Connect with us

National

കാവേരി: പ്രശ്‌നത്തില്‍ ഇടപെടാന്‍ കേന്ദ്രത്തിന് നിയമ തടസ്സം

Published

|

Last Updated

ബെംഗളൂരു: കാവേരി നദീജല പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഇടപെടാന്‍ നിയമപരമായ തടസ്സം. സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിയെ കാണാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് നിയമ വിദഗ്ധരുടെ ഇത് സംബന്ധിച്ച വിശദീകരണം. പ്രധാനമന്ത്രിയുമായി ഇന്നലെ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്താനായിരുന്നു സിദ്ധരാമയ്യ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് മോദി ഗുജറാത്തിലായിരുന്നതിനാല്‍ സാധിച്ചില്ല. പ്രശ്‌നം പരിഹരിക്കാന്‍ കര്‍ണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആവശ്യം. ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതിനോട് അനുകൂലമായി പ്രതികരിക്കാന്‍ ഇതുവരെയും പ്രധാനമന്ത്രി തയ്യാറായിട്ടില്ല. നിയമപരമായി മാത്രമേ കാവേരി തര്‍ക്കം പരിഹരിക്കാനാകൂവെന്ന നിലപാടിലാണ് പ്രധാനമന്ത്രി.
കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന ഉത്തരവില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയുടെ തുടര്‍വാദം സുപ്രീം കോടതി ഈ മാസം ഇരുപതിന് കേള്‍ക്കും. തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന നിര്‍ദേശം നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്ന കര്‍ണാടകത്തിന്റെ ആവശ്യം കഴിഞ്ഞ പന്ത്രണ്ടിന് തള്ളിയ സുപ്രീം കോടതി, കര്‍ണാടക പ്രതിദിനം നല്‍കേണ്ട വെള്ളത്തിന്റെ അളവ് 15,000 ഘനയടിയില്‍ നിന്ന് 12,000 ആയി കുറക്കുക മാത്രമാണ് ചെയ്തത്. ഇതേത്തുടര്‍ന്ന് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ വലിയതോതിലുള്ള പ്രക്ഷോഭ സമരങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്.
വെള്ളം നല്‍കാനുള്ള ഉത്തരവിനെതിരെ സംസ്ഥാനത്ത് വ്യാപകമായ കര്‍ഷക പ്രക്ഷോഭമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക അടിയന്തരമായി സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചത്. ജലക്ഷാമവും അണക്കെട്ടുകളിലെ വെള്ളക്കുറവും ചൂണ്ടിക്കാട്ടി വെള്ളം വിട്ടുകൊടുക്കണമെന്ന ഉത്തരവില്‍ മാറ്റം വരുത്തണമെന്ന ആവശ്യമായിരിക്കും കര്‍ണാടക വീണ്ടും ഉന്നയിക്കുക.
ഇരുപതിന് കേസ് പരിഗണിക്കുന്നതിനാല്‍ 19ന് കേരളത്തില്‍ നിന്ന് ബെംഗളൂരൂവിലേക്ക് കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് ഉണ്ടാകില്ല. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തും. വിധി വന്ന ശേഷം കര്‍ണാടകയിലെ സാഹചര്യങ്ങള്‍ നോക്കിയാകും സര്‍വീസ് പുനരാരംഭിക്കുകയെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു.
അതിനിടെ, കാവേരി പ്രശ്‌നത്തില്‍ കര്‍ണാടകത്തിന്റെ അഭിഭാഷക സ്ഥാനത്ത് നിന്ന് ഫാലി എസ് നരിമാനെ മാറ്റണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുകയാണ്. സംസ്ഥാനത്തെ അറിയിക്കാതെയാണ് തമിഴ്‌നാടിന് പതിനായിരം ഘനയടി വെള്ളം നല്‍കാമെന്ന് ഫാലി നരിമാന്‍ സുപ്രീം കോടതിയെ അറിയിച്ചതെന്ന വിമര്‍ശവുമുണ്ട്.

Latest