ആരവം തീര്‍ത്ത് പുലിക്കൂട്ടം

Posted on: September 18, 2016 12:08 am | Last updated: September 18, 2016 at 12:08 am
SHARE
ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂരില്‍ നടന്ന പുലിക്കളി     ചിത്രം:  ബാബു ജോര്‍ജ്
ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂരില്‍ നടന്ന പുലിക്കളി ചിത്രം: ബാബു ജോര്‍ജ്

തൃശൂര്‍: തൃശൂരിന്റെ മണ്ണിലും വിണ്ണിലും ആവേശപ്പൂത്തിരി കത്തിച്ച് നാലാമോണനാളില്‍ പുലിക്കൂട്ടമിറങ്ങി. അരമണി കിലുക്കി താളച്ചുവടുകളോടെ കുടവയറുമായി 500 പുലികളാണ് പത്ത് ദേശങ്ങളില്‍ നിന്നായി മടകളിറങ്ങി നഗരം കൈയ്യടക്കിയത്. ചരിത്രത്തിലാദ്യമായി മൂന്ന് വനിതകളും പുലിവേശംകെട്ടി. ഇതോടെ ജനസാഗരത്തെ സാക്ഷിയാക്കി തൃശൂരിന്റെ ഓണാഘോഷത്തിന് തിരശ്ശീല വീണു.
വിയ്യൂര്‍ ദേശം, നായ്ക്കനാല്‍ പുലിക്കളി സംഘം, തൃക്കുമാരകുടം ശ്രീഭദ്ര പുലക്കളി സംഘം, കുട്ടന്‍കുളങ്ങര പുലിക്കളി സംഘം, മൈലിപ്പാടം ദേശം, വടക്കേ അങ്ങാടി ദേശം, വാരിയം ലെയിന്‍, സാന്റോസ് കൊക്കാലെ ദേശം, വിവേകാനന്ദ സേവാ സമിതി എന്നിവക്ക് പുറമെ പുതിയതായി രംഗത്ത് വന്ന അയ്യന്തോള്‍ ദേശവുമടങ്ങിയ പത്ത് സംഘങ്ങളാണ് കാണികള്‍ക്ക് ആവേശം പകര്‍ന്ന് നിറഞ്ഞാടിയത്. ഓരോ ദേശവും നിര്‍മിച്ച നിശ്ചല ദൃശ്യങ്ങളും പുലിക്കളിക്ക് മാറ്റ് കൂട്ടി.
വടക്കുംനാഥ ക്ഷേത്രത്തിന്റെ പ്രദക്ഷിണ വഴിയിലൂടെ വൈകീട്ട് നാലിനാണ് പുലിക്കൂട്ടം സ്വരാജ് റൗണ്ടിലെ ജന സഞ്ചയത്തിലേക്ക് പുറപ്പെട്ടത്. വിദേശികളടക്കം പതിനായിരങ്ങള്‍ രാവിലെ മുതല്‍ പുലിക്കളി മഹോത്സവം വീക്ഷിക്കുന്നതിന് നഗരത്തില്‍ തമ്പടിച്ചിരുന്നു. ഇവരെ നിയന്ത്രിക്കുന്നതിന് 500 പോലീസുകാരെയാണ് ജില്ലാ ഭരണകൂടം വിവിധ കേന്ദ്രങ്ങളിലായി വിന്യസിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here