മാണിക്കെതിരായ കേസുകളില്‍ സ്്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

Posted on: September 18, 2016 6:10 am | Last updated: September 18, 2016 at 12:14 am
കെഎം മാണി
കെഎം മാണി

തിരുവനന്തപുരം: മുന്‍ മന്ത്രിമാരായ കെ എം മാണിക്കും കെ ബാബുവിനുമെതിരായ വിജിലന്‍സ് കേസുകളില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കും. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാറിന് ശിപാര്‍ശ നല്‍കി. മാണിക്ക് വേണ്ടി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ ഹാജരായ സാഹചര്യത്തില്‍ കൂടിയാണ് നടപടിയെന്നാണ് സൂചന. മാണിക്കെതിരെ നിലവില്‍ മൂന്ന് വിജിലന്‍സ് കേസുകളും ഒരു പ്രാഥമികാന്വേഷണവുമാണ് നടക്കുന്നത്.
ബാബുവിനെതിരെ ബാര്‍ കോഴയിലും അനധികൃത സ്വത്ത് സമ്പാദനത്തിലും വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ബാര്‍ക്കോഴ കേസിലെ രണ്ടാം തുടരന്വേഷണത്തിന് പുറമെ കോഴി നികുതി, ആയുര്‍വേദ ഉത്പന്നങ്ങളുടെ നികുതി എന്നിവയില്‍ ഇളവ് നല്‍കിയതിലും ബാറ്ററി നിര്‍മാണ ശാലക്ക് നികുതിയിളവ് നല്‍കിയതിലും വിജിലന്‍സ് അടുത്തിടെ മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സമൂഹ വിവാഹം നടത്തിയതില്‍ അഴിമതിപ്പണം ഉപയോഗിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരം മാണിക്കെതിരെ പ്രാഥമികാന്വേഷണവും നടക്കുന്നുണ്ട്.
കോഴി നികുതി കേസിലും ബാറ്ററി നികുതി കേസിലുമായി ഇരുനൂറ് കോടിയിലധികം രൂപ സര്‍ക്കാറിന് നഷ്ടമുണ്ടായെന്നാണ് എഫ് ഐ ആറുകളില്‍ പറഞ്ഞിരുന്നത്. സുപ്രധാന അഴിമതി കേസുകള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാകുകയും പിന്നീട് പിന്മാറുകയും ചെയ്ത മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ മാണിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായിരുന്നു. കോഴി നികുതി കേസില്‍ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ഹരജിയിലായിരുന്നു ദാമോദരന്‍ ഹാജരായത്. ഈ സാഹചര്യത്തില്‍ കൂടിയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള വിജിലന്‍സ് തീരുമാനമെന്നാണ് സൂചന. കേസ് തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.