജിദ്ദയില്‍ നിന്നും അബുദബി വഴി ഇത്തിഹാദ് വിമാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.
സ്വകാര്യ ഏജന്‍സി വഴി കേരളത്തില്‍ നിന്ന് പോയവരില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്തത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് അബുദബി ഐ സി സി ഹജ്ജ് ഗ്രൂപ്പ് വഴി ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന് യാത്ര ചെയ്തവരാണ് തിരിച്ച് കേരളത്തില്‍ എത്തിയത്. കോഴിക്കോട്, കണ്ണുര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരാണ് മടങ്ങിയെത്തിയവരില്‍ കൂടുതല്‍ ഹാജിമാരും. മറ്റ് ജില്ലകളില്‍ നിന്നുള്ള വരും സംഘത്തിലുണ്ട ്.50 ഹാജിമാരാണ് ഇന്നലെ മടങ്ങിയെത്തിയ സംഘത്തില്‍ ഉണ്ടായിരുന്നത്. ആഗസ്റ്റ് 20 ന് നെടുമ്പാശ്ശേരിയില്‍ നിന്നുമാണ് ഇവര്‍ പുറപ്പെട്ടത്. ഹജ്ജ് കര്‍മം നിര്‍വ്വഹിക്കുന്നതില്‍ യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നില്ലെന്നും, സുഗമമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും തലശ്ശേരി ചൊക്ലി സ്വദേശിയായ ഖാദര്‍ പറഞ്ഞു. ഭാര്യ ആരിഫയോടൊപ്പമായിരുന്നു ഇദ്ദേഹത്തിന്റെ യാത്ര. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഹാജിമാര്‍ പ്രത്യേകം ഏര്‍പ്പെടുത്തിയിരുന്ന ബസിലാണ് ബന്ധുക്കള്‍ക്കൊപ്പം നാട്ടിലേക്ക് തിരിച്ചത്.